ന്യൂഡൽഹി: രാഷ്ട്രീയക്കാരും പൊതു പ്രവർത്തകരും സോഷ്യൽ മീഡിയയിൽ ഇന്ന് നിരന്തരം ഇടപെടലുകൾ നടത്തുന്നവരാണ്. തിരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ചകൾക്ക് വേദിയാകുന്നതും സോഷ്യൽ മീഡിയതന്നെ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന രാഷ്ട്രീയക്കാരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥാനം രണ്ടാമത്. ഓൺലൈൻ വിസിബിലിറ്റി മാനേജ്‌മെന്റ്, കണ്ടന്റ് മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ സെമ്രുഷ് (SEMrush) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ സേവനങ്ങളിൽ മോദിയ്‌ക്ക് 110, 912, 648 പ്രേക്ഷകരാണുള്ളത്. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്‌ക്കാണ് സോഷ്യൽ മീഡിയയിൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നീ അക്കൗണ്ടുകളിൽ നിന്നായി 182,710,777 ഫോളോവർമാരാണ് ഒബാമയ്‌ക്കുള്ളത്.
മോദിയ്‌ക്ക് 11 കോടിയിലധികം ആരാധകരാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് 96 ലക്ഷത്തോളം ആളുകളുടെ പിന്തുണമാത്രമാണുള്ളത്. കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയ്‌ക്ക് ആഗോളതലത്തിൽ 1.6 കോടി ഫോളോവർമാരാണുള്ളത്. രാഷ്ട്രീയക്കാർക്ക് ഏറെ പിന്തുണ ലഭിക്കുന്നത് ട്വിറ്ററിലാണെന്നും സെമ്രുഷ് റിപ്പോർട്ടിൽ പറയുന്നു.