സൂര്യക്രിയയുടെ പ്രയോജനം ശാരീരികവും മാനസികവുമായ സ്വാസ്ഥ്യം മാത്രമല്ല. ആത്മീയതലത്തിലേക്ക് ഉയരുന്നതിനുള്ള ശക്തമായ സാദ്ധ്യത കൂടിയാണ്. ഇക്കാലത്ത് മനുഷ്യബുദ്ധി ഉപയോഗിക്കപ്പെടുന്നത് വികലമായ രീതിയിലാണ്. അത് നിരന്തരം ഓർമ്മകളുടെ ശേഖരത്തിലേക്ക് വീഴുന്നു. നിങ്ങൾ കുന്നുകൂട്ടിയിട്ടുള്ള ഓർമ്മകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ബുദ്ധി പ്രവർത്തിക്കുന്നതെങ്കിൽ, നിങ്ങൾ കേവലമൊരു 'റീസൈക്ലിയിംഗ് ബിൻ ' മാത്രമാണ്.
ആത്മാന്വേഷണത്തിന്റെ പാതയിലെ മുഖ്യസംഗതി, ഓർമ്മകളുടെ ശേഖരത്തിൽ കൈകടത്താതിരിക്കണം എന്നതാണ്. ഓർമ്മകളുടെ ശേഖരത്തിൽ കൈകടത്തുന്ന നിമിഷം നിങ്ങളുടെ ജീവിതം ചാക്രികഗതി പ്രാപിക്കുന്നു. അപ്പോൾ വൃത്തത്തിലെന്നതു പോലെ നിങ്ങൾ സഞ്ചരിച്ചു കൊണ്ടിരിക്കും. ഒരിടത്തുമെത്തില്ലെന്നാണ് ഇതിനർത്ഥം. ഇതിനെ ഭേദിക്കേണ്ടതുണ്ട്. അതിന് സഞ്ചിതമായ ഓർമ്മകളിൽ നിന്നും ബുദ്ധി സ്വതന്ത്രമാകണം. അല്ലാത്തപക്ഷം, ചക്രങ്ങൾ തകരുന്നതിനു പകരം, അവ സൃഷ്ടിക്കപ്പെടുകയാകും ചെയ്യുക. ഓർമ്മകളിലേക്കുള്ള കൈകടത്തലിന് അനുസൃതമായി ചക്രങ്ങൾ കുറുകി വരികയും സാവധാനത്തിൽ നിങ്ങൾക്ക് ചിത്തഭ്രമം പിടിപെടുകയും ചെയ്യുന്നു.
നമ്മൾ ശാരീരിക പരിശീലനത്തിന്റെതായ പ്രത്യേക തലം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഉപരിതല സ്പർശിയായ പ്രസ്തുത തലത്തോടൊപ്പം ആത്മീയസാധനയുടേതായ സവിശേഷതലം കൂടി ചേരുന്നതാണ് സൂര്യക്രിയ . ഈ പരിശീലനം, ജ്യാമിതീയമായി, നൂറു ശതമാനം തികവോടെ പൂർത്തീകരിക്കുമ്പോൾ, പ്രത്യേക വിധത്തിൽ നമ്മൾ സൂര്യക്രിയയിലേക്ക് ദീക്ഷ കൊടുക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിക്കുന്നതിനുള്ള വളരെ ശക്തിമത്തായ സാധനാരീതിയായിരിക്കും ഇത്. ഒപ്പം, ആത്മീയമായി ഉയരുന്നതിനുള്ള വലിയ സാദ്ധ്യതയും തുറന്നു തരും .
സൂര്യക്രിയ സൂര്യനമസ്കാരത്തിൽ നിന്നും വ്യത്യസ്തമാണ്. നിങ്ങളെ സൂര്യനുമായി പൊരുത്തപ്പെടുത്തുന്ന സാധനാക്രമമാണിത് . ശരീരത്തിന്റെ ജ്യാമിതി സംബന്ധിച്ച് അത്യധികം ശ്രദ്ധ പരിശീലനത്തിനാവശ്യമാണ്. സൂര്യശക്തിയെന്ന മറ്റൊരു സാധനാക്രമം കൂടിയുണ്ട്. ശരീരപേശികളെ ബലപ്പെടുത്തുന്നതിനുള്ള ശാരീരിക വ്യയാമമാണു നിങ്ങൾക്കു വേണ്ടതെങ്കിൽ സൂര്യശക്തി പരിശീലിക്കുക. ഇതോടൊപ്പം ആത്മീയതയുടെ തലമുണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൂര്യനമസ്കാരം പരിശീലിക്കുക. ശാരീരിക പരിശീലനസമ്പ്രദായത്തിൽ ശക്തമായ ആത്മീയ സാധനാ ക്രമം കൂടി ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്ന പക്ഷം, സൂര്യക്രിയ പരിശീലിക്കുകയാണു വേണ്ടത്.
