election-2019

ദീദീ, ബംഗാൾ

ഇന്ത്യയിലാണ്

ഇന്ത്യയിൽ ജയ്ശ്രീറാം ഉച്ചരിക്കാൻ പറ്റുന്നില്ലെങ്കിൽപ്പിന്നെ അത് പാകിസ്ഥാനിൽ പോയി പറയാൻ പറ്റുമോ? ഞാൻ ഇവിടെ ജയ് ശ്രീറാം എന്ന് വിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി (മമതാ ബാന‌ർജി) വന്ന് എന്നെ അറസ്റ്ര് ചെയ്യട്ടെ. ദീദീ... ഇത് പശ്ചിമ ബംഗാൾ ആണ്; പാകിസ്ഥാൻ അല്ലെന്ന് ഞാൻ ഓർമ്മിപ്പിക്കട്ടെ.

പുരുലിയയിലും ബാങ്കുരയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാനിരിക്കുന്ന രണ്ട് റാലികൾക്ക് മമത പൊലീസ് അനുമതി നിഷേധിച്ചതായി ഞാൻ കേട്ടു. നിങ്ങൾക്ക് സംഭവിക്കാനിരിക്കുന്ന പരാജയം ഇതുപോലെ തടയാൻ നിങ്ങൾക്കാവുമോ?

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ബോഫോഴ്സ് ആയുധ ഇടപാട് നടന്നതെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓർമ്മിപ്പിച്ചതിൽ എന്താണ് കുഴപ്പം? രാഹുൽ ബാബ പറയുന്നത് അദ്ദേഹത്തിന്റെ അച്ഛനെ മോദി അവഹേളിച്ചെന്നാണ്. രാജ്യത്ത് സംഭവിച്ച കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നത് അവഹേളനമാകുമോ?

(ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ബംഗാളിലെ ബിഷ്‌ണുപൂർ, ഘടാൽ, കേഷിയാരി എന്നിവിടങ്ങളിലെ പ്രചാരണ റാലികളിൽ ഇന്നലെ പറഞ്ഞത്)

ഞാൻ വിളിക്കും,

ജയ് ഹിന്ദ്

ബംഗാളിൽ വന്ന് മോദി പ്രസംഗിച്ചത് ഇവിടെ ദുർഗാപൂജ ചെയ്യാൻ ഹിന്ദുക്കൾക്ക് വിലക്കുണ്ടെന്നാണ്. ജയ് ശ്രീറാം വിളിക്കുന്നവരെ ജയിലിലടയ്‌ക്കുന്ന സർക്കാരാണ് ബംഗാളിലെന്നും ആദ്ദേഹം പറഞ്ഞു. നിങ്ങൾ ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ? എന്തായാലും, അവരുടെകൂടെ ജയ് ശ്രീറാം വിളിക്കാൻ എന്നെ കിട്ടില്ല. ഞാൻ വിളിക്കുന്നത് ജയ് ഹിന്ദ് എന്നാണ്.

പ്രധാനമന്ത്രി പറയുന്നു, ബംഗാൾ സർക്കാരിനെ ഭരിക്കുന്നത് സിൻഡിക്കേറ്റുകളാണെന്ന്. മോദിയെ ഭരിക്കുന്നത് ആരാണെന്ന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അറിയാം. ഈ തിരഞ്ഞെടുപ്പിൽ മോദിക്ക് കിട്ടാൻ പോകുന്നത് ജനാധിപത്യത്തിന്റെ കരണത്തടിയാണ്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആരൊക്കെയാണെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ, നാഥുറാം ഗോഡ്സെ എന്ന ആർ.എസ്.എസുകാരന്റെ പേര് നമുക്കറിയാം. പ്രധാനമന്ത്രി ദേശീയതയെക്കുറിച്ച് പറയുമ്പോൾ ആരായിരുന്നു ഗോഡ്സെ എന്നു കൂടി പറയാമോ?

(ബംഗാൾ മുഖ്യമന്ത്രി മമതാ ബാന‌ർജി പുരുലിയ, റണിബന്ധ് എന്നിവിടങ്ങളിലെ തൃണമൂൽ പ്രചാരണ റാലികളിൽ ഇന്നലെ പറഞ്ഞത്)