വയനാടിനെയും റായ്ബറേലിയെയും അമേതിയെയും റോഡ് ഷോകളിലൂടെ കൈയിലെടുത്ത പ്രിയങ്കയും രാഹുലും ഇനി ഇന്ദ്രപ്രസ്ഥത്തിൽ. ഞായറാഴ്‌ച വോട്ടടെപ്പു നടക്കുന്ന ഡൽഹിയിലെ മണ്ഡലങ്ങളിലാണ് ഇന്നു മുതൽ ജ്യേഷ്‌ഠത്തിയുടെയും അനുജന്റെയും പ്രചാരണ പര്യടനം. ഇന്ന് നോർത്ത് ഈസ്റ്റ് ഡൽഹിയിലും സൗത്ത് ഡൽഹിയിലും റോഡ് ഷോ നടത്തുന്ന പ്രിയങ്ക വരുംദിവസങ്ങളിൽ മറ്റു മണ്ഡലങ്ങളിലും തരംഗമാകും.
രാജീവ്ഗാന്ധിയെ അവഹേളിക്കാൻ ബോഫോഴ്സ് ഇടപാട് തിരഞ്ഞെടുപ്പു വിഷയമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശങ്ങളാണ് പ്രിയങ്ക പ്രധാന ആയുധമാക്കുക. രാജീവ്ഗാന്ധിയെ നമ്പർ വൺ അഴിമതിക്കാരനെന്നു വിളിച്ച മോദിയെ പ്രിയങ്കയും രാഹുലും കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കർമ്മഫലം മോദിയെ കാത്തിരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ മറുപടിയെങ്കിൽ, പ്രിയങ്കയുടെ പ്രതികരണങ്ങൾ കുറേക്കൂടി വൈകാരികമാണ്.
മരണമടഞ്ഞവരെക്കുറിച്ച് ആദരവോടെ സംസാരിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവുമെന്ന് ഇന്നലെയും പ്രിയങ്ക പറഞ്ഞു. തന്റെ അച്ഛനെക്കുറിച്ച് മോശമായി പ്രചരിപ്പിക്കുന്നവർക്ക് മാപ്പു കൊടുക്കണോ എന്നാണ് സ്ത്രീകളോട് പ്രിയങ്കയുടെ ചോദ്യം. സ്ത്രീകൾക്കിടയിൽ പ്രിയങ്കയുടെ വാക്കുകൾ ഏല്‌ക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.
ഡൽഹി പി.സി.സി അദ്ധ്യക്ഷയും നോർത്ത് ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും മോദിയുടെ രാജീവ് പരാമർശം പോളിംഗ് ദിവസം വരെ കത്തിച്ചുനിറുത്താനുള്ള ശ്രമത്തിലാണ്. ആധുനിക സമൂഹത്തിനും സംസ്‌കാരത്തിനും ചേരാത്ത പദപ്രയോഗങ്ങൾ തുടർച്ചയായി നടത്തുന്ന നരേന്ദ്രമോദി, പ്രധാനമന്ത്രി പദത്തിൽ തുടരാൻ യോഗ്യനല്ലെന്നാണ് ഷീലാ ദീക്ഷിതിന്റെ പ്രതികരണം. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബി.ജെ.പിയുടെ മനോജ് തിവാരിയാണ് ഷീലയുടെ പ്രധാന എതിരാളി. 1998 മുതൽ 2013 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന് നോർത്ത് ഈസ്റ്റ് മണ്ഡലം ഉള്ളംകൈ പോലെ പരിചിതം. അവിടെ നിന്ന് നേരത്തേ മത്സരിച്ചു ജയിച്ചതിന്റെ ആത്മവിശ്വാസവുമുണ്ട്.
2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിനോട് എതിരിട്ടു പരാജയപ്പെട്ടതിന്റെ ക്ഷീണം ചെറുതായല്ല ഷീലയെ ബാധിച്ചത്. ഡൽഹി മുഖ്യമന്ത്രിപദം കൈമോശം വന്ന ഷീല പിന്നെ കുറേക്കാലം സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിൽ നിന്നുതന്നെ വിട്ടുനിന്നു. കെജ്‌രിവാൾ 44,269 വോട്ട് നേടിയ ആ തിരഞ്ഞെടുപ്പിൽ വെറും 18,405 വോട്ടാണ് ഷീലയ്‌ക്കു കിട്ടിയത്. 25,864 വോട്ട് ഭൂരിപക്ഷം നേടിയ കെജ്‌രിവാൾ 2015 ലെ തിരഞ്ഞെടുപ്പിൽ അത് 31,583 ആയി വർദ്ധിപ്പിക്കുകയും ചെയ്‌തു.
ഇത്തവണ നോർത്ത് ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ ഷീല നേരിടുന്നത് കടുത്ത മത്സരമാണ്. 2009-ലെ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജയ്പ്രകാശ് അഗർവാൾ 2,22,243 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ മനോജ് തിവാരി പിടിച്ചത് 1,44,084 വോട്ട് ഭൂരിപക്ഷത്തിൽ. ആം ആദ്മി സ്ഥാനാർത്ഥി നേടിയതിന്റെ പകുതി വോട്ട് പോലും കഴിഞ്ഞ തവണ കോൺഗ്രസിന് നോർത്ത് ഈസ്റ്റിൽ നേടാനായതുമില്ല. ആം ആദ്മിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഷീലയുടെ പഴയ പൊടിക്കൈകൾ ഫലിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.