thirunakkara-sivan

കോട്ടയം: തൃശൂർ പൂരത്തിന് തിരുനക്കര ശിവനെ എഴുന്നള്ളിക്കണമെന്ന തിരുവമ്പാടി ദേവസ്വത്തിന്റെ ആവശ്യം നിരസിച്ച ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി തിരുനക്കര ശിവൻ ആനപ്രേമി സംഘം നാളെ രാവിലെ 11ന് കോട്ടയം ദേവസ്വം കമ്മിഷണർ ഓഫീസ് ഉപരോധിക്കും. തൃശൂർ പൂരത്തിന് പല ആന ഉടമസ്ഥരും സൗജന്യമായി ആനകളെ എഴുന്നള്ളത്തിന് നൽകുമ്പോൾ തിരുവമ്പാടി ദേവസ്വം തിരുനക്കര ശിവന് ഉയർന്ന തുക നൽകിയാണ് ബുക്ക് ചെയ്തത്. പൂരത്തിന്റെ തലേ ദിവസം തിരുവമ്പാടി ചന്ദ്രശേഖരനൊപ്പം തിരുനക്കര ശിവന് തൃശൂരിൽ സ്വീകരണവും ഒരുക്കിയിരുന്നു.

കൂട്ടുമ്മേൽ ക്ഷേത്ര ഉത്സവം നടക്കുന്നതിനാൽ ശിവനെ വിട്ടുകൊടുക്കാനാവില്ലെന്ന് പറഞ്ഞ് വൈക്കം ഡെപ്യൂട്ടി കമ്മിഷണർ തിരുവമ്പാടിക്കാരുടെ ആവശ്യം നിരസിച്ചു. ദേവസ്വംബോർഡ് വക നാല് ആനകൾ എഴുന്നള്ളിപ്പില്ലാതെ വെറുതെ നിൽക്കുമ്പോഴാണ് ഡെപ്യൂട്ടി കമ്മിഷണറുടെ പിടിവാശി. കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ആനയും പൂരത്തിനുണ്ട്. തലയെടുപ്പിലും സൗന്ദര്യത്തിലും മുന്നിൽ നിൽക്കുന്ന തിരുനക്കര ശിവനെ എഴുന്നള്ളിച്ചാൽ തങ്ങളുടെ ആനയ്ക്ക് ദോഷമാകുമെന്ന് കണ്ട് നടത്തുന്ന കളിയുടെ ഭാഗമാണ് ഇതെന്നാണ് ആരോപണം. ശിവനെ സ്ഥിരം മദപ്പാട് പറഞ്ഞ് എഴുന്നള്ളിക്കുന്നതിൽ നിന്ന് വിലക്കുന്ന ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആനപ്രേമികളുടെ ആരോപണം.

കഴിഞ്ഞ തിരുനക്കര ഉത്സവത്തിനും മദപ്പാടിന്റെ പേരിൽ ശിവനെ എഴുന്നള്ളിച്ചില്ല. എന്നാൽ ആറാട്ടിന്റെ പിറ്റേന്ന് മദപ്പാട് കഴിഞ്ഞുവെന്ന് പറഞ്ഞ് ശിവന് സ്വീകരണം നൽകാൻ ശ്രമമുണ്ടായി. തിരുനക്കര ആറാട്ടിന് ശിവനെ എഴുന്നള്ളിക്കാതിരിക്കാനുള്ള ചിലരുടെ കളിയുടെ ഭാഗമായിരുന്നു ഇത്. ആറാട്ടിന് നാലു ദിവസം മുമ്പ് രക്തത്തിന്റെ സാമ്പിളെടുത്തെങ്കിലും മദപ്പാടില്ലെന്ന റിസൾട്ട് പുറത്തു വിടാതിരിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. തൃശൂർ പൂരത്തിന് ഒരുതവണ ശിവനെ എഴുന്നള്ളിച്ചിരുന്നു. അന്ന് തലപ്പൊക്ക മികവും സൗന്ദര്യവും കണക്കിലെടുത്ത് ഗജരാജപട്ടം ലഭിച്ചതോടെ ശിവന് പേരായി. അതോടെയാണ് ശിവനെ എങ്ങനെയും എഴുന്നള്ളിക്കാതിരിക്കാൻ ഉത്സവ സീസണിൽ സ്ഥിരം മദപ്പാട് ആരോപണം ഉയർത്തിയത്.

ഏതാനും വർഷം മുമ്പ് മദപ്പാട് ആരോപണം ഉയർന്നപ്പോൾ തിരുനക്കരപൂരത്തിന് എഴുന്നള്ളിക്കണമെന്ന ആവശ്യം ശക്തമായി. കളക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും എതിർത്തിട്ടും ആനപ്രേമികൾ സംഘടിച്ചതോടെ അന്നത്തെ വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഉറപ്പിൽ ശിവനെ പൂരത്തിന് ഇറക്കി. ഒരു പ്രശ്നവും ഉണ്ടാക്കാതെ പൂരാവസാനം വരെ ശിവൻ തലഉയർത്തി നിന്നു.