പാട്ന : ബീഹാറിലെ മുസഫർപുരിലെ ഹോട്ടലിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ പിടിച്ചെടുത്തു. രണ്ട് വിവിപാറ്റ് യന്ത്രങ്ങൾ, രണ്ട് ബാലറ്റ് യൂണിറ്റ്, ഒരു കൺട്രോൾ യൂണിറ്റ് എന്നിങ്ങനെ അഞ്ച് യന്ത്രങ്ങളാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച അഞ്ചാംഘട്ട വോട്ടിംഗിനിടെയാണ് സംഭവം.
സെക്ടർ ഉദ്യോഗസ്ഥനായ അവദേഷ് കുമാറിന്റ പക്കൽ നിന്നാണ് യന്ത്രങ്ങൾ പിടിച്ചെടുത്തത്. കേടാകുന്ന യന്ത്രങ്ങൾക്ക് പകരം എത്തിക്കാൻ നൽകിയിരുന്ന യന്ത്രങ്ങളാണ് പിടിച്ചെടുത്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു. യന്ത്രങ്ങൾ ഹോട്ടലിൽ സൂക്ഷിച്ച ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി തുടങ്ങിയതായി ജില്ലാ കളക്ടർ വ്യക്തമാക്കി. വാഹനത്തിൽ നിന്ന് യന്ത്രങ്ങൾ ഹോട്ടൽമുറിയിലേക്ക് മാറ്റിയത് ചട്ടലംഘനമാണെന്ന് ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച വാഹനത്തിലെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയപ്പോൾ യന്ത്രങ്ങൾ ഹോട്ടലിലേക്ക് മാറ്റിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാൽ ഹോട്ടലിലേക്ക് മാറ്റാൻ ചട്ടം അനുവദിക്കുന്നില്ല. ഇതു ശ്രദ്ധയിൽപ്പെട്ടവർ ജില്ലാ മജിസ്‌ട്രേട്ടിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനേ നടന്ന പരിശോധനയിൽ വോട്ടിംഗ് യന്ത്രങ്ങൾ കണ്ടെത്തുകയും പിടിച്ചെടുക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.