a-r-rahman

ബോളിവുഡ് താരം അക്ഷയ്‌ കുമാറിന്റെ കനേഡിയൻ പൗരത്വത്തെ സംബന്ധിച്ച വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. അതിനൊപ്പം തന്നെ സംഗീത സംവിധായകൻ എ.ആർ റഹ്മാന്റെ കനേഡിയൻ പൗരത്വത്തെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി ട്രോളുകളാണ് അക്ഷയ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് എ.ആർ റഹ്മാൻ കാനഡയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന് പൗരത്വം നൽകാൻ തയ്യാറാണെന്ന് അവിടത്തെ മേയർ അറിയിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ക്ഷണത്തെ റഹ്മാൻ സ്നേഹത്തോടെ നിരസിക്കുകയാണ് ചെയ്തത്.

‘നിങ്ങൾ നൽകുന്ന സ്നേഹത്തിനും, കരുതലിനും നന്ദി. പക്ഷേ, ഈ ക്ഷണം തൽകാലം സ്വീകരിക്കാൻ എനിക്ക് നിർവാഹമില്ല. ഇന്ത്യയിലെ തമിഴ്നാട്ടിൽ സ്ഥിര താമസമാക്കിയ ഒരാളാണ് ഞാൻ. കുടുംബവും സുഹൃത്തുക്കളും എല്ലാം അവിടെയാണ്. അവിടെ ജീവിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. നിങ്ങൾ ഇന്ത്യ സന്ദർശിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ മ്യൂസിക് കൺസർവേറ്ററിയിൽ വരണം. കലാരംഗത്ത് ഇന്ത്യയും കാനഡയും തമ്മിലുള്ള പങ്കാളിത്തം ഉറപ്പു വരുത്താൻ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം.’ - എ.ആർ റഹ്മാൻ പറഞ്ഞു.

a-r-rahman

കനേഡിയൻ സർക്കാർ എ.ആർ റഹ്മാനോടുള്ള ആദരസൂചകമായി തെരുവിന് അദ്ദേഹത്തിന്റെ പേരു നൽകിയിരുന്നു. തെരുവിൽ 'അല്ലാ രഖാ റഹ്മാൻ' എന്ന നെയിം ബോർഡും പിടിച്ചു നിൽക്കുന്ന ചിത്രം അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.