കൊച്ചി: സിനിമയിൽ സത്രീ പുരുഷ വിവേചനം ഇല്ലന്നെ നടൻ ശ്രീനിവാസന്റെ അഭിപ്രായത്തോട് യോജിക്കുന്നെന്ന് നടനും എം.എൽ.എയുമായ മുകേഷ് പറഞ്ഞു. സിനിമയിൽ വനിതകളുടെ സംഘടനയായ ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമാ കളക്ടീവ്) രൂപീകരിച്ചതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപിന്റെ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ അതെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും മുകേഷ് വ്യക്തമാക്കി.
അതേസമയം, നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനെ പിന്തുണച്ച് നടൻ ശ്രീനിവാസൻ രംഗത്തെത്തിയിരുന്നു. ദിലീപ് അത്തരത്തിൽ ഒരു കൃത്യം ചെയ്‌തെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞിരുന്നു. പുതിയ ചിത്രമായ കുട്ടിമാമയുടെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ട് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
സംഭവം നടന്നിട്ട് ഒരാഴ്‌ച കഴിഞ്ഞാണ് ദിലീപ് രംഗത്തു വരുന്നത്. അതുവരെ പൾസർ സുനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ കുക്ക്‌ഡ് അപ്പ് ആയിട്ടുള്ള ഒരു കഥയാണത്. പല സംഗതികളും കേട്ടാൽ മനസിലാകും. അന്ന് കേട്ടിട്ടുള്ളത് പൾസർ സുനി എന്നയാൾക്ക് ദിലീപ് ഒന്നരക്കോടി കൊടുത്തിട്ട് ഇങ്ങനെയൊരു കൃത്യം ചെയ്യിച്ചു എന്നാണ്. എനിക്കറിയാവുന്ന ദിലീപ് ഒന്നരക്കോടി രൂപ പോയിട്ട് ഒന്നരപൈസ പോലും ചിലവാക്കാത്തയാളാണ്.
അസുഖബാധിതനായി ചികിത്സകഴിഞ്ഞ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ ശ്രീനിവാസൻ ഡബ്ല്യു.സി.സിക്ക് എതിരെയും കടുത്ത വിമർശം ഉന്നയിച്ചിരുന്നു. ഡബ്ല്യു.സി.സിയുടെ ഉദ്ദേശമെന്താണെന്നോ അവരുടെ ആവശ്യമെന്തെന്നോ തനിക്കിതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിർണയിക്കുന്നത് താര–വിപണിമൂല്യമാണെന്നും ശ്രീനിവാസൻ പറഞ്ഞു. നയൻതാരയ്ക്കു ലഭിക്കുന്ന വേതനം എത്ര നടന്മാർക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.