തൃശൂർ: കേരളത്തിൽ ഏറെ ആരാധകരുള്ള കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പൂരത്തിന് എഴുന്നെള്ളിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ.രാജു. രാമചന്ദ്രന് 54 വയസ് കഴിഞ്ഞെന്നും അതുകൊണ്ട് തന്നെ പ്രായത്തിന്റെ പ്രശ്നങ്ങൾ അലട്ടുന്നതായും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2009 മുതലുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ രാമചന്ദ്രൻ 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരൻ. കൂനത്തൂർ കേശവൻ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തിയിട്ടുമുണ്ട്. ഇതേതുടർന്ന് മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആനയുടമകൾ നൽകേണ്ട നഷ്ടപരിഹാരമോ ഇൻഷൂറൻസ് തുകയോ പോലും പല കേസുകളിലും ഇനിയും നൽകിയിട്ടില്ലെന്നും പറയുന്നു.
ആവേശപ്രകടനങ്ങൾക്കല്ല ജനനന്മ ലക്ഷ്യമാക്കി, ജനങ്ങൾക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്നും ഈ വിഷയത്തിൽ നടത്തുന്ന വ്യാജപ്രചാരണങ്ങൾ നടത്തുന്നവർ അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികൾ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ളവരാണെന്നും മന്ത്രി ഫേസൂബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ എന്ന ആനയ്ക്ക് രേഖകൾ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയിൽ മനസ്സിലായിട്ടുണ്ട്. അത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാൽ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥർ കഠിനമായി പീഢിപ്പിക്കുകയായിരുന്നു. അതിന്റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളിൽ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്.
ഇതൊക്കെയായിട്ടും അത് പല തവണ അക്രമാസക്തമായിട്ടുണ്ട്. 2009 മുതലുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ അത് 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരൻ, കൂനത്തൂർ കേശവൻ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തി യിട്ടുമുണ്ട്. ഏറ്റവുമൊടുവിലായി 08-02-19 ൽ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആനയുടമകൾ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത.
ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശ്ശൂർ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. അമ്പലപരിസരം മുഴുവൻ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളിൽ എഴുന്നെള്ളിച്ചു നിൽക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാൻ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
ഈ ആനയെ സംബന്ധിച്ച് വിദഗ്ധരായ ആളുകൾ ഉൾപ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈൽഡ്‌ലൈഫ് വാർഡന് റിപ്പോർട്ട് സമർപ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്.
ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കളക്ടർക്കാണ്.ഇക്കാര്യത്തിൽ കേവലം ആവേശ പ്രകടനങ്ങൾക്കല്ല ജന നന്മ ലക്ഷ്യമാക്കി, ജനങ്ങൾക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുൻവർഷങ്ങളിലെപ്പോലെ തന്നെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സർക്കാർ സ്വീകരിച്ചു നടപ്പാക്കുന്നത്.
ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികൾ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അൽപ്പവും വില കൽപ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങൾക്ക് പിന്നിൽ. ഇത് മനസ്സിലാക്കി ജനങ്ങൾ ഇത്തരം വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് അഭ്യർത്ഥിക്കുന്നു.