isis

കൊച്ചി: ഐസിസ് റിക്രൂട്ട്മെന്റ് കേസിൽ അറസ്റ്റിലായ പാലക്കാട് അക്ഷയ നഗർ സ്വദേശി റിയാസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രതിചേർത്ത മുഹമ്മദ് ഫൈസലിനെ (29) എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യണമെന്ന അറിയിച്ചതിനെ തുടർന്ന് ഖത്തറിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫൈസലിനെ കസ്റ്റഡിയിൽ എടുത്തത്. കൊല്ലം ഓച്ചിറ സ്വദേശിയാണ് ഫൈസൽ. കേസിൽ അറസ്റ്റിലായ റിയാസ് അബൂബക്കറിനു (29) പുറമേ മൂന്നു പേരെക്കൂടി പ്രതി ചേർത്തതായി അന്വേഷണ സംഘം എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കാസർകോട് കളിയങ്ങാട് പള്ളിക്കൽ മൻസിലിൽ അബു ഈസ എന്ന പി.എ. അബൂബക്കർ സിദ്ദിഖ് (28), കാസർകോട് എരുത്തുംകടവ് വിദ്യാനഗർ സിനാൻ മൻസിലിൽ അഹമ്മദ് അറാഫത്ത് എന്നിവരെയാണ് പ്രതി ചേർത്തത് ഫൈസലിന് പുറമെ പ്രതിചേർത്തത്. കാസർകോട്ട് നിന്ന് യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത കേസിലാണിത്.

റിക്രൂട്ട്മെന്റ് കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി അബ്ദുൾ റാഷിദ് അബ്ദുള്ളയുടെയും അഫ്ഗാനിസ്ഥാനിൽ ഒളിവിലുള്ള മറ്റൊരു പ്രതിയുടെയും നിരന്തര സ്വാധീനം നിമിത്തം പ്രതികൾ ഒറ്റ ഗ്രൂപ്പായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ 2018 സെപ്തംബർ മുതൽ ആസൂത്രണങ്ങൾ നടത്തി വരികയായിരുന്നു. ഫൈസലിന്റെയൊഴികെ മറ്റു പ്രതികളുടെ വീടുകളിൽ ഏപ്രിൽ 28 ന് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, എയർഗൺ, പേഴ്സണൽ ഡയറികൾ, ചില പുസ്തകങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. അബ്ദുൾ റാഷിദ് കാസർകോട്ടും പാലക്കാട്ടുമുള്ള ചില യുവാക്കളെ ഐസിസിൽ ചേരാനും ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താനും നിരന്തരം പ്രേരിപ്പിക്കുന്നുണ്ടെന്ന് എൻ.ഐ.എ വ്യക്തമാക്കി.