കഥ ഇതുവരെ...
വടക്കേ കോവിലകത്തിന്റെയും ഭാരിച്ച സ്വത്തുക്കളുടെയും അവകാശിയായിരുന്നു പാഞ്ചാലി എന്ന പതിനഞ്ചുകാരി. അവളുടെ അച്ഛൻ രാമഭദ്രൻ ഏതാനും വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. ഇപ്പോൾ രണ്ടാനമ്മ ചന്ദ്രകലയായിരുന്നു അവളെ വളർത്തുന്നത്. ചന്ദ്രകലയും കാമുകൻ പ്രജീഷും കൂടി പാഞ്ചാലിയെ വധിച്ച് സ്വത്തുക്കൾ കൈക്കലാക്കാൻ പദ്ധതിയിട്ടു. അവർക്കൊപ്പം എം.എൽ.എ ശ്രീനിവാസകിടാവും സീരിയൽ നടി സൂസനും ചേർന്നു. സൂസന്റെ വാക്ക് വിശ്വസിച്ച് ആഢ്യൻപാറയിലത്തിയ പാഞ്ചാലിയെ പ്രജീഷ് പെട്രോൾ ഒഴിച്ചു കത്തിച്ചു. ആ കുറ്റം പാഞ്ചാലിയുടെ കാമുകൻ വിവേകിന്റെ ശിരസ്സിൽ ചാർത്തി...
തുടർന്ന് വായിക്കുക...
കോവിലകത്തിന് ഉള്ളിൽ നിന്ന് സീരിയൽ സ്റ്റാർ സൂസൻ ഓടിയെത്തി.
തറയിൽ കിടന്നിരുന്ന ചന്ദ്രകലയുടെ ശിരസ്സു പിടിച്ച് തന്റെ മടിയിൽ വച്ചുകൊണ്ട് വരാന്തയിലിരുന്നു.
''കലേ.. കണ്ണു തുറക്ക്."
സൂസൻ അവളെ കുലുക്കി വിളിച്ചു.
ചന്ദ്രകല കണ്ണു തുറന്നില്ല.
സൂസൻ അകത്തേക്കു നോക്കി വിളിച്ചലറി:
''രാജമ്മേ... കുറച്ച് വെള്ളം കൊണ്ടുവാ."
ആയ രാജമ്മ വളരെ പെട്ടെന്ന് ഒരു ബോട്ടിൽ തണുത്ത മിനറൽ വാട്ടറുമായി വന്നു.
സൂസൻ കുപ്പി വാങ്ങിത്തുറന്നു. തന്റെ കൈവെള്ളയിലേക്ക് കുറച്ചു ചരിച്ചിട്ട് ചന്ദ്രകലയുടെ മുഖത്തേക്കു ചെപ്പി...
ഞെട്ടി ഉണരുന്നതു പോലെ ചന്ദ്രകല കണ്ണു തുറന്നു. സൂസനെ തുറിച്ചുനോക്കി.
''എന്താ എനിക്ക് പറ്റിയത്?"
സൂസൻ മറുപടി പറഞ്ഞില്ല.
എല്ലാം കണ്ടും കേട്ടും നിൽക്കുകയായിരുന്ന സി.ഐ അലിയാർ മറുപടി നൽകി:
''ഫോണിൽ പാഞ്ചാലിയുടെ അവസ്ഥ കണ്ട് നിങ്ങൾ തല കറങ്ങി വീണതാണ്."
എന്തോ ഓർത്തെടുക്കാൻ എന്നവണ്ണം ചന്ദ്രകല ഒരു നിമിഷം കിടന്നു. ശേഷം ചാടിയെഴുന്നേറ്റു....
''അവൻ, ആ വിവേകാണോ സാറേ അവളെ കൊന്നത്?"
''എന്ന് തീർത്തുപറയാൻ കഴിയില്ല. ആഢ്യൻപാറയിലെ ഭൂമിശാസ്ത്രം അനുസരിച്ച് പാറയുടെ മുകളിൽ നിന്ന് പെട്രോളോ മറ്റോ പാഞ്ചാലിയുടെ ശരീരത്തിലേക്ക് ഒഴിക്കാനും തീയിടാനും സാധിക്കും. ഞാൻ അതിന്റെ സാദ്ധ്യതയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്."
അലിയാരുടെ വാക്കുകൾ കേട്ട് ചന്ദ്രകല മാത്രമല്ല സൂസനും നടുങ്ങിപ്പോയി.
ആ ഭാവം സി.ഐ ശ്രദ്ധിക്കുകയും ചെയ്തു.
അലിയാർ തുടർന്നു:
''അങ്ങനെയാണ് സംഭവിച്ചതെങ്കിൽ ഒരുപാട് പേര് കേസിൽ കുടുങ്ങിയെന്നിരിക്കും."
ചന്ദ്രകലയുടെ ശരീരം ഒന്നു വിറച്ചു. എങ്കിലും പറഞ്ഞൊപ്പിച്ചു.
''എന്റെ കുഞ്ഞിനെ കൊന്നവരെ വെറുതെ വിടരുത് സാർ.... എന്റെ കുഞ്ഞിന്റെ ശരീരമെങ്കിലും ഒന്നു കാണാൻ കഴിയുമോ എനിക്ക്.."
