തിരുവനന്തപുരം: ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷകളിൽ കേരളം മികച്ച വിജയമാണ് നേടിയത്. 162 സ്‌കൂളുകളിൽ നിന്നായി 7,944 കുട്ടികളാണ് സംസ്ഥാനത്ത് പത്താംക്ലാസ് പരീക്ഷയെഴുതിയത്. 99.95 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹരായപ്പോൾ 99.87 ആൺകുട്ടികളും വിജയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്താംക്ലാസ് പരീക്ഷയുടെ വിജയശതമാനത്തിൽ ഇത്തവണ നേരിയ വർദ്ധനയുണ്ട്.
തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്കൂളിലെ പാർവിത് റാവുവിനാണ് രണ്ടാം റാങ്ക്. 98.40 ശതമാനം മാർക്ക് നേടിയ കോട്ടയം പള്ളിക്കൂടത്തിൽ യഷിത് ജെയ്ൻ, തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ സെൻട്രൽ സ്‌കൂളിലെ ആർച്ച എം., തിരുവല്ല മാർത്തോമ റസിഡൻഷ്യൽ സ്‌കൂളിലെ സ്നേഹ മറിയം ജോൺ, തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ ഡോണൽ ചാക്കോ ബേബി എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
പ്ലസ് ടുവിലും മികച്ച വിജയം
സംസ്ഥാനത്ത് 65 സ്‌കൂളുകളിൽ നിന്നായി 2,727 കുട്ടികളാണ് ഐ.എസ്.സി പരീക്ഷ എഴുതിയത്. 98.97 പേർ ഉപരിപഠനത്തിന് അർഹരായി. 99.64 ശതമാനം പെൺകുട്ടികളും 98.27 ശതമാനം ആൺകുട്ടികളും വിജയിച്ചു. തിരുവനന്തപുരം ക്രൈസ്റ്റ് നഗറിലെ അങ്കിതാ രാധാകൃഷ്ണൻ, തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ ജെറി ജോൺ തോമസ് എന്നിവർ 99 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനത്തെത്തി. മൂല്യനിർണയം നടത്തിയ പരീക്ഷാപേപ്പറുകൾ പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് ഇക്കുറി അവസരമുണ്ട്. 13 വരെ സി.ഐ.എസ്.സി.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതിന് സൗകര്യമുണ്ടാകും.
പടിഞ്ഞാറൻ മേഖല മുന്നിൽ
ഐ.സി.എസ്.ഇ പരീക്ഷയിൽ 99.76 ശതമാനത്തോടെ പടിഞ്ഞാറൻ മേഖലയാണ് മുന്നിൽ. 98.38 ശതമാനത്തോടെ തെക്കൻ മേഖല തൊട്ടുപിന്നാലെയെത്തി. വടക്കൻമേഖല 95.97 ശതമാനം നേടിയപ്പോൾ കിഴക്കൻ മേഖല 95.85 ശതമാനം നേടിയിരുന്നു. വിദേശത്ത് രണ്ടു വിഭാഗങ്ങളിലും പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ജയിച്ചു.