അകലങ്ങളിൽ ചെന്ന് ബോക്‌സിംഗിൽ മെഡലുകൾ വാരിയ വിജേന്ദർ സിംഗിന്റെ തിരഞ്ഞെടുപ്പു മത്സരം അയലത്താണ്. ജനിച്ചുവളർന്ന ഭിവാനിയിൽ (ഹരിയാന) നിന്ന് അധികം ദൂരമില്ലാത്ത ദക്ഷിണ ഡൽഹിയിൽ. ഇടിക്കൂട്ടിലെ ഇടിമിന്നൽ താരം കോൺഗ്രസ് അംഗമായ ഉടൻ മത്സരത്തിന് ടിക്കറ്റും കിട്ടി. ബി.ജെ.പിയുടെ രമേഷ് ബിധൂരിക്കെതിരെ ആദ്യ പോരാട്ടത്തിനിറങ്ങുന്ന വിജേന്ദറിന്റെ പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി ഇന്ന് മണ്ഡലത്തിലെത്തും. വരുന്ന ഞായറാഴ്‌ച പോളിംഗ് നടക്കുന്ന ഡൽഹി സൗത്തിൽ ബോക്‌സിംഗ് താരത്തെ ഇറക്കി കോൺഗ്രസ് നടത്തുന്നത് മണ്ഡലം തിരിച്ചു പിടിക്കാനുള്ള മത്സരം കൂടിയാണ്.
2008-ൽ ഒരുലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസിലെ രമേഷ് കുമാറിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലം ബി.ജെ.പി പിടിച്ചത് അതിലും അല്‌പം കൂടിയ ഭൂരിപക്ഷത്തിൽ. രണ്ടു പാർട്ടികളിലും പ്രമുഖർ ലോക്‌സഭയിലേക്കു പുറപ്പെട്ട മണ്ഡലമാണ്. 1967 ൽ മണ്ഡലം രൂപീകരിക്കപ്പെട്ടതു മുതൽ 1985-ലെ ഉപതിരഞ്ഞെടുപ്പു വരെ കൂടുതൽ തവണ ജയം നേടിയത് കോൺഗ്രസ് ആയിരുന്നെങ്കിൽ, 89-ൽ മദൻലാൽ ഖുരാനയുടെ വരവോടെ ദക്ഷിണ ഡൽഹി കാവിയുടുത്തു. 91-ലും വിജയിച്ച ഖുരാന അടുത്ത രണ്ടു തവണ ബാറ്റൺ കൈമാറിയത് സുഷമാ സ്വരാജിന്. 99-ലും 2004-ലും ബി.ജെ.പിയിലെ വിജയ് കുമാർ മൽഹോത്ര. അടുത്ത തിരഞ്ഞെടുപ്പായപ്പോൾ ബി.ജെ.പിക്ക് ചെറുതായൊന്നു പാളി. അത്തവണയാണ് കോൺഗ്രസിലെ രമേഷ് കുമാർ മണ്ഡലം തട്ടിയെടുത്തത്. കഴിഞ്ഞ തവണ വീണ്ടും ബി.ജെ.പി.
വിജേന്ദർ സിംഗിനെ പാർട്ടി ഏല്‌പിച്ചിരിക്കുന്ന ദൗത്യം ചെറുതല്ലെന്ന് അർത്ഥം.
2009- ൽ വിജയം വരിച്ച രമേശ് കുമാറിനെ ഇത്തവണ ഒരിക്കൽക്കൂടി കളത്തിലിറക്കാനായിരുന്നു കോൺഗ്രസിന്റെ ആദ്യ തീരുമാനമെങ്കിലും, പിന്നീട് അതു തിരുത്തിയാണ് വിജേന്ദർ സിംഗിന് ടിക്കറ്റ് നൽകിയത്. ജാട്ട് വംശജനായ വിജേന്ദർ സിംഗിന് ദക്ഷിണ ഡൽഹിയിലെ ജാട്ട്, ഗുജ്ജാർ സമുദായ വോട്ടർമാരെ സ്വാധീനിക്കാനാകുമെന്നാണ് കോൺഗ്രസ് വിശ്വാസം. പാർട്ടി വോട്ടിനൊപ്പം സമുദായ വോട്ടും വിജേന്ദർ സിംഗിന്റെ കായിതതാര പരിവേഷവും ചേരുമ്പോൾ ഒരു ലക്ഷം വോട്ട് മറിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കണക്ക്.
ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പേരിൽ ഇന്നേവരെയുള്ള ഒരേയൊരു മെഡലാണ് 2008-ൽ ബെയ്ജിംഗിൽ വിജേന്ദർ സിംഗ് നേടിയ വെങ്കലം. 2004-ലെ ഏഥൻസ് ഒളിമ്പിക്‌സിലും 2006-ൽ ഏഷൻ, കോമൺവെൽത്ത് കായികമേളകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. പദ്മശ്രീ, രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേൽ രത്ന... അങ്ങനെ മുപ്പത്തിമൂന്നു വയസ്സിനിടെ വിജേന്ദറിനെ തേടിവന്ന വലിയ ബഹുമതികൾ പലത്. കായികരംഗമല്ല രാഷ്‌ട്രീയമെന്ന് വിജേന്ദറിന് നന്നായി അറിയാം. അത് കോൺഗ്രസിനും അറിയാം. ഇന്ന് പ്രിയങ്കയുടെ റോഡ് ഷോ കൂടി കഴിയുന്നതോടെ ദക്ഷിണ ഡൽഹിയുടെ ജാതകം മാറുമെന്നാണ് പാർട്ടിയുടെ വിശ്വാസം.