2019-election

ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു (കെ.സി.ആർ) മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതിന് പിന്നിൽ വൻ രാഷ്ട്രീയ മാനം കൽപ്പിച്ച് ദേശീയ മാദ്ധ്യമങ്ങൾ. ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും തെക്കേ ഇന്ത്യയിൽ നിന്നൊരു പ്രധാനമന്ത്രി എന്ന ലക്ഷ്യവും കോൺഗ്രസ് - ബി.ജെ.പി ഇതര ഫെഡറൽ മുന്നണി രൂപീകരിക്കണമെന്ന ലക്ഷ്യവുമാണ് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നിലെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 100 മുതൽ 140 സീറ്റ് വരെ പ്രാദേശിക പാർട്ടികൾക്ക് ലഭിക്കുമെന്നും സർക്കാർ രൂപീകരണത്തിൽ ഇത് നിർണായകമാകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കൂടിക്കാഴ്‌ചയെന്നതും ശ്രദ്ധേയമാണ്. അതേസമയം, ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ പ്രതികരണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. സഖ്യം സംബന്ധിച്ച കാര്യങ്ങളിലൊന്നും ചർച്ച നടന്നില്ലെന്നും ബാക്കി കാര്യങ്ങൾ വോട്ടെണ്ണൽ കഴിഞ്ഞതിന് ശേഷം പ്രതികരിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരില്ലെന്ന് വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല.

തെക്കേ ഇന്ത്യയിൽ നിന്നും ഒരു പ്രധാനമന്ത്രി എന്ന ലക്ഷ്യവുമായാണ് കെ.സി.ആർ പിണറായിയെ കണ്ടതെന്നാണ് വിവരം. ബി.ജെ.പി എതിരാളിയല്ലാത്ത വയനാട്ടിൽ സി.പി.എമ്മിനെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെ സംബന്ധിച്ച് ഇരുവരും ചർച്ച നടത്തി. ഇതിലൂടെ ബി.ജെ.പിയല്ല തങ്ങളുടെ മുഖ്യ എതിരാളിയെന്നും മറിച്ച് പ്രാദേശിക പാർട്ടികളെ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കോൺഗ്രസ് തെളിയിച്ചെന്നാണ് കൂടിക്കാഴ്‌ചയിലെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കോൺഗ്രസിനോടൊപ്പം ഇപ്പോഴുള്ള സഖ്യകക്ഷികളെയും ഉൾപ്പെടുത്തി കോൺഗ്രസ് - ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കുന്നതിനുള്ള സാധ്യതയും ഇരുവരും ചർച്ച ചെയ്‌തു. എന്നാൽ മേയ് 23ന് ഫലപ്രഖ്യാപനം ഉണ്ടായതിന് ശേഷമേ സഖ്യം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നാണ് പിണറായി വിജയൻ കെ.സി.ആറിനോട് വ്യക്തമാക്കിയത്.

കോൺഗ്രസ്, ബി.ജെ.പി പാർട്ടികളെ പുറത്തുനിർത്തിക്കൊണ്ടുള്ള ഫെഡറൽ മുന്നണി അല്ലെങ്കിൽ 1996 ഫോർമുലയുടെ ഭാഗമായി പ്രാദേശിക പാർട്ടി നേതാക്കളുമായി നേരത്തെയും കെ.സി.ആർ ചർച്ച നടത്തിയിരുന്നു. മൂന്നാം മുന്നണി സംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായാണ് അദ്ദേഹം ആദ്യ ചർച്ച നടത്തിയത്. പിന്നാലെ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെയും കണ്ടു. എന്നാൽ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ മാരത്തൺ ചർച്ചകൾ നടത്തി മൂന്നാം മുന്നണി സാധ്യത നിലനിറുത്താനാണ് കെ.സി.ആറിന്റെ ശ്രമം. മുൻപ്രധാനമന്ത്രി എച്.ഡി.ദേവഗൗഡയെ കഴിഞ്ഞ ദിവസം കെ.സി.ആർ ഫോണിൽ വിളിച്ച് ചർച്ച നടത്തിയിരുന്നു. ഡി.എം.കെ നേതാവ് സ്‌റ്റാലിനെ അടുത്ത ദിവസങ്ങളിൽ തന്നെ കെ.സി.ആർ കാണും. തുടർന്ന് വടക്കേ ഇന്ത്യയിലേക്ക് പോയി അഖിലേഷ് യാദവ്, മായാവതി, നവീൻ പട്നായിക് എന്നിവരുമായും ചർച്ച നടത്തും.

അതേസമയം, ചന്ദ്രശേഖർ റാവു ബി.ജെ.പിയുടെ ബി ടീമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് കെ.സി.ആർ സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.