ഓച്ചിറ: യഥാർത്ഥ പ്രതിക്കു പകരം അതേ പേരുകാരനായ നിരപരാധിയുടെ വീട്ടിൽ എൻ.ഐ.എ സംഘം അന്വേഷണത്തിനെത്തിയത് ഒരു കുടുംബത്തെ മുഴുവൻ അങ്കലാപ്പിലാക്കുകയും നാട്ടുകാർ അവരെ സംശയത്തോടെ വീക്ഷിക്കാൻ ഇടയാക്കുകയും ചെയ്തു. രാജ്യാന്തര ഭീകരസംഘടനയായ എെ.എസിലേക്ക് കേരളത്തിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന കേസിലെ പ്രതിയായ മുഹമ്മദ് ഫൈസൽ എന്ന അബു മർവാൻ അൽ ഹിന്ദിയെ (29) തിരക്കി പൊലീസ് എത്തിയത് അതേ പേരുകാരനായ മറ്റൊരു മുഹമ്മദ് ഫൈസലിന്റെ വീട്ടിൽ. ഇരുവരും ഖത്തറിലാണെന്നതും ഫയർ ആന്റ് സേഫ്റ്റി കോഴ്സ് പഠിച്ചിട്ടുണ്ടെന്നതുമാണ് എൻ.ഐ.എ സംഘത്തെ വഴിതെറ്റിച്ചത്.
ദൃശ്യമാദ്ധ്യമങ്ങളും തിരക്കിചെന്നതിനെ തുടർന്ന് വീട്ടുകാർ കമ്മിഷണർക്ക് പരാതി നൽകിയതോടെയാണ് ആളുമാറിയെന്ന് എൻ.ഐ.എയ്ക്ക് ബോധ്യമായത്. നിരപരാധിയായ മുഹമ്മദ് ഫൈസൽ അടുത്തിടെയാണ് വലിയകുളങ്ങരയിൽ നിന്ന് ചങ്ങൻകുളങ്ങരയിലേക്ക് താമസം മാറിയത്. യഥാർത്ഥ പ്രതിയായ ചങ്ങൻകുളങ്ങര സ്വദേശിയായ മുഹമ്മദ് ഫൈസൽ കേസിൽ 18ാം പ്രതിയാണ്. ഇയാൾ സംഭവത്തിന് ശേഷം ഖത്തറിലേക്ക് കടന്നതായാണ് വിവരം. ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എൻ.എെ.എ അറസ്റ്റ് ചെയ്ത കാസർകോട് സ്വദേശി റിയാസ് അബുബക്കറിൽ നിന്ന് മുഹമ്മദ് ഫൈസലിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് എൻ.ഐ.എ സംഘം അന്വേഷണത്തിന് എത്തിയത്. ലോക്കൽ പൊലീസ് നൽകിയ സൂചനയാണ് വീടുമാറിക്കേറാൻ ഇടയാക്കിയത്.
എൻ. ഐ. എ തിരക്കിയെത്തിയ മുഹമ്മദ് ഫൈസലിന്റെ പിതാവിന് സൗദിയിലാണ് ജോലി. വവ്വാക്കാവിന് പടിഞ്ഞാറുള്ള വസതിയിൽ ഇപ്പോൾ മാതാവും ഒരു സഹോദരനും സഹോദരിയുമാണ് താമസം. എൻജിനീയറിംഗ് ബിരുദധാരിയായ മുഹമ്മദ് ഫൈസൽ പത്താം ക്ലാസ് വരെ സൗദിയിലാണ് പഠിച്ചിരുന്നത്. നാട്ടിലെത്തി കീഴടങ്ങാൻ എൻ.എെ.എ ഫൈസലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.