sushama

നമസ്‌കാരം... വാർത്തകൾ വായിക്കുന്നത് സുഷമ."" ഒരു കാലത്ത് മലയാളിയ്‌ക്ക് ഏറെ പരിചിതമായിരുന്നു ഈ ശബ്‌ദം. ആകാശവാണിയിൽ വാർത്തകൾക്കായി കാത്തിരുന്നവരാരും ഈ ശബ്‌ദം കേൾക്കാതെയും തിരിച്ചറിയാതെയും പോയിട്ടുണ്ടാകില്ല. സ്ത്രീശബ്‌ദത്തിന്റെ മാധുര്യമല്ല, അതിനുമപ്പുറം ഒരാൾക്കൂട്ടത്തെ മുഴുവൻ പിടിച്ചു നിറുത്താൻ സാധിച്ച അനുഭവങ്ങളുടെ കരുത്താണത്. ഇന്നും ആ ശബ്‌ദം ഒരിക്കലെങ്കിലും കേട്ടവർക്ക് തിരിച്ചറിയാൻ സാധിക്കും. ശ്രോതാക്കളുമായി അത്രത്തോളം ഹൃദയബന്ധമുണ്ടായിരുന്നു ആ ശബ്‌ദത്തിനും വാർത്ത അവതരിപ്പിച്ചിരുന്ന വാക്കുകളുടെ ഭംഗിയുള്ള ഒഴുക്കിനും. കേൾക്കുന്നവരെ പിടിച്ചിരുന്ന ഗാംഭീര്യവും എടുത്തുപറയേണ്ടതാണ്. സോഷ്യൽ മീഡിയയും ടിവിയുമൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് ഓരോ മലയാളിക്കും കേട്ട് കേട്ട് അത്ര ചിരപരിചിതമായിരുന്നു സുഷമയുടെ പ്രിയശബ്‌ദം. ആകാശവാണിയിൽ മൂന്നു പതിറ്റാണ്ടിലധികമായി വാർത്താ അവതാരകയായിരുന്നു സുഷമ. മെയ് 31ന് ആകാശവാണിയിൽ നിന്നും വിരമിക്കുകയാണ് അവർ. തിരക്കിട്ട വാർത്തകൾക്കിടയിൽ നിന്ന് ചെറിയൊരിടവേളയെടുത്ത് സുഷമ സംസാരിക്കുന്നു.

''കഴിഞ്ഞ കാലങ്ങളൊക്കെയും മനസിലുണ്ട്. മാദ്ധ്യമപ്രവർത്തനത്തെ കുറിച്ച് ചിന്തിക്കുന്നതിനും മുന്നേ ഈ മേഖലയിലേക്ക് എത്തിയയാളാണ് ഞാൻ. അച്‌ഛനായിരുന്നു എന്നെ ആകാശവാണിയിലെത്തിച്ചതെന്ന് പറയാം. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ആകാശവാണിയിലേക്ക് അപേക്ഷിച്ചത്. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ഒന്നാം റാങ്കോടെ പാസായി. 1980 നവംബർ 23ന് ആകാശവാണിയിൽ പ്രോഗ്രാം അനൗൺസറായി ജോലിയിൽ പ്രവേശിച്ചു. അന്ന് ഏറ്റവും വലിയ ആഗ്രഹം പ്രശസ്‌ത റേഡിയോ നാടക അവതാരിക ടി.പി രാധാമണിയെ ഒന്ന് കാണണമെന്നായിരുന്നു. പിന്നീടങ്ങോട്ട് അവർ തന്നെയാണ് മുന്നോട്ട് നയിച്ചത്. പത്തു വർഷത്തിനു ശേഷം 1992 ഏപ്രിൽ 14ന് വാർത്താ അവതരണത്തിലേക്കെത്തി. ഡൽഹിയിൽ ആയിരുന്നു തുടക്കം. അച്ഛനാണ് ഇന്നോളമുള്ള വഴികളിലെ നേട്ടങ്ങൾക്കു പിന്നിൽ പ്രചോദനമായിട്ടുള്ളത്. ഒരു യുക്തിവാദിയും സ്ത്രീപക്ഷവാദിയുമായിരുന്നു അദ്ദേഹം. ജീവിതത്തിൽ പ്രതിസന്ധിയുടെ കടമ്പകൾ കടക്കാനുള്ള കരുത്തായിരുന്നു അച്‌ഛൻ.""

