alphons-kannanthanam

ന്യൂഡൽഹി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തെ അവഗണിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കത്തയച്ചു. കാസർകോഡ് മുതൽ പാറശാല വരെയുള്ള ദേശീയപാത വികസനം ഒന്നാം മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കണ്ണന്താനം കത്തിൽ ആവശ്യപ്പെട്ടു. കത്തയക്കുന്നത്‌ മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെന്നും അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി.

അതേസമയം,​ കേരളത്തിലെ വികസനത്തിന്റെ ചിറകരിയാനാണ് കേന്ദ്രസർക്കാർ ശ്രിമിക്കുന്നതെന്നും ദേശീയപാത വികസനം തടസപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നതിനിടെയാണ്. യാതൊരു കാരണവുമില്ലാതെ സ്ഥലമെടുപ്പ് ജോലികൾ നിറുത്തിവയ്‌ക്കാൻ ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയത്തിന്റെ പേരു പറഞ്ഞ് ദേശീയപാതയ്‌ക്കുള്ള സ്ഥലമെടുപ്പ് നിറുത്തിവയ്‌ക്കാൻ കേന്ദ്രത്തിന് കത്തെഴുതിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയുടെ നടപടി ഞെട്ടിക്കുന്നതാണ്. ജനം ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ശ്രീധരൻപിള്ളയ്ക്കെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങൾ സംസ്ഥാന സർക്കാരിന് മുമ്പിൽ അവതരിപ്പിക്കുവാനോ പരസ്യമായി പ്രസ്താവിക്കാനോ തയ്യാറാവാതെ രഹസ്യമായി കത്തയച്ച് വികസന പ്രവർത്തനത്തെ തടയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.