priyanka

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാഭാരതത്തിലെ ദുര്യോധനനോട് ഉപമിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 'ദുര്യോധനൻ അസൂയയും അഹങ്കാരവും കുശുമ്പും നിറഞ്ഞ സ്വഭാവത്തിന് ഉടമയും ഗൂഢാലോചനക്കാരനുമായിരുന്നു. ഇതാണ്, മഹാഭാരത യുദ്ധത്തിന് കാരണമായത്.

മഹാഭാരതത്തിൽ ധാർഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനന് പതനമുണ്ടായതുപോലെ നരേന്ദ്രമോദിയും തകരും. ഉപദേശിക്കാൻ പോയ കൃഷ്ണനെപ്പോലും ദുര്യോധനൻ ബന്ധിയാക്കി. സർവനാശത്തിന്റെ കാലത്ത് വിവേകം മരിക്കും."- ഹരിയാനയിലെ അംബാലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ തന്റെ പിതാവിനെ മോദി അപമാനിച്ചുവെന്നും പ്രിയങ്ക പറഞ്ഞു.

'23ന് അറിയാം ആരാണ് ദുര്യോധനനെന്ന്: അമിത് ഷാ

ആരാണ് ദുര്യോധനൻ, ആരാണ് അർജുനനെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തിരിച്ചടിച്ചു. പ്രിയങ്ക പരിഹസിച്ചതുകൊണ്ട് ആരും ദുര്യോധനനാകില്ല. രാജീവ് ഗാന്ധിയെക്കുറിച്ചു യാഥാർത്ഥ്യങ്ങളാണ് മോദി പറഞ്ഞത്. ജയ് ശ്രീറാം വിളിക്കുന്നവരെ അറസ്റ്റുചെയ്യാൻ ബംഗാൾ പാകിസ്ഥാനല്ലെന്നും അമിത് ഷാ പറഞ്ഞു.

മോദിക്ക് മറുപടി ജനാധിപത്യപരമായി: മമത

മോദി ബംഗാളിൽ വന്ന് പറഞ്ഞത് ഞാൻ ഏറ്റവും വലിയ അഴിമതിക്കാരിയാണെന്നാണ്. എന്റെ പാർട്ടി പ്രവർത്തിക്കുന്നത് അഴിമതി നടത്തിയ പണംകൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതിനുള്ള മറുപടി ജനാധിപത്യപരമായി നൽകും." -മമത പറഞ്ഞു