indian-army

ന്യൂഡൽഹി: യു.പി.എ സർക്കാരിന്റെ കാലത്ത് സെെന്യം മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2016 സെപ്റ്റംബറിന് മുമ്പ് മിന്നലാക്രമണം നടത്തിയോ എന്ന് ചോദ്യത്തിന് വിവരങ്ങൾ ലഭ്യമാണെന്നാണ് സെെന്യത്തിന്റെ മറുപടി. ജമ്മുകശ്മീരിലെ വിവരാവകാശ പ്രവർത്തകനായ രോഹിത് ചൗധരി നൽകിയ വിവരാവകാശ അപേക്ഷയിലാണ് സൈന്യം മറുപടി നൽകിയത്.

യു.പി.എ സർക്കാരിന്റെ കാലത്ത് എത്രതവണ മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നായിരുന്നു അപേക്ഷയിൽ ചോദിച്ചിരുന്നത്. എന്നാൽ ഈ വിഭാഗത്തിൽ തങ്ങളുടെ പക്കൽ വിവരങ്ങളൊന്നുമില്ലെന്നാണ് ഡയറക്ടർ ജനറൽഓഫ് മിലിട്ടറി ഓപ്പറേഷൻസ് നൽകിയ മറുപടിയിൽ പറയുന്നത്. യു.പി.എ സർക്കാരിന്റെ കാലത്ത് രാജ്യം ആറ് മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ, അതൊന്നും ഒരിക്കലും രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു കോൺഗ്രസ് പറഞ്ഞത്. മിന്നലാക്രമണം നടത്തിയ തീയതികൾ സഹിതമാണ് കോൺഗ്രസ് വക്താവ് രാജീവ് ശുക്ല അവകാശവാദമുന്നയിച്ചത്.

എന്നാൽ 2016 സെപ്റ്റംബറിൽ നടന്ന മിന്നലാക്രമണത്തെ പറ്റിയുള്ള വിവരങ്ങൾ മാത്രമാണ് മറുപടിയായി നൽകിയിട്ടുള്ളത്. മിന്നലാക്രമണത്തിൽ പങ്കെടുത്ത ഒരു സൈനികന് പോലും ജീവന്‍ നഷ്ടപ്പെട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.