യാങ്കോൺ:മ്യാൻമറിലെ റോഹിൻഗ്യൻ മുസ്‌ലീങ്ങളുടെ കൂട്ടക്കൊല റിപ്പോർട്ട് ചെയ്യുന്നതിനിടെ ഭരണകൂടം അറസ്റ്റ്ചെയ്‌ത് 500 ദിവസമായി തടവിലിട്ടിരുന്ന റോയിട്ടേഴ്സ് ലേഖകരായ വാ ലോൺ, ക്യോ സോ ഊവ് എന്നിവരെ ചൊവ്വാഴ്ച മോചിപ്പിച്ചു. റോഹിൻഗ്യൻ കൂട്ടക്കൊലയെ പറ്റിയുള്ള അന്വേഷണാത്മക പരമ്പരയ്‌ക്ക് ഇരുവരും അടുത്തിടെ പുലിറ്റ്സർ
പ്രൈസ് നേടിയിരുന്നു.
രാജ്യത്തെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ 2017 ഡിസംബറിൽ തടവിലാക്കിയത്. 2018 ഏപ്രിലിൽ ഇവരുടെ അപ്പീൽ തള്ളുകയും ഏഴ് കൊല്ലത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. മാദ്ധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് മ്യാൻമറിന്റെ പ്രവൃത്തിയെന്ന് ലോകം കുറ്റപ്പെടുത്തി. മനുഷ്യാവകാശപ്രവർത്തരും സാമൂഹ്യപ്രവർത്തകരും ഇരുവരുടേയും മോചനത്തിനായി പ്രവർത്തിച്ചു വരികയായിരുന്നു.
മ്യാൻമറിലെ പുതുവർഷത്തോടനുബന്ധിച്ച് (ഏപ്രിൽ 17) പ്രസിഡന്റ് തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ചതാണ് ഇരുവരുടേയും മോചനത്തിന് വഴിതെളിച്ചത്. യുഎൻ, റോയിട്ടേഴ്സ് പ്രതിനിധികൾ, മറ്റ് രാഷ്ട്രങ്ങളിലെ പ്രതിനിധികൾ എന്നിവർ ഇവർക്കായി മ്യാൻമറുമായി ചർച്ചകൾ നടത്തിയിരുന്നു