തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ എം.എൽ.എ രംഗത്ത്. ക്രമക്കേടിന് ഡി.ജി.പിയും കൂട്ടുനിന്നെന്നും അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാനാണ് ഡി.ജി.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് അസോസിയേഷൻ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.
ലോക്നാഥ് ബെഹ്‌റയേക്കാൾ നല്ലത് എ.കെ.ജി സെന്ററിലെ അറ്റൻഡറെ ഡി.ജി.പിയാക്കുന്നതാണെന്നും ബെഹ്‌റക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകളിൽ ഗുരുതര ക്രമക്കേട് നടന്നെന്ന് ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇടത് അനുകൂല പൊലീസ് അസോസിയേഷൻ നേതാക്കൾ പൊലീസുകാരെ ഭീഷണിപ്പെടുത്തി ബാലറ്റുകൾ കൈവശമാക്കുകയും ഒരേ വിലാസത്തിൽ നൂറുകണക്കിന് ബാലറ്റുകൾ തപാൽ മാർഗമെത്തിക്കുകയും ചെയ്തെന്ന് കണ്ടെത്തിയിരുന്നു.
ആറ്റിങ്ങൽ, കൊല്ലം, ആലത്തൂർ, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലാണ് ക്രമക്കേടുകളേറെയും. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിൽ 85 ശതമാനം പോസ്റ്റൽ ബാലറ്റുകളിലും ക്രമക്കേടുണ്ടായി. വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്റലിജൻസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സേനയിലെ 56,000 പൊലീസുകാരിൽ 90 ശതമാനവും പോസ്റ്റൽ വോട്ടാണ് ചെയ്തത്.