ന്യൂഡൽഹി: തൃശൂർപൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാൻ സുപ്രീംകോടതി അനുമതി നൽകി. നേരത്തേ ഡെപ്യൂട്ടി എക്‌സ്‌പ്‌ളോസീവ് കൺട്രോളർ മാലപ്പടക്കത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. മാലപ്പടക്കം പൊട്ടിക്കണോ വേണ്ടയോ എന്ന കാര്യം അതുമായി ബന്ധപ്പെട്ട ഏജൻസി തീരുമാനിക്കട്ടെ എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. ഏതൊക്കെ പടക്കം പൊട്ടിക്കണമെന്നും, വേണ്ടെന്നും സുപ്രീംകോടതിക്ക് അനുമതി നൽകാനാകില്ലെന്നും അന്ന് ജസ്റ്റിസ് ബോബ്‍ഡെ നിരീക്ഷിച്ചു.
തൃശൂർ പൂരം വെടിക്കെട്ട് കഴിഞ്ഞ വർഷം എങ്ങനെയാണോ നടന്നത് അതുപോലെ തന്നെ നടത്താന്‍ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. അതേസമയം, മാലപ്പടക്കം ഒന്നിച്ചു പൊട്ടിക്കുന്നത് സുപ്രീംകോടതിയുടെ തന്നെ പഴയൊരു വിധിയുടെ ലംഘനമാകുമെന്ന് കേന്ദ്ര ഏജൻസി പെസോയുടെ ഉദ്യോഗസ്ഥർ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ദേവസ്വം ഭാരവാഹികൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
വെടിക്കെട്ടപകടങ്ങളെ തുടർന്ന് പടക്കങ്ങളുടെ നിർമാണവും വിൽപനയും ഉപയോഗവും നിയന്ത്രിച്ച് 2018 ഒക്ടോബറിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. കുറഞ്ഞ മലിനീകരണമുണ്ടാക്കുന്നതും പരിസ്ഥിതിക്കു ദോഷമാകാത്തതുമായ പടക്കങ്ങൾ മാത്രമേ നിർമിക്കാനും വിൽക്കാനും പൊട്ടിക്കാനും അനുവദിക്കുവെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവിൽ വ്യക്തത തേടി ദേവസ്വങ്ങൾ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. ഡിസ്‍പ്ലേ ലൈസൻസ് ഉള്ള തൃശൂർ പൂരത്തിന് ദീപാവലിക്ക് ഏർപ്പെടുത്തിയ നിരോധനം ബാധകമാക്കാനാകില്ലെന്ന് കോടതിയിൽ ഇരുദേവസ്വങ്ങളും വാദിച്ചു. ഇത് കണക്കിലെടുത്താണ് മാലപ്പടക്കത്തിന് സുപ്രീംകോടതി അനുമതി നൽകിയത്.