presidenty

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബി.ജെ.പിയെ തളയ്‌ക്കാൻ അസാധാരണ നീക്കവുമായി പ്രതിപക്ഷ പാർട്ടികൾ. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്ന പാർട്ടിയെ സർക്കാരുണ്ടാക്കാൻ വിളിക്കരുതെന്നും മറിച്ച് ബദൽ സർക്കാർ രൂപീകരിക്കാൻ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാനാണ് നീക്കം. വോട്ടെടുപ്പ് നടപടികൾ പൂർത്തിയായ ഉടൻ തന്നെ 21 പ്രതിപക്ഷ പാർട്ടികൾ ബദൽ സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത അറിയിച്ച് രാഷ്ട്രപതിയെ കാണുമെന്നാണ് വിവരം. അതേസമയം, പ്രതിപക്ഷത്തിന്റെ നീക്കം അസാധാരണമെന്നാണ് വിലയിരുത്തൽ.

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാരുണ്ടാക്കാൻ വിളിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാൽ ഇതിന് പകരം പ്രാദേശിക പാർട്ടികളുടെ സഖ്യത്തെ സർക്കാരുണ്ടാക്കാൻ വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബദൽ സർക്കാരുണ്ടാക്കാനുള്ള സമ്മതം അറിയിച്ച് 21 പ്രതിപക്ഷ പാർട്ടികൾക്ക് കത്ത് നൽകാൻ അവസരം വേണമെന്നും ഇവർ രാഷ്ട്രപതിയോട് ആവശ്യപ്പെടും.

543 അംഗങ്ങളുള്ള ലോക്‌സഭയിൽ സർക്കാരുണ്ടാക്കാൻ 272 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 2014ൽ ഒറ്റയ്‌ക്ക് 282 സീറ്റുകൾ നേടിയ ബി.ജെ.പി സഖ്യകക്ഷികളുടെ സഹായത്തോടെ 336 അംഗങ്ങളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. മുപ്പത് വർഷത്തിന് ശേഷം ആദ്യമായാണ് ഒരു പാർട്ടിക്ക് ഒറ്റയ്‌ക്ക് കേവല ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ ഇത്തവണ 2014ലെ പ്രകടനം ആവർത്തിക്കാനാവില്ലെന്ന് ബി.ജെ.പി നേതൃത്വം തന്നെ സമ്മതിക്കുന്നു. തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കാൻ പ്രാദേശിക പാർട്ടികളെ സമീപിക്കുമെന്ന് ബി.ജെ.പി നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് കോൺഗ്രസ്, ബി.ജെ.പി ഇതര മൂന്നാം മുന്നണിയുണ്ടാക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്.