തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. ശ്രീധരൻ പിള്ള കത്ത് അയയ്‌ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നോ നടന്നതെന്ന് സുരേന്ദ്രൻ ചോദിക്കുന്നു. ഇതിന് മുമ്പ് ബാറുകാർക്കും ചില ദേവാലയങ്ങൾക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബി.ജെ.പി നേതാക്കൾ പറഞ്ഞിട്ടായിരുന്നോ, ശ്രീധരൻ പിള്ള കത്തയയ്ക്കുന്നത് നിർത്തിയാൽ പിണറായി വിജയൻ ഇപ്പം ശരിയാക്കിത്തരും എല്ലാം- സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
കേരളത്തിന്റെ വികസനത്തിന്റെ ചിറകരിയാനാണ് കേന്ദ്രസർക്കാർ ശ്രിമിക്കുന്നതെന്നും ദേശീയപാത വികസനം തടസപ്പെടുത്താനുള്ള ശ്രമം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ദേശീയപാതയുടെ വികസനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുമ്പോഴാണ് അകാരണമായി സ്ഥലമെടുപ്പ് നിർത്താൻ ദേശീയപാത അതോറിറ്റി നിർദ്ദേശിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രളയത്തിന്റെ പേരിൽ ദേശീയപാതയ്ക്കുള്ള സ്ഥലമെടുപ്പ് നിർത്താൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ള കേന്ദ്രത്തിന് കത്തെഴുതിയത് ഞെട്ടിക്കുന്നതാണ്. ജനം ഗതാഗതക്കുരുക്കിൽ ബുദ്ധിമുട്ടട്ടെ എന്ന സാഡിസ്റ്റ് മനോഭാവമാണ് ശ്രീധരൻപിള്ളയ്ക്കെന്നും പിണറായി പറഞ്ഞിരുന്നു .
സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം
ശ്രീധരൻ പിള്ള കത്തയയ്ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നു. ഇതിന് മുമ്പ് ബാറുകാർക്കും ചില ദേവാലയങ്ങൾക്കും വേണ്ടി കിലോമീറ്ററുകളോളം അലൈന്മെന്റ് മാറ്റിക്കൊടുത്ത് പാവങ്ങളെ ബുദ്ധിമുട്ടിച്ചത് ബി. ജെ. പി നേതാക്കൾ പറഞ്ഞിട്ടായിരുന്നു. പറഞ്ഞ നഷ്ടപരിഹാരം കൊടുക്കാത്തതിന്റെ പേരിൽആയിരങ്ങൾ ഇപ്പോഴും തെരുവിലിറങ്ങി സമരം ചെയ്യുന്നത് ശ്രീധരൻപിള്ള കാരണം തന്നെ. ഭൂമി ഏറ്റെടുക്കാനാവാതെ പലയിടത്തും സർവ്വേ നടപടികൾ മുടങ്ങിക്കിടക്കുന്നതും ബി. ജെ. പി കാരണം തന്നെ. കൊല്ലം ബൈപ്പാസ് നാൽപ്പത്താറുകൊല്ലം മുടങ്ങിയത് ശ്രീധരൻപിള്ളയുടെ സാഡിസം കൊണ്ടല്ലാതെ വേറെന്തുകൊണ്ടാണ്? ശ്രീധരൻ പിള്ള കത്തയയ്ക്കുന്നത് നിർത്തിയാൽ പിണറായി വിജയൻ ഇപ്പം ശരിയാക്കിത്തരും എല്ലാം....