ഭൂമിയിലുള്ള സർവതും, മനുഷ്യനുൾപ്പെടെയുള്ള സകല ജീവജാലങ്ങളും, ശക്തി സംഭരിക്കുന്നത് സൗരോർജ്ജത്തിൽ നിന്നാണ്. സൗരചക്രത്തിന്റെ പരിക്രമണം പന്ത്രണ്ടു മുതൽ പന്ത്രണ്ടര വരെ വർഷത്തെ കാലയളവിൽ ചാക്രികമായി സംഭവിക്കുന്നു. ഈ ചക്രങ്ങളെ കൈകാര്യം ചെയ്യാൻ പ്രാപ്തനായിരിക്കുകയെന്നത് നമ്മുടെ സ്വാസ്ഥ്യവുമായി ബന്ധപ്പെട്ട അനിവാര്യതയാണ്. അപ്രകാരം സാധിക്കാതെ വന്നാൽ പ്രസ്തുത പരിക്രമണങ്ങൾ നമ്മെ തച്ചുടയ്ക്കും.
സൂര്യനും ഭൂമിക്കും ചന്ദ്രനും മനുഷ്യ ശരീരത്തിന്റെ നിർമ്മിതിയിൽ മുഖ്യമായ ഒരു പങ്കുണ്ട്. സൗരചക്രത്തിന്റെ പ്രസ്തുത പരിക്രമണത്തെ ഉപയോഗപ്പെടുത്തുന്ന ഒരു സാധനാ സമ്പ്രദായമാണ് സൂര്യക്രിയ. ഇതിന്റെ പരിശീലനം വഴി, സൗരചക്രങ്ങളെ ഉപയോഗിച്ച് ശരീരത്തിന്റെ ചാക്രിക ഗതി പന്ത്രണ്ടേകാൽ മുതൽ പന്ത്രണ്ടര വർഷം വരെ കാലദൈർഘ്യമുള്ള ചക്രങ്ങളിലേക്ക് കൊണ്ടു വരികയാണു ചെയ്യുന്നത്. സ്വന്തം ജീവിതത്തെ ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ, ചില പ്രത്യേക കാലഘട്ടങ്ങളിൽ, ഉദാഹരണത്തിന് യൗവനാരംഭം മുതൽ, നമ്മൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾക്ക് ഒരു തരം ആവർത്തന സ്വഭാവമുള്ളതായി മനസിലാക്കാൻ കഴിയും.
മാനസിക തലത്തിൽ നമുക്കുണ്ടാകുന്ന അനുഭവങ്ങളും നമ്മളിൽ വൈകാരിക പ്രതികരണമുളവാക്കുന്ന സാഹചര്യങ്ങളും ചാക്രിക സ്വഭാവമുളളവയാണ്. ഒരാൾ കടന്നു പോകുന്നത് പന്ത്രണ്ട് വർഷത്തെ കാലദൈർഘ്യമുള്ള ചാക്രിക പരിക്രമണത്തിലൂടെയാകാം. മറ്റൊരാൾ ആറോ മൂന്നോ വർഷത്തെയോ പതിനെട്ടോ ഒമ്പതോ ആറോ മാസത്തെയോ കാലയളവുള്ള ചാക്രിക പരിവൃത്തിയിലുടെ കടന്നു പോകുകയാകാം. എന്നാൽ, ഒരാൾ മൂന്നു മാസത്തിലും കുറഞ്ഞ കാലദൈർഘ്യമുള്ള ചാക്രിക പരിക്രമണത്തിലൂടെയാണു കടന്നു പോകുന്നതെങ്കിൽ അതിനർത്ഥം അയാൾ നിശ്ചയമായും മനോരോഗ ചികിത്സയാവശ്യമുള്ള ഘട്ടത്തിലാണെന്നാണ്.
