കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന് കേരളത്തിൽ ചോദിക്കുന്നതു പോലെ സംസ്ഥാനത്ത് എത്ര ദുര്യോധനന്മാരുണ്ടെന്ന് ഉത്തർപ്രദേശിൽ പോയി ചോദിക്കരുത്! വോട്ടർ പട്ടികയിൽ പേരുള്ള ദുര്യോധനന്മാർ തന്നെയുണ്ട്, 62,311. വെറുതെ പറയുന്നതല്ല, ഇലക്‌ഷൻ കമ്മിഷന്റെ കിറുകൃത്യമായ കണക്കാണ്.
രാമജന്മഭൂമിയായ അയോദ്ധ്യ മുതൽ കുരുവംശ തലസ്ഥാനമായ ഹസ്‌തിനാപുരി (മീററ്റ്) വരെ രാമായണത്തിലെയും മഹാഭാരതത്തിലെയും പ്രധാന ലൊക്കേഷനുകളെല്ലാം ഉത്തർപ്രദേശിലാണ്. വീരാധിവീരന്മാരും വില്ലാധിവില്ലന്മാരും വോട്ടർപട്ടികയിലുണ്ടാകുന്നത് തികച്ചും സ്വാഭാവികം.
കൃഷ്‌ണ എന്നു പേരുള്ള വോട്ടർമാരുടെ എണ്ണം യു.പിയിൽ ഈ തിരഞ്ഞെടുപ്പിൽ 6.5 ലക്ഷമാണ്. ഗീത 30 ലക്ഷം! ഹസ്‌തിനപുരത്തെ രാജാവും കൗരവപിതാവുമായ ധൃതരാഷ്‌ട്രർ അന്ധനായിരുന്നല്ലോ. കൺമുന്നിൽ നടക്കുന്നതു പോലെ മഹാഭാരതയുദ്ധം ധൃതരാഷ്‌ട്രരെ വർണിച്ചു കേൾപ്പിച്ചത് സഞ്ജയനാണ്. യു.പിയിലെ വോട്ടർപട്ടിക തിരഞ്ഞാൽ സഞ്ജയൻ എന്നു പേരുള്ള സമ്മതിദായകരുടെ എണ്ണം 26 ലക്ഷത്തിലധികം. വീരയോദ്ധാവായ അർജ്ജുനനു പക്ഷേ ആരാധകർ കുറവ്- അർജ്ജുന നാമധാരികളുടെ എണ്ണം വോട്ടർപട്ടികയിൽ 9.2 ലക്ഷമേയുള്ളൂ. ഭീമനും പിന്തുടർച്ചക്കാരായി രണ്ടുലക്ഷത്തിലധികം പേരേയുള്ളൂ. പാണ്ഡവന്മാരുടെ ഏകഭാര്യയായി കഴിയേണ്ടിവന്ന ദ്രുപദപുത്രിയായ പാഞ്ചാലിയുടെ കഥ അറിയമായിരുന്നിട്ടും പ്രായപൂർത്തിയായ 95,966 ദ്രൗപദിമാരുണ്ട്, ഉത്തർപ്രദേശിൽ. യുധിഷ്‌ഠിരന്മാർ 16,225 ഉം ദ്രോണാചര്യന്മാർ 1422 ഉം. ഭീഷ്‌മ പിതാമഹൻ പുരാണത്തിൽ ഒന്നേയുള്ളുവെങ്കിലും യു.പിയിലെ വോട്ടർപട്ടികയിൽ 23,253 ഭീഷ്‌മന്മാരുണ്ട്.