''ആകാശവാണിയിലൂടെയാണ് ഞാൻ നാടകരംഗത്തേക്കെത്തുന്നത്. ചെറുപ്പം മുതലേ നാടകത്തോട് അല്പം ഇഷ്ടക്കൂടുതലുണ്ട്. 2000ത്തിൽ അഭിനയ നാടക ഗ്രൂപ്പിൽ അംഗമായി. ദീപൻ ശിവരാമൻ സംവിധാനം ചെയ്‌ത വിജയ് ടെൻഡുൽക്കറിന്റെ കമല എന്ന നാടകത്തിലൂടെയാരുന്നു നാടകരംഗത്തേക്കുള്ള ചുവടുവയ്പ്പ്. പ്രമോദ് പയ്യന്നൂർ, രാജാവാര്യർ, ഇവരുടെ ഒരു പ്രമുഖ നാടകത്തിലും അഭിനയിച്ചു. രാജാവാര്യർ സംവിധാനം ചെയ്‌ത "ദ് റസ്‌പെക്ട്ഫുൾ പ്രോസ്റ്റിറ്റ്യൂട്ട്" എന്ന നാടകത്തിലാണ് അവസാനമായി അഭിനയിച്ചത്. ആർ.എസ്. മധുവിന്റെ കല എന്ന സംഘടനയുടെ കീഴിൽ തിരുവനന്തപുരത്തെ നാടകങ്ങളിൽ ഇപ്പോഴും സജീവമാണ്. ആകാശവാണിയുടെ തുടർനാടകങ്ങളിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതെല്ലാം തിരിഞ്ഞുനോക്കുമ്പോൾ വലിയൊരു ഭാഗ്യമായി തോന്നുന്നു."" സുഷമ ആ കാലം ഓർത്തെടുത്തു.

sushama

ഈ മധുരശബ്‌ദം ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയ കാലത്തേക്ക് ഇനി പോകാം. വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ സമ്മേളനത്തിന്റെ അവതാരകയായി സുഷമയെ വിളിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളെത്തിയ സമ്മേളനം. മുദ്രാവാക്യങ്ങൾക്കിടയിൽ നിന്നും ജനക്കൂട്ടത്തിന്റെ ശ്രദ്ധ വേദിയിലേക്കെത്തിക്കാൻ സംഘാടകർ ഏറെ നേരം ശ്രമിച്ചു. ഒരു രക്ഷയുമുണ്ടായില്ല. ആൾക്കൂട്ടം എവിടെ കേൾക്കാൻ. അവസാനം അവർ ഒരു വഴി കണ്ടുപിടിച്ചു, ഒന്നുസംസാരിക്കണമെന്ന് സുഷമയോട് ആവശ്യപ്പെട്ടു.

''ഇപ്പോഴും ഓർമ്മയുണ്ട് ആ നിമിഷങ്ങൾ. സംസാരിക്കണമെന്ന് ആവശ്യപ്പെട്ട നിമിഷത്തിൽ എന്തുചെയ്യണമെന്നറിയില്ലായിരുന്നു. ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ മൈക്ക് കയ്യിലെടുത്തു. നമസ്‌‌ക്കാരം, ..നമ്മളിവിടെ കൂടിയിരിക്കുന്നത്.... അത്രയേ പറഞ്ഞുള്ളൂ. എല്ലാവരും ഒന്ന് നിശബ്‌ദരായി, ആരാണ് സംസാരിക്കുന്നതെന്ന് അറിയാൻ വേണ്ടി. കേട്ടു പരിചയമുള്ള ആ ശബ്‌ദത്തിന്റെ ഉടമയെയാണ് അവരെല്ലാം ഉറ്റുനോക്കിയത്. അതൊരു വ്യത്യസ്‌ത അനുഭവമായിരുന്നു. അവർ എന്റെ ശബ്ദം തിരിച്ചറിഞ്ഞ ദിവസം വല്ലാത്ത അമ്പരപ്പായിരുന്നു. ജീവിതത്തിൽ ഒരേ സമയം അഭിമാനവും സന്തോഷവും തോന്നിയ നിമിഷം എന്നു തന്നെ പറയാം."സുഷമയുടെ മുഖത്ത് അഭിമാനം തിളങ്ങി.

