ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടതിക്ക് മുന്നിൽ വനിതാ കൂട്ടായ്മയുടെ പ്രതിഷേധത്തെ തുടർന്നാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയ്ക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതി തള്ളിയ സാഹചര്യത്തിലാണ് വനിതാ കൂട്ടായ്മ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിനെത്തിയ ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കി. സുപ്രീംകോടതിയ്ക്ക് പുറത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‍ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുൻ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. നേരത്തേ യുവതി അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. ഇതിനെതിരെയാണ് വനിതാ സംഘടനകളുടെ പ്രതിഷേധം. നോ ക്ലീൻ ചിറ്റ് എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാരെത്തിയത്.
വനിതാ സംഘടനകളും, മനുഷ്യാവകാശ പ്രവർത്തരും അടങ്ങിയ വാട്‍സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളാണ് സുപ്രീം കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ഒരു വിഭാഗം അഭിഭാഷകരും, ഐഡ്‍വ ഉൾപ്പടെയുള്ള വനിതാ സംഘടനകളും പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി എത്തിയിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായതിനെ തുടർന്ന് കോടതിയുടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.