തിരുവനന്തപുരം: തീവ്രവാദികളെ ഒറ്റപ്പെടുത്താൻ ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. "തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കും. സമൂഹത്തിന് അങ്ങേയറ്റം ആപത്കരമായിട്ടുള്ളതാണ് തീവ്രവാദം. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അതിശക്തമായ നടപടിയെടുത്തുപോകുമെന്നാണ് സർക്കാരിന്റെ നിലപാടെ"ന്നും മന്ത്രി വ്യക്തമാക്കി.
ശ്രീലങ്കയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ പിടിയിലായ രണ്ട് പേർക്ക് മലയാളി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശ്രീലങ്കൻ സ്ഫോടനത്തിന്റെ സൂത്രധാരൻ സഹ്രാൻ ഹാഷിമിന്റെ ബന്ധു മൗലാനാ റിള, സുഹൃത്ത് ഷഹ്‌നാഹ് നാവിജ് എന്നിവരാണ് കഴിഞ്ഞ ദിവസം സൗദിയിൽ പിടിയിലായത്. ഇവർക്ക് കാസർകോട്ടെ ഐസിസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് വലിയ പങ്കുണ്ടെന്നാണ് വിവരം.
അതേസമയം, കേരളത്തിൽ ഏത് വിധേനയും ആക്രമണം നടത്താൻ നിരവധി ചാവേറുകൾ തയ്യാറാണെന്നും ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. കാസർകോട് നിന്ന് സിറിയയിലേക്ക് കടന്ന മലയാളികളുടെ നേതൃത്വത്തിൽ കൂടുതൽ മലയാളികളെ ഐസിസിൽ ചേർക്കാൻ ശ്രമങ്ങൾ നടക്കുന്നതായും എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ തൃശൂർ പൂരം അടക്കമുള്ള പരിപാടികളും കൊച്ചി നഗരവുമാണ് ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതും റിപ്പോർട്ടിലുണ്ട്.