കോഴിക്കോട്: അപകടത്തിൽ നഷ്ടപ്പെട്ട അച്ഛന്റെ ഓർമ്മ തിരിച്ചുകൊണ്ടുവരാൻ മകളുടെ ശബ്ദത്തിന് സാധിച്ചേക്കാമെന്ന് ഡോക്ടർ പറഞ്ഞു. അച്ഛന്റെ അടുത്തിരുന്ന് ആര്യ രാജ് പാഠപുസ്തകങ്ങൾ ഉറക്കെ വായിച്ചു. ആ വായനയാണ് ആര്യയ്ക്ക് എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിക്കൊടുത്തത്. പക്ഷേ, ദുർവിധിയാൽ അതും അച്ഛനറിഞ്ഞില്ല.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ കണ്ണൂരിൽ വച്ചാണ് ആര്യയുടെ പിതാവ് രാജന് വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഒന്നര മാസത്തോളം ആശുപത്രിയിൽ ചികിത്സിച്ചു. ബ്ലീഡിംഗ് കൂടുകയും നീരുവയ്ക്കുകയും ചെയ്തതോടെ തലച്ചോറിന്റെ ഒരു ഭാഗം പുറത്തെടുത്ത് പ്രത്യേകം സൂക്ഷിക്കേണ്ട അവസ്ഥയായി. ഇപ്പോഴും അത് കണ്ണൂരിലെ ഹോസ്പിറ്റലിൽ തന്നെ. ഓർമ്മ തിരിച്ചുകിട്ടിയാലെ അത് തിരികെ സ്ഥാപിക്കാൻ കഴിയൂ. ആറര ലക്ഷത്തോളം രൂപയാണ് ആശുപത്രിയിൽ ചെലവായത്. വാടകവീട്ടിൽ, ശരീരം തളർന്ന് ഓർമ്മ നശിച്ച് വല്ലാത്തൊരവസ്ഥയിലാണ് ഇപ്പോൾ രാജൻ. ഭാര്യ സബിത തയ്യൽ ജോലി ചെയ്തിരുന്നെങ്കിലും തുടർച്ചയായി വന്ന അസുഖങ്ങൾ അവരെയും തളർത്തി.
ഗ്യാസ് പൈപ്പ് ലൈൻ ജീവനക്കാരനായ രാജന്റെ വരുമാനംകൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. അപകടത്തോടെ ആര്യയുടെ പഠിത്തവും മുടങ്ങി. അച്ഛനുമായി വാടകവീട്ടിലേക്കു മടങ്ങുമ്പോഴുള്ള ഡോക്ടറുടെ വാക്കുകൾ പ്രതീക്ഷയായി. വീണ്ടും പഠനത്തിലേക്ക് മടങ്ങി. മറ്റ് എ പ്ളസുകാരെപ്പോലെ ഡോക്ടറോ എൻജിനിയറോ ആവണമെന്ന ആഗ്രഹമൊന്നുമില്ല. വിശപ്പു മാറ്റാനുള്ള വഴി, അതു മാത്രമാണ് ചിന്ത. കോമ സ്റ്റേജിൽ നിന്നു ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയ അച്ഛനെ ചികിത്സിക്കാനും വീട്ടിലെ ആവശ്യങ്ങൾ നടത്താനും കഴിയുന്ന ഒരു ജോലി, അത്രയേ മോഹമുള്ളൂ. സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ചികിത്സയ്ക്കായി പലരിൽ നിന്നു വാങ്ങിയ കടവും ബാക്കിയാണ്.
അമ്മയില്ലാതെ സബിത, അനാഥനായി രാജൻ
ചെറുവണ്ണൂർ സ്വദേശികളാണ് രാജനും സബിതയും. സബിതയുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു. വലിയച്ഛന്റെ വീട്ടിലായിരുന്നു പിന്നെ. പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യങ്ങൾ അനുവദിച്ചില്ല. അതിനിടയിലൊരിക്കൽ അനാഥമന്ദിരത്തിൽ വളർന്ന രാജനെ കണ്ടുമുട്ടിയത് പ്രണയമായി വളർന്നു. വിവാഹം കഴിച്ച് വാടക വീട്ടിൽ താമസമായി. മകൾ പിറന്നതോടെ തങ്ങൾക്ക് നഷ്ടപ്പെട്ടത് അവൾക്ക് നൽകാനുള്ള തത്രപ്പാടിലായിരുന്നു ഇരുവരും. മകൾക്ക് വേണ്ടിയാണ് അഞ്ച് വർഷം മുൻപ് ചെറുവണ്ണൂർ വിട്ട് മലാപ്പറമ്പിലെ വനിതാ പോളിടെക്നിക്ക് കോളേജിന് സമീപമുള്ള വാടക വീട്ടിലെത്തിയത്.
അത്താഴമില്ലാതെ പഠനം
അച്ഛനരികിലിരുന്ന് വായിക്കുമ്പോൾ വിശപ്പ് മറക്കുകയായിരുന്നു ആര്യ. ഇപ്പോൾ നഗരത്തിലെ കോച്ചിംഗ് സെന്ററിൽ പ്ലസ് വൺ ക്ലാസിലേക്കുള്ള കോച്ചിംഗിന് പോവുന്ന ആര്യയുടെ പ്രഭാത ഭക്ഷണം ഒരു കഷണം റൊട്ടിയാണ്. ഉച്ചയ്ക്ക് കഞ്ഞി. അതോടെ ഒരു ദിവസത്തെ ഭക്ഷണം കഴിഞ്ഞു. കോച്ചിംഗിന് ഫീസ് ഒഴിവാക്കി കൊടുത്ത സന്തോഷത്തിൽ ഭക്ഷണം കഴിച്ചില്ലെന്നത് മറക്കുകയാണ് ആര്യ.