''കൊല്ലം എസ്.എൻ വിമൻസ്‌ കോളേജിൽ നിന്നാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തത്. വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകയായിരുന്നു. മാഗസിൻ എഡിറ്ററായി മത്സരിച്ച് തോറ്റെങ്കിലും പിന്നീട് അടുത്ത കോളേജ് തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ് ചെയർ പേഴ്സണായി. രാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിലും പഠിത്തത്തിൽ പിന്നിലേക്ക് പോയില്ല. അതുകഴിഞ്ഞ് കൊല്ലം ഫാത്തിമ കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം. അന്ന് കോളേജിൽ ഒപ്പമുണ്ടായിരുന്നയാളാണ് ഇന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രാഷ്ട്രീയത്തിൽ എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ കാലത്തിന്റെ ആവശ്യമായിരുന്നു അന്ന് രാഷ്ട്രീയം. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആള് തന്നെയാണ് ഞാനും."സുഷ പഴയ കലാലയ ഓർമ്മകളിലേക്ക് യാത്ര ചെയ്‌തു.

സുഷമയുടെ മനസിൽ മായാതെ സൂക്ഷിക്കുന്ന ഓർമ്മകളേറെയുണ്ട്.എഴുത്തുകാരി മാധവിക്കുട്ടി തിരുവനന്തപുരത്ത് താമസിച്ചിരുന്ന കാലം. അവർ ഇടയ്‌ക്ക് പരിപാടികളെ കുറിച്ച് വിളിച്ച് അഭിപ്രായം അറിയിക്കുമായിരുന്നു. "വളരെ നന്നായി കുട്ടീ"... എന്ന് പറയുന്ന ആ ശബ്‌ദം ഒരു തൂവൽ സ്‌പ‌ർശം പോലെയാണ് സുഷ‌മയ്‌ക്ക് അനുഭവപ്പെട്ടിരുന്നത്. ഇടയ്‌ക്കുള്ള ആ ഫോൺകോൾ അത്രയ്‌ക്ക് മൃദുവും ആകർഷണീയവുമാണ്. ആകാശവാണിയുടെ കേൾവികേട്ട കാൽപനിക ഭംഗി തുളുന്നതുപോലെയാണ് മാധവിക്കുട്ടിയുടെ ശബ്‌ദവും. അന്ന് അനൗൺസറായിരുന്ന സംവിധായകൻ പത്മരാജൻ, പ്രശസ്ത വാർത്താ വായനക്കാരനായ എൽ. പ്രതാപൻ എന്നിവരൊക്കെ എനിക്ക് ഗുരു തുല്യരാണ്. "വാക്കിംഗ് എൻസൈക്ക്‌ളോപീഡിയ"യും ഏറ്റവും നല്ല വിവർത്തകനുമായിരുന്നു പ്രതാപൻ. ഇവർ രണ്ടുപേരും ചേർന്നാണ് എന്നിലെ ബ്രോഡ്കാസ്‌റ്റർക്ക് ബുദ്ധിയുണ്ടാക്കി തന്നത്. വാർത്താവായനാ രീതി എങ്ങനെയെന്നും, തുറന്ന ശബ്‌ദവും അടഞ്ഞ ശബ്‌ദവും എവിടെ പ്രയോഗിക്കണമെന്നും സാഹചര്യമനുസരിച്ച് വായിക്കാനും പഠിപ്പിച്ചു. ഇന്നത്തെ സുഷമയുടെ വിജയത്തിന് പിന്നിൽ അവരൊക്കെ തന്നെയാണ്.""

വർഷങ്ങൾക്കു മുമ്പ്...നായനാർ മരിച്ച ദിവസം. ഈ വിവരം സുഷമ അറിഞ്ഞത് ആകാശവാണിയുടെ കൺട്രോൾ റൂമിൽ വച്ചാണ്. അത് കേട്ടപ്പോൾ തന്നെ മനസിനാകെ മരവിപ്പായിരുന്നു. മറ്റൊന്നും നോക്കിയില്ല. എ.കെ.ജി സെന്ററിന് മുന്നിലേക്ക് ഓടുകയായിരുന്നു. വല്ലാത്ത ഒരു വേദനയുണ്ടാക്കിയ വാർത്തയായിരുന്നു അത്. മനസിൽ വളരെയധികം ബഹുമാനം സൂക്ഷിച്ച നേതാവായിരുന്നു ഇ.കെ നായനാർ. നായനാരുടെ മരണം ഉണ്ടാക്കിയ വേദന ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ആർക്കുവേണമെങ്കിലും സമീപിക്കാവുന്ന തരത്തിൽ ലാളിത്യമുള്ള ജനങ്ങളുടെയിടയിൽ ജീവിച്ച നേതാവുമായിരുന്നു. സാധാരണ ആളുകളിൽ നിന്നും നേതാക്കൾ അകന്നു പോകുമ്പോൾ സ്വാഭാവികമായി പാർട്ടിയും അവരിൽ നിന്ന് അകന്ന് പോകും. നായനാരൊക്കെ ഇപ്പൊഴും മറ്റുള്ളവരുടെ മനസിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അത് അവരുണ്ടാക്കിയ ബന്ധംകൊണ്ടാണ്.

