ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കേറ്റ് എക്‌സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തിയ പത്താം ക്ലാസ് (ഐ.സി.എസ്.ഇ) പന്ത്രണ്ടാം ക്ലാസ് (ഐ.എസ്.സി) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പരീക്ഷയിൽ 98.54 ശതമാനം പേരും ഐ.എസ്.സി പരീക്ഷയിൽ 96.52 ശതമാനം പേരും ഉപരിപഠനത്തിന് അർഹരായി.
ഐ.സി.എസ്.ഇ പരീക്ഷയിൽ 99.69 ശതമാനം വിജയവുമായി ദക്ഷിണമേഖലയാണ് ഒന്നാമത്. 98.38 ശതമാനം വിജയവുമായി പശ്ചിമമേഖല രണ്ടാമതെത്തി. 98.51 ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. ഐ.സി.എസ്.ഇ പരീക്ഷയിൽ 99.6 ശതമാനം മാർക്ക് നേടിയ മുംബയ് സ്വദേശി ജൂഹി രൂപേഷ് കജാരിയ, പഞ്ചാബ് മുക്ത്‌സാർ സ്വദേശി മൻഹാർ ബൻസാൽ എന്നിവർ ഒന്നാമതെത്തി. ഐ.എസ്.സി പരീക്ഷയിൽ 100 ശതമാനം മാർക്കുമായി കൊൽക്കത്തയിലെ ദേവാംഗ് കുമാർ അഗർവാൾ, ബെംഗളൂരുവിലെ വിഭ സ്വാമിനാഥൻ എന്നിവർ ഒന്നാമതെത്തി. പരീക്ഷാ ഫലത്തിന് www.cise.org, www.results.cise.org എന്നീ വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്യാം.