എന്നെക്കൂടി വീട്ടിൽ കൊണ്ടുപോ..അമ്മേ..ഞാൻ വഴക്കൊന്നും ഉണ്ടാക്കില്ല. എന്നേക്കൂടി കൊണ്ടു പോവമ്മേ.. ഞാൻ അടങ്ങി നിന്നോളാം...'അച്ഛൻ" അടിച്ചാലും ഞാൻ കൊണ്ടോളാം അമ്മേ.."ആ രണ്ടാം ക്ലാസ്സുകാരന്റെ അലറി വിളിച്ചുള്ള കരച്ചിൽ കണ്ടുനിൽക്കാൻ പ്രയാസമായിരുന്നു. അമ്മയെ വിടാതെ കെട്ടിപ്പിടിച്ച് അവൻ കരച്ചിൽ തുടർന്നു. ആ അമ്മ നിസഹായയായിരുന്നു. ഉപേക്ഷിച്ചുപോയ ആദ്യഭർത്താവിലുള്ള മകനാണ്. അമ്മയ്ക്കൊപ്പം പൊന്നുമോനെ വിട്ടിട്ടാണ് രണ്ടാമത് കെട്ടിയയാളിനൊപ്പം മറ്റൊരിടത്ത് താമസിക്കുന്നത്. ആദ്യ ബന്ധത്തിലെ കുട്ടിയെ രണ്ടാം കെട്ടിയോന് ഇഷ്ടമല്ല. ഒരിക്കൽ ഒപ്പം കൊണ്ട് നിറുത്തിയപ്പോൾ നന്നായി ഉപദ്രവിച്ചു. ആ ക്രൂരനെയോർത്താണ് അടി സഹിച്ചായാലും അമ്മയ്ക്കൊപ്പം നിൽക്കാനുള്ള മോഹം ആ കുട്ടി പങ്കുവച്ചത്. സ്നേഹമില്ലാഞ്ഞിട്ടല്ല നിവൃത്തിയില്ലാഞ്ഞിട്ടാണ് വീണ്ടും നാട്ടിൽ അമ്മയ്ക്കൊപ്പം കൊണ്ടു നിറുത്തിയത്. വൃദ്ധയായെങ്കിലും അമ്മ അടുത്ത വീടുകളിൽ വേലയ്ക്കുപോകും.അമ്മയുടെ കാഴ്ച കുറഞ്ഞുവരുന്നു. ഇനിയെത്രനാൾ പേരക്കുട്ടിയെ നോക്കാൻ അമ്മയ്ക്കാവും. ഒരെത്തും പിടിയുമില്ല. രക്ഷകർത്താവിനെക്കാണണമെന്ന് സ്കൂളിൽ നിന്ന് ആവശ്യപ്പെട്ടതിനാലാണ് രണ്ടാം കെട്ടിയോന്റെ കണ്ണുവെട്ടിച്ച് ഓടിയെത്തിയത്. കുട്ടി ക്ളാസ്സിൽ ശ്രദ്ധിക്കുന്നില്ലെന്ന പതിവ് പരാതിയല്ല ടീച്ചർ പറഞ്ഞത്. അമ്മയെക്കാണണമെന്ന് പറഞ്ഞ് ക്ളാസ്സിലിരുന്ന് കരയുന്ന കുട്ടിയുടെ കാര്യം പറയാനാണ് വിളിപ്പിച്ചത്.സാഹചര്യം കൊണ്ടെത്തിച്ച ജീവിതത്തിന്റെ വഴിത്തിരിവിൽ ഒന്നുംചെയ്യാനാവാതെ ആ അമ്മ പകച്ചുനിന്നു.... മകന്റെ പിടി നിർബന്ധമായി വിടുവിച്ച് തിരിഞ്ഞുനടക്കും മുമ്പ് ആ അമ്മ കേണു..ഒരമ്മയുടെ സ്നേഹംകൂടി തന്റെ മോന് നൽകണേ ടീച്ചറേയെന്ന്....
