ന്യൂഡൽഹി: കേരളം ഒരു മിനി പാകിസ്ഥാനാണെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തോടുകൂടി കേരളം മിനി പാകിസ്ഥാനും ആഗോളഭീകരതയുടെ സർവകലാശാലയുമായി മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണകക്ഷിയായ സി.പി.എം, പ്രതിപക്ഷമായ കോൺഗ്രസ്, മുസ്‌ലിംലീഗ് എന്നിവയ്‌ക്ക് സംസ്ഥാനത്തെ ഭീകരവാദത്തിന്റെ കേന്ദ്രമാക്കി മാറ്റിയതിൽ പങ്കുണ്ടെന്നും പി.കെ കൃഷ്ണദാസ് ആരോപിച്ചു.
സർക്കാരിന്റെ പിന്തുണയോടെയാണ് പാകിസ്ഥാനിൽ ഭീകരവാദം. സമാനസ്ഥിതിയാണ് കേരളത്തിലും. ഭീകരസംഘടനകൾക്ക് പ്രത്യക്ഷമായും പരോക്ഷവുമായും ഒത്താശ ചെയ്യുകയാണ് സംസ്ഥാനസർക്കാർ. അതുകൊണ്ടാണ് സംസ്ഥാനത്തെ മിനി പാകിസ്ഥാൻ എന്നുവിളിക്കേണ്ടി വന്നത്. അന്തർദേശീയതലത്തിൽ ഭീകരവാദം നടത്തുന്ന പ്രദേശമായി കേരളം മാറി. ശ്രീലങ്കൻ സംഭവത്തിലും ഐസിസുമായി ബന്ധപ്പെട്ടും മലയാളികൾ അറസ്റ്റിലായത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോളഭീകരതയുടെ കലാശാലയാണ് കേരളമെന്നും കേരളത്തിലെ മാറിമാറി വന്ന സര്‍ക്കാറുകള്‍ ഭീകരവാദിത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. എസ്.ഡി.പി.ഐ., പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നീ സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയ ലീഗ് അതിന്റെ ഉള്ളടക്കം പുറത്തുവിടാന്‍ തയ്യാറാവാത്തത് അവരുടെ രീതികൾ സുതാര്യമല്ലെന്നതിന്റെ തെളിവാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.