കൊച്ചി: തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കൂടാൻ സാദ്ധ്യത. അവസാനഘട്ട പോളിംഗ് മേയ് 19 കഴിയുന്നതോടെ രാജ്യത്ത് വൻ തോതിൽ ഇന്ധനവില ഉയരും. കഴിഞ്ഞ ഒരു മാസത്തിനിടെ, ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില 10 ശതമാനത്തിനടുത്ത് ഉയർന്നെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർദ്ധനയുണ്ടായില്ല. തിരഞ്ഞെടുപ്പായിരുന്നു പ്രധാന കാരണം. പെട്രോളിന് ലിറ്ററിന് 74.83 രൂപയും ഡീസലിന് 70.25 രൂപയുമായിരുന്നു ചൊവ്വാഴ്ച കൊച്ചി നഗരത്തിൽ. ഇന്ത്യൻ ബാസ്കറ്റിലുള്ള ക്രൂഡിന്റെ വില ഒരു വീപ്പയ്‌ക്ക് ഏപ്രിലിൽ 71 ഡോളറായിരുന്നു ശരാശരി വില. മാർച്ചിൽ അത് 66.74 ഡോളറും ഫെബ്രുവരിയിൽ 64.53 ഡോളറുമായിരുന്നു.
ഇതിനിടെ, ഇറാനുമേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത് എണ്ണവിപണിയിൽ വലിയ പ്രത്യാഘാതം സൃഷ്ടിച്ചിട്ടുണ്ട്. ഇറാനുമായി വ്യാപര ബന്ധത്തിലേർപ്പെടുന്ന കമ്പനികൾക്ക് അമേരിക്കയിൽ സാമ്പത്തിക പിഴ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുപുറമെ ഇറാനിൽനിന്ന് എണ്ണ വാങ്ങിക്കുന്നതിൽനിന്ന് മറ്റു രാജ്യങ്ങളെ തടയുകയും ചെയ്തിരുന്നു. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യത്തിന്റെ 83.7 ശതമാനവും ഇറക്കുമതിയിലൂടെയാണ് ലഭിക്കുന്നത്.
2018-19-ൽ 11,420 കോടി ഡോളറായിരുന്നു ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതിച്ചിലവ്. ഇതിന്റെ 10.6 ശതമാനമായ 1,210 കോടി ഡോളറും ഇറാനിൽ നിന്നുള്ള എണ്ണയ്ക്കുവേണ്ടിയാണ് ചിലവിട്ടത്. ആഗോള ക്രൂഡോയിൽ കയറ്റുമതിയുടെ നാല് ശതമാനവും ഇറാനിൽ നിന്നുള്ള എണ്ണയാണ്. ഇതിന് വിലക്ക് വന്നതോടെയാണ് വിലയിൽ കുതിപ്പുണ്ടായിരിക്കുന്നത്. ഇന്ത്യക്കു പുറമെ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, തുർക്കി, തായ്‌വാൻ, ഇറ്റലി, ഗ്രീസ് എന്നിവയും ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടായിരുന്നു.