തൃശൂർ: എം.ജി റോഡിലെ കടവരാന്തയിൽ കിടന്നുറങ്ങിയ നാടോടി സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ സാഹസികമായി കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. നഗരത്തിൽ അന്തിയുറങ്ങുന്ന കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശി അരീക്കാട്ടിൽ വീട്ടിൽ ജോമോൻ വർഗീസാണ് (41) അറസ്റ്റിലായത്. കഞ്ചാവിന് അടിമയായ ഇയാളെ കീഴടക്കാനുള്ള ശ്രമത്തിനിടെ ആക്‌ട്‌സ് ഗാർഡിന് മാർബിൾ കഷണം കൊണ്ട് കുത്തേറ്റു. കുന്നംകുളം കോട്ടപ്പടിയിലെ പൊക്കാട്ടിൽ വീട്ടിൽ ഷിതിനാണ് പരിക്കേറ്റത്. വാരിയെല്ലിന്റെ ഭാഗത്ത് കുത്തേറ്റ ഷിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച രാത്രി 12.30ന് രാംദാസ് തിയേറ്ററിന് മുന്നിലായിരുന്നു സംഭവം. ഒരു പുരുഷനെ ആക്രമിച്ച ശേഷം സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് ജോമോനെ ഷിതിനും ആക്ട്സിന്റെ ആംബുലൻസ് ഡ്രൈവർ ജോണിക്കുട്ടിയും ചേർന്ന് പിടികൂടിയത്. മുണ്ടൂരിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ തൃശൂർ ജനറൽ ആശുപത്രിയിലാക്കിയ ശേഷം മടങ്ങുകയായിരുന്നു ഇവർ.
വാഹനം നിറുത്തിയ ഉടൻ ജോമോൻ ഇവരെയും ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം ജോണിക്കുട്ടി ആംബുലൻസിന്റെ സൈറൻ മുഴക്കി. തുടർന്നാണ് ഷിതിനെ ജോമോൻ മാർബിൾ കഷണത്തിന് ആക്രമിച്ചത്. ഇതിനിടെ സൈറൻ കേട്ടതോടെ ആളുകളും ഓടിയെത്തി. അക്രമിയെ ഉടുത്തിരുന്ന മുണ്ടുപയോഗിച്ച് കെട്ടിയെങ്കിലും കീഴ്‌പ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന കയറെടുത്ത് അക്രമിയെ കെട്ടിയിട്ടു. പിന്നീട് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് ജോമോനെ അറസ്റ്റ് ചെയ്തു.