ഒരാൾ തികഞ്ഞ ആരോഗ്യത്തിലും സംതുലനത്തിലും നിന്ന് പൂർണമായ തകർച്ചയിലേക്കു പോകുകയാണെങ്കിൽ, ആ മാറ്റത്തിൽ അയാൾക്ക് തന്റെയുള്ളിൽ സംഭവിക്കുന്ന ചാക്രികപരിക്രമണത്തിന്റെ ദൈർഘ്യം നിരീക്ഷിച്ചറിയാൻ കഴിയും. സ്ത്രീകളുടെയുള്ളിൽ നടക്കുന്ന മേൽപ്പറഞ്ഞ വിധത്തിലുള്ള പ്രവർത്തനങ്ങൾക്ക് അല്പം കൂടി കാലപ്പൊരുത്തമുള്ളത്, ചന്ദ്രന്റെ ചക്രങ്ങളുമായാണ്. തന്മൂലം, സൗരചക്രത്തിന്റെ പരിക്രമണത്തെ അവർ വേണ്ടത്ര ശ്രദ്ധിച്ചെന്നു വരില്ല. കാരണം, അവർ കൂടുതലും ശ്രദ്ധ നല്കുന്നത് ചന്ദ്രന്റെ ചക്രങ്ങൾക്കാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ചന്ദ്രന്റെ പരിക്രമണത്തിന് ബാഹ്യതലത്തിൽ സൗരചക്രത്തിന്റെ പരിവൃത്തിയേക്കാൾ പ്രാധാന്യമുണ്ടെന്നതു വാസ്തവം തന്നെ. എന്നാൽ, മനുഷ്യശരീരത്തിന്റെ അടിസ്ഥാന പ്രകൃതത്തിന് മൗലികമായ പൊരുത്തമുള്ളത് സൂര്യന്റെ ചക്രങ്ങളോടാണ്. അതുകൊണ്ട്, തന്റെയുള്ളിലും തനിക്കു ചുറ്റിലും ഒരിടം സൃഷ്ടിക്കാൻ സൂര്യക്രിയ ഒരുവനെ പ്രാപ്തനാക്കുന്നു. ഇതിന്റെ സാധന ഒരിക്കലും ജീവിതത്തിന്റെ സ്വച്ഛന്ദമായ ഒഴുക്കിലേക്ക് അതിക്രമിച്ചു കടക്കുന്ന ഒന്നല്ല. തടസം സൃഷ്ടിക്കുന്നതുമല്ല.
ഏഴോ പത്തോ പതിനഞ്ചോ വർഷമായി ദിവസേന സാധന ചെയ്തു വരുന്ന ബ്രഹ്മചാരികൾ, തങ്ങളുടെ പരിശീലനത്തിലെ തെറ്റുകുറ്റങ്ങൾ നാലുമാസം കൊണ്ടു പരിഹരിച്ചതിനു ശേഷം, ശരീരനിലകൾ ശരിയാക്കുന്നതിനാവശ്യമായ കാര്യങ്ങൾ മനസിലാക്കിത്തുടങ്ങുകയാണ്. പതിനഞ്ചു വർഷത്തോളമായി അവർ സൂര്യനമസ്കാരം ചെയ്യുന്നു. തങ്ങളതു ശരിയായി ചെയ്യുന്നുണ്ടെന്നാണ് അവരുടെ വിശ്വാസം. പൊതുവിൽ അവരതു ശരിയായി ചെയ്യുന്നുമുണ്ട്. എന്നാൽ, ശരീരനിലകൾ കൃത്യമാക്കുകയെന്നത് ലളിതമായ കാര്യമല്ല. അവ കുറ്റമറ്റതാക്കുകയാണെങ്കിൽ, അഖിലപ്രപഞ്ചത്തിലെയും മുഴുവൻ വിവരങ്ങളും നമുക്കു 'ഡൗൺലോഡ് " ചെയ്യാൻ കഴിയും. ഇതിനു വളരെയേറെ യത്നം ആവശ്യമാണ് . ഈ പ്രക്രിയ ശാരീരികവും മാനസികവുമായ തലങ്ങളിൽ സ്വാസ്ഥ്യം കൊണ്ടു വരും . സൗരചക്രങ്ങളെ കൈകാര്യം ചെയ്യുന്നതിനുതകുന്ന ശക്തമായ ഒരു സാധനയായും മാറുന്നു.