തിരുവനന്തപുരം:കേരളത്തിന്റെ വികസനത്തിന്റെ ചിറകരിയാനാണ് കേന്ദ്രസർക്കാർ ശ്രിമിക്കുന്നതെന്നും ദേശീയപാത വികസനം തടസപ്പെടുത്താനുള്ള ശ്രമം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശീയപാതയുടെ വികസനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുമ്പോഴാണ് അകാരണമായി സ്ഥലമെടുപ്പ് നിർത്താൻ ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രളയത്തിന്റെ പേരിൽ ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പ് നിർത്താൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള കേന്ദ്രത്തിന് കത്തെഴുതിയത് ഞെട്ടിക്കുന്നതാണ്. ജനം ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ശ്രീധരൻപിള്ളയ്ക്ക് .
കേന്ദ്രത്തിന് അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങൾ സംസ്ഥാന സർക്കാരിന് മുമ്പിൽ അവതരിപ്പിക്കുവാനോ പരസ്യമായി പ്രസ്താവിക്കാനോ തയ്യാറാവാതെ രഹസ്യമായി കത്തയച്ച് വികസനത്തെ തടയുകയാണ്. പ്രളയത്തിന്റെ പേരിൽ അതിനെ ന്യായീകരിക്കുന്നത് കേരള ജനത തിരിച്ചറിയും.
ജനങ്ങളുടെ താല്പര്യത്തിന് എതിരായ പാർട്ടിയായി ബിജെപി അധ:പതിച്ചതിന് മറ്റ് തെളിവ് വേണ്ട. നാടിന്റെ വികസനത്തെയും പാരമ്പര്യത്തെയും തകർക്കുന്നവരെ തിരിച്ചറിയാനുള്ള വിവേകം കേരള ജനതയ്ക്കുണ്ട്. ദേശീയപാത വികസനത്തിൽ ഒന്നാം പട്ടികയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയിട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ രണ്ടാം പട്ടികയിലേക്ക് മാറ്റിയത് കേട്ടുകേൾവി ഇല്ലാത്തതാണ്. ഇത് ഭരണഘടനയിലെ ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരുമാണ്.
നാടിന്റെ പൊതുവായ വികസനമല്ല, തങ്ങളുടെ ഇംഗിതങ്ങൾക്കനുസരിച്ചുള്ള വികസനമാണ് കേന്ദ്രം നടപ്പാക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് തങ്ങൾക്ക് താത്പര്യമുള്ളിടത്ത് വികസനം എന്നാണ് കേന്ദത്തിന്റെ സമീപനം.
മുഖ്യമന്ത്രി പറഞ്ഞ മറ്റുകാര്യങ്ങൾ
സംസ്ഥാനത്തിന് അർഹമായ റെയിൽവേ സോണും ഏയിംസും അനുവദിച്ചില്ല.
നിപ്പയും ഓഖിയും പ്രളയവും ആഘാതം ഏൽപ്പിച്ചിട്ടും അർഹമായ സഹായം നൽകിയില്ല.
നോട്ടുനിരോധനത്തിന്റെ ആഘാതം സഹകരണ മേഖലയെ തകർത്തു.
ഓഖി ദുരിതത്തിൽ മത്സ്യതൊഴിലാളി മേഖലയ്‌ക്കായി 7340 കോടിയുടെ പാക്കേജ് സമർപ്പിച്ചിട്ട് നൽകിയത് 133 കോടി. അതിൽ 21.3 കോടി വെട്ടിക്കുറച്ചു.
പ്രളയക്കെടുതിക്ക് ദേശീയ ദുരന്ത നിധിയിൽ നിന്ന് 5616.7 കോടിയും 5000 കോടിയുടെ പാക്കേജും ആവശ്യപ്പെട്ടു. ലഭിച്ചത് 2904.85 കോടി
മറ്റ് രാജ്യങ്ങളുടെ സഹായം വാങ്ങുന്നത് തടഞ്ഞു. യു.എ.ഇയുടെ 700 കോടി ഇങ്ങനെ നഷ്‌ടമായി.