'എനിക്ക് അടുത്തയാഴ്ച എൺപതു വയസ്സാകും. നിനക്ക് വരാൻകഴിയില്ലെന്ന് എനിക്കറിയാം.എങ്കിലും നിന്നെയും നിന്റെ കുട്ടികളേയും ഒന്നുകാണാൻ കൊതിയാകുന്നു. സ്ക്കൈപ്പിലൂടെ മാസത്തിലൊരിക്കൽ ചാറ്റ് ചെയ്യുന്നില്ലേയമ്മേയെന്ന് നീ പറയുമെന്ന് എനിക്കറിയാം. എങ്കിലും എന്റെ മോനെ നിന്നേയൊന്ന് നേരിൽക്കണ്ടിട്ട് എത്ര നാളാകുന്നു. നീ അവസാനമായി വന്നുപോയിട്ട് നാലുവർഷമാകുന്നു.വലിയ ഉദ്യോഗമാണ് . യാത്രകളും മീറ്റിംഗുകളും തിരക്കുമൊക്കെയാണ് നിനക്കും കെട്ടിയോൾക്കുമെന്നും അറിയാഞ്ഞിട്ടല്ല.നിന്റെ അപ്പൻ മരിച്ചപ്പോളാണ് നീ ഒടുവിൽ വന്നത്. അന്നുതന്നെ ചടങ്ങുകളെല്ലാം തീരുന്നതുവരെ നിൽക്കാൻ സമയമില്ലെന്ന് പറഞ്ഞു നീ മടങ്ങുകയായിരുന്നു. ക്ളാസ് നഷ്ടപ്പെടുമെന്ന് പറഞ്ഞ് അന്ന് നീ കുട്ടികളെ രണ്ടുപേരേയും കൊണ്ടുവന്നതുമില്ല.നിന്റെ കുട്ടികളെ കാണാനും ലാളിക്കാനും നിന്റെയപ്പനും എനിക്കും എന്ത് കൊതിയായിരുന്നുവെന്ന് നിനക്കറിയുമോ? ഓരോ വർഷവും വെക്കേഷനാകുമ്പോൾ നീയും കുട്ടികളും കെട്ടിയോളും വരുമെന്ന് കരുതി ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുമായിരുന്നു. എല്ലാ പലഹാരങ്ങളും ഉണ്ടാക്കി പാട്ടയിലിട്ടുവയ്ക്കും. പറമ്പെല്ലാം കുട്ടികൾക്ക് കളിക്കാനായി അപ്പൻ ചെത്തിമിനുക്കി വൃത്തിയാക്കിയിടും. ഊഞ്ഞാല് കെട്ടും. അങ്ങനെ പേരക്കുട്ടികളുമൊത്ത് ജീവിതത്തിന്റെ സായാഹ്നത്തെ ഉത്സവമാക്കി മാറ്റാൻ ഞങ്ങൾ എത്ര കാത്തിരുന്നു. പക്ഷേ ഒരിക്കൽപ്പോലും നീ വന്നില്ല. വരുമെന്ന് പറഞ്ഞിട്ട് അവസാനനിമിഷം എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് നീ ഒഴിവാകും. നിന്റെ അമേരിക്കക്കാരി ഭാര്യയെ ഞങ്ങൾ മകളെപ്പോലെ സ്വീകരിക്കാൻ എത്ര കാത്തിരുന്നു.
നീ ഓർക്കുന്നുണ്ടോ...?നിന്നെ ഞാനും നിന്റെയപ്പനും എത്ര സ്നേഹിച്ച്, എത്ര ഓമനിച്ചാണ് വളർത്തിയതെന്ന് ...?ഒന്നിനും ഞങ്ങൾ കുറവ് വരുത്തിയിരുന്നില്ല. നിന്റെ നിർബന്ധങ്ങൾക്കെല്ലാം കൂട്ടുനിന്നു. മക്കളെ അടിച്ചു വളർത്തണമെന്ന് പറഞ്ഞവരോടൊക്കെ ഞങ്ങൾ ഞങ്ങടെ മകനെ അടിക്കാതെയാണ് വളർത്തുന്നതെന്ന് അഭിമാനത്തോടെയാണ് പറഞ്ഞത്.
പിറന്നാളിന് ആഘോഷങ്ങളൊന്നും വേണ്ടെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്.അല്ലെങ്കിലും നിന്റെയപ്പൻ പോയതോടെ എന്റെ ആഘോഷങ്ങളെല്ലാം അവസാനിച്ചു. വിരസമായി മാറിയ ഈ ജീവിതത്തിൽ നിന്ന് എത്രയും വേഗം എന്നെ തിരിച്ചുവിളിക്കണേയെന്നാണ് ഞാനിപ്പോൾ എന്നും കർത്താവിനോട് പ്രാർത്ഥിക്കുന്നത്.എന്നെ രാജ്ഞിയെപ്പോലെയാണ് നിന്റെയപ്പൻ എന്നും കൊണ്ടുനടന്നത്. നീ നിന്റെ ഭാര്യയേയും മക്കളേയും സ്നേഹിക്കുന്നുണ്ടോ ...മോനെ..?ജീവിതം അന്നന്നു മാത്രമുള്ളതാണെന്ന് നിന്റെയപ്പൻ എപ്പോഴും പറയുമായിരുന്നു.അത് നന്നായി ജീവിച്ചുതീർക്കണം. നാളെ ഒരുകാലത്ത് എല്ലാം ശരിയായശേഷം ജീവിക്കാമെന്ന് വിചാരിച്ചാൽ അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരിക്കും. മരിക്കും മുമ്പ് നിന്നെ ഒരിക്കൽക്കൂടി കാണണമെന്നുണ്ട്.. എന്റെ ശവമടക്കിന് വരാൻ വേണ്ടി നീ കാത്തിരിക്കേണ്ട.
സ്വന്തം അമ്മ.
