കൊച്ചി: ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ താങ്ങാനാവാതെ തുടർച്ചയായ രണ്ടാംനാളിലും ഇന്ത്യൻ ഓഹരി സൂചികകൾ വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്‌സ് 323 പോയിന്റിടിഞ്ഞ് 38,276ലും നിഫ്‌റ്റി 100 പോയിന്റ് താഴ്‌ന്ന് 11,497ലുമാണ് വ്യാപാരാന്ത്യമുള്ളത്. തിങ്കളാഴ്‌ചയും സെൻസെക്‌സ് 300 പോയിന്റിനും നിഫ്‌റ്റി 100 പോയിന്റിനുംമേൽ ഇടിഞ്ഞിരുന്നു. തിങ്കളാഴ്‌ച സെൻസെക്‌സിലെ നിക്ഷേപകർക്ക് 1.24 ലക്ഷം കോടി രൂപയുടെ നഷ്‌ടമുണ്ടായിരുന്നു. ഇന്നലെയും സമാന നഷ്‌ടം നിക്ഷേപകർ രേഖപ്പെടുത്തി.

അമേരിക്ക-ചൈന വ്യാപാരയുദ്ധം വീണ്ടും രൂക്ഷമായതോടെ ആഗോളതലത്തിൽ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുകയാണ്. ഇന്ത്യയിൽ, ട്രെൻഡ് വ്യക്തമാകാതെ തുടരുന്ന ലോക്‌‌സഭാ തിരഞ്ഞെടുപ്പും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത നാലാംപാദ പ്രവർത്തനഫലവും നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. റിലയൻസ് ഇൻഡസ്‌ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയാണ് ഇന്നലെ നഷ്‌ടത്തിന് നേതൃത്വം കൊടുത്ത മുൻനിര ഓഹരികൾ. ഡോളറിനെതിരെ രൂപയും ഇന്നലെ നഷ്‌ടം കുറിച്ചു. വ്യാപാരാന്ത്യം രണ്ടുപൈസയുടെ നഷ്‌ടവുമായി 69.43ലാണ് രൂപയുള്ളത്. ഇറക്കുമതിക്കാരും ബാങ്കുകളും വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നതാണ് തിരിച്ചടിയാകുന്നത്.