ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരമാർശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇതുകൂടാതെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന രണ്ട് പരാതികളിൽ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീൻ ചിറ്റ് നൽകി. ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണു രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് മോദി ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. വിവാദമായ ബോഫോഴ്സ് കേസിനെ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
കഴിഞ്ഞ മാസം 23ന് അഹമ്മദാബാദിൽ നടത്തിയ റോഡ് ഷോയിലും 9ന് കർണാടകയിലെ ചിത്രദുർഗയിൽ നടത്തിയ പ്രസംഗത്തിലും മോദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന മറ്റ് രണ്ട് പരാതികളിലാണ് കമ്മിഷന്റെ ക്ലീൻ ചിറ്റ്. ചിത്രദുർഗയിൽ നടത്തിയ പ്രസംഗത്തിൽ ബാലാകോട്ട് ആക്രമണം പരാമർശിച്ചിരുന്നു. രണ്ട് സംഭവങ്ങളിലും ചട്ടലംഘനം കണ്ടെത്താനായില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. അതേസമയം ചിത്രദുർഗയിലെ പ്രസംഗത്തിലടക്കം അഞ്ച് പരാതികളിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിൽ തിരഞ്ഞെടുപ്പ് കമ്മിഷണറായ അശോക് ലാവസ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ എട്ട് പരാതികളിലാണ് പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീൻചിറ്റ് നൽകിയത്. മോദിക്ക് പുറമെ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിനെതിരെയുള്ള പരാതിയിലും കമ്മിഷൻ തിങ്കളാഴ്ച ക്ലീൻചിറ്റ് നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളിലും മേയ് ആറിന് മുമ്പായി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചിരുന്നു.