അമ്മ പോയിട്ട് മൂന്നുവർഷമാകാറാവുന്നു.എല്ലാം ഇന്നലെയെന്നപോലെ എന്നും കൺമുന്നിൽ തെളിയുന്നുണ്ട്. ഒരു ഓണത്തിന്റെ ആഘോഷങ്ങൾക്ക് അവസാനമാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് തികച്ചും അപ്രതീക്ഷിതമായി അമ്മ വിടപറഞ്ഞത്. മക്കളും പേരക്കുട്ടികളുമൊത്ത് പാട്ടും കഥപറച്ചിലുമെല്ലാമായി ആകെ ബഹളമയമായിരുന്നു. അച്ഛന്റെ വേർപാടിനുശേഷം അമ്മ ഉള്ളുതുറന്ന് ചിരിച്ചത് ആ ഓണത്തിനായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോൾ മക്കൾക്ക് സന്തോഷമാകട്ടേയെന്ന് കരുതി ആഹ്ളാദം ഭാവിച്ചതുമാകാം.ഓണം കഴിഞ്ഞ ദിനത്തിൽ ചെറിയൊരു നെഞ്ചുവേദന. ആശുപത്രിക്കാരുടെ കച്ചവടക്കണ്ണിനിരയായി അഡ്മിറ്റായതിന്റെ അടുത്ത ദിവസം അമ്മ യാത്രയായി. ചികിത്സാപ്പിഴവായിരുന്നു കാരണം. ജ്വലിച്ചുനിന്ന സൂര്യൻ നട്ടുച്ചയ്ക്ക് അസ്തമിച്ചതുപോലെയായിരുന്നു ആ മരണം. അച്ഛന്റെ വേർപാടിനുശേഷം മൂന്നുവർഷം കൂടിയെ അമ്മ ജീവിച്ചിരുന്നുള്ളു. എങ്കിലും അച്ഛൻ എന്ന സത്യം ഓർമ്മ മാത്രമായി മാറിയപ്പോൾ ,സമാധാനിക്കാൻ അമ്മയെന്ന തണൽ ബാക്കിയുണ്ടായിരുന്നു. ഒറ്റപ്പെട്ടുവെന്ന തോന്നൽ അമ്മയ്ക്കുണ്ടാകാതിരിക്കാൻ ഓരോ മക്കളും അവരവരുടേതായ പരിമിതിക്കുള്ളിൽ നിന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമ്മയ്ക്ക് കുറവുകൾ വരാതിരിക്കാൻ കരുതലെടുത്തു. എങ്കിലും ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ കുറേക്കൂടി സമയം അമ്മയ്ക്കുവേണ്ടി പങ്കുവയ്ക്കേണ്ടിയിരുന്നില്ലേയെന്ന നീറ്റൽ മനസിനെ വിടാതെ പിന്തുടരുന്നുവെന്ന് ആ മക്കൾ പറയുന്നു.അമ്മ ഒരിക്കലും പരാതികൾ പറഞ്ഞിരുന്നില്ല. എങ്കിലും അമ്മയെ രാവിലെ മ്യൂസിയത്ത് നടക്കാനായി കൊണ്ടുപോകാമായിരുന്നു. സായാഹ്നങ്ങളിൽ കടൽത്തീരത്ത് കൊണ്ടുപോകുന്നത് രണ്ട് മാസത്തിലൊരിക്കലെന്നത് രണ്ടാഴ്ചയിലൊരിക്കലാക്കാമായിരുന്നു. അങ്ങനെ പലതും. മക്കൾക്കുവേണ്ടി അമ്മ ചെലവഴിച്ച സമയത്തെക്കുറിച്ചോർക്കുമ്പോൾ ഇതൊക്കെ എത്ര നിസാരമായിരുന്നു.
എന്നും രാവിലെ ഓഫീസിലേക്കു പോകുമ്പോൾ കുളിച്ച് കുറിയിട്ട് പത്രവും വായിച്ച് ഐശ്വര്യത്തിന്റെ മുഖമെന്നപോൽ അമ്മയിരിക്കുമായിരുന്നു. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ചെല്ലാൻ വൈകിയാൽ,പേരക്കുട്ടി സ്കൂളിൽ നിന്ന് മടങ്ങിയെത്താൻ വൈകിയാൽ , മരുമകൾ തിരിച്ചെത്താൻ വൈകിയാൽ എല്ലാം അമ്മയ്ക്ക് ആധിയായിരുന്നു. കൺമുന്നിൽ പേരക്കുട്ടിയെ ശകാരിക്കുന്നതുപോലും അമ്മ സഹിക്കില്ലായിരുന്നു. അമ്മയുടെ സ്നേഹം മരിക്കുംവരെയും മക്കൾക്കുള്ളതാണ്. മക്കൾ ആ സ്നേഹം അതിനിരട്ടിയായി തിരിച്ചുനൽകാറുണ്ടോ..? അല്ലെങ്കിൽ അതുപോലെയെങ്കിലും....? അമ്മ പോയശേഷം അന്ന് അങ്ങനെ ചെയ്തിരുന്നെങ്കിലെന്ന് ചിന്തിച്ച് വിഷമിച്ചിട്ടെന്ത് കാര്യം.?കാരണം അമ്മ ഇനി ഒരിക്കലും ഒപ്പം ഉണ്ടാകില്ലല്ലോ.
( ലേഖകന്റെ ഫോൺ : 9946108234 )