ഗൗരിയമ്മ, കരുണാകരൻ, ഉമ്മൻ ചാണ്ടി, കെ.എൻ ബാലഗോപാൽ ഇവരൊക്കെയും അതുപോലെയാണ്. കക്ഷി രാഷ്ട്രീയഭേദമന്യേ രാഷ്ട്രീയത്തിൽ ചെറിയ സൗഹൃദ ബന്ധങ്ങൾ രൂപപ്പെടുത്താൻ ആകാശവാണി ജീവിതം സഹായിച്ചിട്ടുണ്ട്. ആകാശവാണിയിലെ തുടക്കത്തിൽ അന്നത്തെ തിരഞ്ഞെടുപ്പുകളും ഒരു ഓർമ്മയാണ്. അന്ന് തിരഞ്ഞെടുപ്പ് സുദീർഘമായ ഒരു പ്രക്രിയ ആയിരുന്നു. കൈകൊണ്ട് വോട്ട് എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. മൂന്നോ നാലോ ദിവസങ്ങൾ കൊണ്ടായിരുന്നു ഇന്ത്യാ മഹാരാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം അറിയുന്നത്.

''സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒന്നും ക്ഷമിക്കാൻ കഴിയില്ല. അത്തരത്തിലുള്ള സംഭവങ്ങൾ എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്. അന്ന് സഹായിക്കുമെന്നു കരുതിയവർ പോലും കൂടെ നിന്നിട്ടില്ല. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങളോട് രൂക്ഷമായി പ്രതികരിക്കാറുണ്ട്. എന്തുകൊണ്ട് സ്ത്രീകൾക്കായി ഒരു പാർട്ടി ഉണ്ടാക്കിക്കൂട? തുറന്ന് സംസാരിക്കുന്ന ഒരു സ്ത്രീക്കും സംഘടനകളിൽ അധികകാലം നിലനിൽപ്പിന് സാദ്ധ്യതയില്ല. ഒന്നുകിൽ അവർക്ക് വട്ടാണ് അല്ലെങ്കിൽ ഇൻഡീസന്റാണ് അതുമല്ലെങ്കിൽ ഇമ്മോറലാണ് എന്ന് തുടങ്ങിപ്പോകുന്നു ആരോപണങ്ങളുടെ ഒരു ആഘോഷ നിര. ഇതൊക്കെ മാറുന്ന ഒരു കാലം വരണം. സ്ത്രീകൾ തന്നെ അതിന് വേണ്ടി മുന്നിട്ടിറങ്ങണം. തുല്യതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നതോടൊപ്പം പ്രവർത്തിക്കുകയും വേണം. സ്ത്രീയായതിൽ ഓരോ നിമിഷവും അഭിമാനിക്കുന്നയാളാണ് ഞാൻ." സുഷമ നയം വ്യക്തമാക്കി.

ആപത്ത് ഘട്ടത്തിൽ ആകാശവാണിക്ക് ഇന്നും അനന്തമായ സാദ്ധ്യതയുണ്ടെന്നാണ് സുഷമയുടെ പക്ഷം. ഗ്രാമ പ്രദേശങ്ങളിൽ ഇപ്പോഴും റേഡിയോയ്‌ക്ക് ഒരു മാദ്ധ്യമം എന്ന നിലയിൽ പ്രചാരമുണ്ട്. ആകാശവാണിക്ക് എഫ്.എമ്മും,​ വൺ മിനിറ്റ് ബുള്ളറ്റിൻ കൂടി വന്നാൽ ചാനലുകളെയടക്കം ആകാശവാണി കടത്തിവെട്ടും. ഏത് ആപത്ത്ഘട്ടത്തിലും റേഡിയോയെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. കേരളത്തിൽ വെള്ളപ്പൊക്കമുണ്ടായപ്പോഴും സുനാമി വന്നപ്പോഴും ജനങ്ങൾ കേട്ടത് ആകാശവാണിയെയാണ്. ജനങ്ങൾക്കിടയിലുള്ള വിശ്വാസമാണ് ഇന്നും ആകാവാണിയെ നിലനിറുത്തുന്നത്.

