election-2019

ലക്‌നൗ: ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാരിന്റെ സഖ്യകക്ഷിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി ഭരണ മുന്നണി വിട്ടു. യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്ന് പാർട്ടി അദ്ധ്യക്ഷൻ ഓം പ്രകാശ് രാജ്ഭർ രാജിവച്ചു. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിക്ക് യു.പി നിയമസഭയിൽ നാല് എം.എൽ.എമാരുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഒറ്റ‌യ്‌ക്കു മത്സരിക്കുമെന്ന് പാർട്ടി നേരത്തേ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 39 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിരുന്നു.

'ഞാൻ ഏപ്രിൽ 13ന് രാജിക്കത്ത് നൽകിയിരുന്നതാണ്. എന്നാൽ ബി.ജെ.പി. ഇതുവരെ അത് അംഗീകരിച്ചില്ല. എനിക്ക് യോഗി സർക്കാരിൽ ഇനി ഒന്നും ചെയ്യാനില്ല' - ഓം പ്രകാശ് രാജ്ഭർ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാട്ടിയുടെ പേരും പതാകയും ബി.ജെ.പി ദുരുപയോഗം ചെയ്യുന്നതായി സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി പരാതിപ്പെട്ടിരുന്നു. കിഴക്കൻ ഉത്തർപ്രദേശിൽ ജനസംഖ്യയുടെ 20 ശതമാനം രാജ്ഭർ സമുദായത്തിൽപ്പെട്ടവരാണ്. യാദവർ കഴിഞ്ഞാൽ യു.പിയിലെ പ്രബല സമുദായമാണ് രാജ്‌ഭ‌‌‌ർ. അടുത്ത രണ്ടു ഘട്ടങ്ങളിലായാണ് യു.പിയിലെ കിഴക്കൻ മേഖലാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്.