''ഇതുവരെ ബോഡി കിട്ടിയിട്ടില്ല. രാവിലെ ഞങ്ങൾ തിരച്ചിൽ തുടങ്ങും."
അലിയാർ അവിടെ കിടന്നിരുന്ന കസേരയിൽ ഇരുന്നു.
''എനിക്ക് വേറെ ചില കാര്യങ്ങൾ കൂടി അറിയാനുണ്ട്. വ്യക്തമായ ഉത്തരം എനിക്കു കിട്ടണം."
കട്ടിളപ്പടിയിലേക്കു ചാരിനിന്നുകൊണ്ട് ചന്ദ്രകല തലയാട്ടി.
''എനിക്കറിയാവുന്നത് എല്ലാം പറയാം സാർ... എന്റെ കുഞ്ഞ്.."
ചന്ദ്രകല വീണ്ടും പൊട്ടിക്കരഞ്ഞു.
അതൊരു അഭിനയം പോലെയാണ് അലിയാർക്കു തോന്നിയത്.
അയാൾ തിരക്കി :
''ഈ വിവേകുമായി നിങ്ങളുടെ മകൾക്ക് അടുപ്പം ഉണ്ടായിരുന്നതായി അറിയാമോ?"
ചന്ദ്രകല സാരിത്തുമ്പുയർത്തി കണ്ണു തുടച്ചു.
''മോള് പലപ്പോഴും ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഒരു വട്ടം ഞാൻ ചോദിച്ചപ്പോൾ വിവേകുമായി സംസാരിക്കുകയായിരുന്നു എന്ന് അവൾ പറഞ്ഞിട്ടുമുണ്ട്. പക്ഷേ അവർ തമ്മിൽ അതിരുകടന്ന ഒരു ബന്ധം ഉണ്ടെന്നു തോന്നിയിട്ടില്ല."
''ഒരു ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങൾ പറയുന്നുണ്ടല്ലേ ചന്ദ്രകല ?"
അലിയാരുടെ മുഖത്തൊരു ചിരി മിന്നി:
''ഈ കോവിലകം വക സ്വത്തുക്കളെല്ലാം പാഞ്ചാലിയുടെ പേരിൽ ആയിരുന്നോ?"
ചന്ദ്രകലയുടെ ഹൃദയത്തിലൂടെ ഒരു അറക്കവാൾ പാഞ്ഞു. ഇവിടെ പതറിയാൽ പിടിക്കപ്പെടുമെന്ന് അവൾക്കു നിശ്ചയമുണ്ട്.
''എന്റെയും മോളുടെയും പേരിലാണ് അദ്ദേഹം എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്..."
സി.ഐ തലയാട്ടി.
''അപ്പോൾ ഒരാൾ മരിച്ചാൽ അടുത്തയാൾക്ക് ആയിരിക്കും എല്ലാം ലഭിക്കുക. ആം ഐ കറക്ട്?"
ചന്ദ്രകലയുടെ മുഖം മുറുകി.
''സാറെന്താ ഇങ്ങനെ ചോദിച്ചത്? എന്റെ മോളെ ഞാൻ തന്നെ കൊല്ലിച്ചതാണ് എന്നാണോ?"
''അങ്ങനെ തീർത്ത് ഞാൻ പറഞ്ഞില്ല. പക്ഷേ നിങ്ങൾ ആ കുട്ടിയുടെ യഥാർത്ഥ അമ്മയല്ലല്ലോ...."
ചന്ദ്രകലയിൽ അടുത്ത ഞെട്ടൽ...
''സാറ് എന്തൊക്കെയോ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പാഞ്ചാലിയെ ഞാൻ പ്രസവിച്ചില്ലെന്നേയുള്ളൂ. എന്റെ മകൾ തന്നെയാണ് അവൾ. അവൾ അമ്മയായിത്തന്നെയാ എന്നെ കണ്ടിട്ടുള്ളതും."
അലിയാർ എഴുന്നേറ്റു.
''അപ്പോൾ ഞാനിറങ്ങുകയാ. നമുക്ക് വീണ്ടും കാണേണ്ടിവരും."
കടുപ്പിച്ച് അത്രയും പറഞ്ഞിട്ട് സി.ഐ ജീപ്പിനു നേരെ നടന്നു.
ജീപ്പ് ഗേറ്റു കടന്നുപോയി.
''കലേ... ഇത് വിഷയമാകുമോ? ആ പോലീസ് ഓഫീസർക്ക് എന്തൊക്കെയോ സംശയമുണ്ട്."
''അവന്റെ സംശയം! ഈ ചന്ദ്രകല ആരാണെന്ന് അവൻ ശരിക്ക് അറിയാൻ പോകുന്നതതേയുള്ളൂ."
ആ രാത്രി പക്ഷേ ചന്ദ്രകലയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.
കണ്ണടയ്ക്കുമ്പോൾ തീ പിടിച്ച ശരീരവുമായി പാഞ്ചാലി മുന്നിൽ നിൽക്കുന്നതു പോലെ.....
ആരോ പ്രധാന വാതിലിൽ ശക്തമായി തട്ടുകയും കോളിംഗ് ബല്ലടിക്കുന്നതും കേട്ട് പരിഭ്രമത്തോടെ ചന്ദ്രകല ചാടിയെഴുന്നേറ്റു.
(തുടരും)