sushama

ഹരിപ്പാട് നിന്നാണ് തലസ്ഥാന നഗരിയിലെ തിരക്കിലേയ്‌ക്ക് സുഷമ എത്തിയത്. തിരുവനന്തപുരത്തിന്റെ മനസിൽ ഇടം നേടിയിട്ട് വർഷങ്ങളായെങ്കിലും മനസിലിപ്പോഴും നാടും വീടും അതുപോലെ തന്നെയുണ്ട്. അച്ഛൻ സുധാകരൻ, അമ്മ വിജയലക്ഷ്മി മക്കൾ ഡോ. മാളു മോഹനും കല്യാണി മോഹനും. രണ്ടാം ക്ലാസുകാരിയായ ചെറുമകൾ ഋതുപർണയും കൂടെയുണ്ട്. ''മലയാളത്തെയും മലയാള ഭാഷയെയും ഏറെ ഇഷ്‌ടപ്പെടുന്നൊരാളാണ് ഞാൻ. ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ കുട്ടികളോട് പറയാനുള്ളത് ഇതാണ്, ഭാഷയ്‌ക്ക് ഒരു ഭംഗിയുണ്ട്. ശ്രോതാവിന് ഇഷ്ടപ്പെടുന്ന രീതിയിൽ അതിനെ വികലമാക്കാതെ വേണം അവതരിപ്പിക്കാൻ. നിരന്തരമായ പരിശ്രമത്തിലൂടെ ആർക്കും അത് നേടിയെടുക്കാൻ കഴിയും.""

ആകാശവാണിയുടെ പടിയിറങ്ങുമ്പോൾ പതിറ്റാണ്ടുകളായി ആകാശവാണിയുടെ ശബ്ദം ആകാശത്തോളം ഉയർത്തിപ്പിടിച്ചതിൽ സുഷമയ്‌ക്കും സുപ്രധാന പങ്കുണ്ട്. വിരമിച്ച ശേഷം നൃത്തവും ഇവന്റ് മാനേജ്‌മെന്റുമൊക്കെയായി സജീവമാകാനാണ് സുഷമയുടെ ആഗ്രഹം. ഇന്നും യുവത്വത്തിന്റെ പ്രസരിപ്പിലാണ് ഇവർ. മണിക്കൂറുകൾ നീണ്ട സംസാരത്തിൽ ഒരുനിമിഷം പോലും കേൾവിക്കാർക്ക് മടുപ്പിന്റെ ലാഞ്ചന പോലും നൽകാത്ത വാക് ചാതുരി. നേരിട്ടുള്ള സംസാരം വാർത്ത വായനയേക്കാൾ സുന്ദരമാണെന്ന് അനുഭവിച്ചറിഞ്ഞ മണിക്കൂറുകളായിരുന്നു. ഇടയ്‌ക്ക് കുഞ്ഞുങ്ങളോളം മൃദുവായി, ചിലപ്പോൾ കൗമാരക്കാരുടെ ആവേശത്തിൽ മറ്റ് ചിലപ്പോൾ തികഞ്ഞ പക്വതയോടെ ഒരു കാലഘട്ടത്തെയാകെ അടയാളപ്പെടുത്തുന്ന സംസാരം. പറഞ്ഞവസാനിപ്പിക്കുകയല്ല സംസാരിച്ച് നിറുത്തുകയുമല്ല, ഇനിയും ചെയ്‌ത് തീർക്കാനുള്ളതിനെ കുറിച്ച് വ്യക്തമായ ബോധ്യത്തോടെ സമൂഹത്തോട് സംവദിക്കുകയാണ് സുഷമ. വാർത്തകൾ ഇവിടെ അവസാനിക്കുന്നില്ല എന്ന് വ്യക്തം.