മലപ്പുറം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വളാഞ്ചേരി മുനിസിപ്പൽ കൗൺസിലർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇടതു സ്വതന്ത്ര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീനെതിരെയാണ് മലപ്പുറം പൊലീസ് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതി വിദേശത്തേക്ക് കടന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുനാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഷംസുദ്ദീനെതിരെയുള്ള കേസ് ഇങ്ങനെ: വാടക ക്വാർട്ടേഴ്സിലെ താമസക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാർട്ടേഴ്‌സിലും മറ്റിടങ്ങളിലും കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു. വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈൽഡ് ലൈനും തുടർന്ന് പൊലീസും മൊഴി രേഖപ്പെടുത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇതിന് പിന്നാലെ മന്ത്രി കെ.ടി.ജലീൽ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പെൺകുട്ടിയെ കുടുംബം ആരോപിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കി. മന്ത്രിയും ഷംസുദ്ദീനുമൊത്തുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും താൻ ആരെയും രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.