vellappally-natesan

ആലപ്പുഴ: സാമുദായിക സംവരണം ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്തിരിയണമെന്നും എയ്ഡഡ് മേഖലയിലടക്കം സാമുദായിക സംവരണം വ്യാപിപ്പിക്കണമെന്നും എസ്.എൻ.ഡി.പി യാേഗം വാർഷിക പൊതുയോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.

സംവരണം ഇല്ലാതാക്കുന്ന തരത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നീക്കത്തിൽ യോഗം ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി. പതിറ്റാണ്ടുകളായി സാമുദായിക സംവരണം നടപ്പാക്കിയിട്ടും വിദ്യാഭ്യാസ, തൊഴിൽ, ഭരണ രംഗങ്ങളിൽ പിന്നാക്ക പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി കൈവരിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ലെന്നിരിക്കെ സാമുദായിക സംവരണത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളിൽ നിന്നു സർക്കാർ പിന്തിരിയണം. ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ശബരിമല അടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിന് പൂജാവിധികൾ പഠിച്ച എല്ലാ ഹൈന്ദവർക്കും സാമുദായിക വ്യത്യാസമില്ലാതെ അർഹതയുണ്ടായിരിക്കണമെന്ന ചട്ടം നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ഭൂരഹിതരായി ആരുമില്ലെന്ന് ഉറപ്പാക്കാൻ അധികഭൂമി പിടിച്ചെടുത്ത് അർഹതപ്പെട്ടവർക്ക് നൽകണം. പ്രളയ ദുരിതാശ്വാസങ്ങൾ ധൃതഗതിയിലാക്കണം. വസ്തുവും വീടും നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം ഇവ നൽകണമെന്നും കേരളത്തെ ഭീകരവാദികൾ പരിശീലന കേന്ദ്രമായി ഉപയോഗിക്കുന്നതിനെതിരെ സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.