യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നത് വളരെ വേദനാജനകമായ സംഭവമാണ്. 12 -ാം ക്ളാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് മാത്രമാണ് യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷൻ ലഭിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ അഡ്മിഷന് എത്തുമ്പോൾതന്നെ എസ്.എഫ്.ഐ നേതാക്കൻമാരുടെ പീഡനത്തിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഇരയാവുകയാണ്. പ്രിൻസിപ്പലിന്റെ റൂമിനു മുന്നിൽ എസ്.എഫ്.ഐ യുടെ കൊടിയും കെട്ടിവച്ച് പിരിവ് ആരംഭിക്കുകയാണ്. 500 രൂപ മുതൽ 1000 രൂപ വരെ ഓരോ വിദ്യാർത്ഥികളിൽ നിന്നും പിരിക്കുന്നു. പിരിവ് നൽകിയില്ലെങ്കിൽ കൈയേറ്റവും തെറിവിളിയുമാണ്.
കോളേജിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളിൽ തന്നെ ഇതെല്ലാം വ്യക്തമാണ്. ഏതെങ്കിലും വിദ്യാർത്ഥി ഈ പിരിവ് നൽകാതെ രക്ഷപെട്ടിട്ടുണ്ടെങ്കിൽ ഇടതുപക്ഷ അദ്ധ്യാപക സംഘടനയിലെ നേതാക്കൻമാർ തന്നെ ഈ വിദ്യാർത്ഥികളുടെ പേര് വിവരം വിദ്യാർത്ഥി നേതാക്കൻമാർക്ക് നൽകുകയും അവർ ആദ്യമായി ക്ളാസിനു വരുന്ന ദിവസം തന്നെ ഈ തുക ഭീഷണിപ്പെടുത്തി വാങ്ങുകയും ചെയ്യും. ഒരു വർഷം 1500 അഡ്മിഷൻ വരെ നടക്കുന്ന ഈ കോളേജിൽ നിന്നും ലക്ഷക്കണക്കിന് രൂപയാണ് എസ്.എഫ്.ഐ പിരിച്ചെടുക്കുന്നത്. ഇതിലൊരു വിഹിതം അദ്ധ്യാപകസംഘടന നേതാക്കന്മാർക്കും കിട്ടുന്നതായിട്ടാണ് അറിയാൻ കഴിയുന്നത്.
അഡ്മിഷൻ കഴിഞ്ഞ് ക്ളാസ് ആരംഭിക്കുമ്പോൾ തന്നെ അടച്ചിട്ട മുറിയിൽ ഫ്രഷേഴ്സ് ഡേ എന്ന പേരിൽ ക്രൂരമായ റാഗിംഗ് ആരംഭിക്കുകയാണ്. പ്രാണഭയത്താൽ ആരുംതന്നെ ഇതിനെ എതിർക്കാറില്ല. അദ്ധ്യാപക നേതാക്കൻമാരുടെ ഒത്താശയോടുകൂടി ആയതിനാൽ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിട്ടും കാര്യമില്ല. ഇതെല്ലാം സഹിച്ചും ക്ഷമിച്ചും കഴിഞ്ഞില്ലെങ്കിൽ ജീവച്ഛവമായി മാറും. ക്ളാസ് ആരംഭിച്ചുകഴിഞ്ഞാൽ മിക്കവാറും ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ ഒരു മണിവരെ നിർബന്ധിത പ്രകടനമായിരിക്കും. ആരെങ്കിലും മാറി നിന്നെന്നു കണ്ടാൽ അവരെ കൈകാര്യം ചെയ്യുന്നത് മൃഗീയമായിട്ടാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30 മുതൽ മൂന്ന് വരെ എസ്.എഫ്.ഐ ഡിപ്പാർട്ട്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ക്ളാസുകളാണ്. ഈ സമയത്തൊന്നും അദ്ധ്യാപകർ ക്ളാസ് എടുക്കാൻ അനുവദിക്കില്ല. ഏതെങ്കിലും അദ്ധ്യപകർ ഇതിനെ എതിർത്താൽ (ആരും എതിർക്കാറില്ല) അവരെ തെറിയഭിഷേകം നടത്തും. ഭീഷണിപ്പെടുത്തും. അദ്ധ്യാപക സംഘടനാ നേതാക്കൻമാർ ആരുംതന്നെ ക്ളാസ് എടുക്കാറില്ല. എച്ച്.ഒ.ഡിക്ക് പരാതി നൽകിയാൽ അത് പ്രിൻസിപ്പലിന് നൽകാറില്ല. പ്രിൻസിപ്പലിനോട് നേരിട്ട് പരാതിപ്പെട്ടിട്ടും കാര്യമില്ല.
കോളേജിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളും കടുത്ത മാനസിക സംഘർഷത്തിലാണ്. എസ്.എഫ്.ഐ നേതാക്കൻമാർ എല്ലാം തന്നെ കോളേജിൽ സ്ഥിരതാമസമാണ്. മദ്യപാനവും നന്നായി നടക്കുന്നുണ്ട്. ഇതിന് ഒത്താശ ചെയ്യുന്നത് അദ്ധ്യാപക നേതാക്കൻമാരാണ്. അദ്ധ്യാപക സംഘടനയുടെ യോഗങ്ങളിലും രാഷ്ട്രീയ പാർട്ടിയുടെ യോഗങ്ങളിലും (കോളേജിന് അകത്തും പുറത്തും) വിദ്യാർത്ഥികൾ കർശനമായി പങ്കെടുത്തിരിക്കണം. അല്ലെങ്കിൽ പഠനം നിറുത്തി പോകണം. അഡ്മിഷൻ സമയത്തെ പിരിവല്ലാതെ മാസപിരിവ് വേറെയുമുണ്ട്. ടൂർ പോകണമെങ്കിൽ എസ്.എഫ്.ഐ നേതൃത്വത്തിന് ഓരോ ബാച്ചും 15000 രൂപ കപ്പം നൽകണം.
ആയതിനാൽ ഈ കൊടിയ അഴിമതി സമൂഹമദ്ധ്യത്തിൽ തുറന്ന് കാട്ടണമെന്ന് അഭ്യർത്ഥിക്കുന്നു. എന്റെ മകൾ ഇപ്പോഴും പഠിക്കുന്നതുകൊണ്ട് പേര് വെളിപ്പെടുത്താൻ ഭയമാണ്.
ഒരു രക്ഷാകർത്താവ്. (അഭിപ്രായം വ്യക്തിപരം)