അഗർത്തല: പടിഞ്ഞാറൻ ത്രിപുരയിൽ ഏപ്രിൽ 11ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി. 168 പോളിംഗ് ബൂത്തുകളിൽ നടന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയത്. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളിൽ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പിനിടെ മണ്ഡലത്തിൽ ബി.ജെ.പി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോൺഗ്രസും സി.പി.എമ്മും കമ്മിഷന് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, വരണാധികാരി, പ്രത്യേക നിരീക്ഷകൻ എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചാണ് കമ്മിഷൻ റീ പോളിംഗ് നിർദ്ദേശിച്ചത്.
83 ശതമാനം വോട്ടായിരുന്നു അന്ന് പോൾ ചെയ്തത്. ബഹുഭൂരിപക്ഷം വോട്ടർമാരേയും സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുദിച്ചിരുന്നില്ലെന്നും റീപോളിംഗ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സി.പി.എം സെക്രട്ടറി ഗൗതം ദാസ് പറഞ്ഞു.