crime

കോഴിക്കോട്: സ്വർണം കള്ളക്കടത്തു നടത്തുന്ന സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയതായി സംശയം. ദുബായ്‌ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും അരക്കിണർ സ്വദേശിയുമായ മുസഫർ അഹമ്മദിനെയാണ് കാണാതായത്. ഏപ്രിൽ 22ന്‌ വിദേശത്തുനിന്ന് നാട്ടിലെത്തിയ മുസഫറിനെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മേയ് രണ്ടിനാണ് മുസഫറിന്റെ ബന്ധുക്കൾ മാറാട് പൊലീസിൽ ഇതു സംബന്ധിച്ച പരാതി നൽകിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിൽ കള്ളക്കടത്തുകാരുടെ പങ്കുണ്ടെന്ന സംശയം ഉരുത്തിരിഞ്ഞത്.

വിദേശത്തുനിന്ന് ആറുമാസം മുമ്പ് നാട്ടിൽ വന്ന മുസഫറിന്റെ കൈവശം കള്ളക്കടത്ത് സംഘം സ്വർണം കൊടുത്തു വിട്ടിരുന്നു. നാട്ടിലെത്തിയാൽ ഇത് ബന്ധപ്പെട്ടവർക്ക്‌ കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ സ്വർണം മുസഫർ കൈമാറിയില്ല. അതിനുശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു. പിന്നീട് വീണ്ടും കഴിഞ്ഞ മാസം 22ന് നാട്ടിലെത്തി. ഈ വിവരം നേരത്തേ മനസിലാക്കിയ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് കരുതുന്നത്. മാറാട് സി.ഐ ദിലീസിന്റെയും എസ്.ഐ തോമസ് കെ. സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുസഫർ 24 ന് ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. നാട്ടിലെത്തിയിട്ടുണ്ടെന്നും വൈകാതെ വീട്ടിലേക്കെത്തുമെന്നുമായിരുന്നു അറിയിച്ചത്. അതേസമയം ദുബായിൽ നിന്ന് മുസഫർ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. മറ്റേതെങ്കിലും വിമാനത്താവളം വഴിയാവാം നാട്ടിലെത്തിയത് എന്നും സംശയിക്കുന്നു. കാണാതായെന്ന പരാതി ലഭിച്ചതിനുശേഷവും മുസഫർ കോഴിക്കോട് നഗരത്തിലുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. മൊബൈൽ ഫോൺ ടവർ പരിശോധിച്ചതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. മുസഫറിനെ തേടി ആരെങ്കിലും വീട്ടിലെത്തിയിരുന്നോ തുടങ്ങിയ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.