ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൃഗീയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലേറുമെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് വോട്ടെടുപ്പ് അവസാനിക്കാനിരിക്കുമ്പോൾ പഴയ ആത്മവിശ്വസമില്ലെന്ന് വിലയിരുത്തൽ. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും മറ്റ് പ്രാദേശിക പാർട്ടികളുടെ സഹകരണമില്ലാതെ സർക്കാർ രൂപീകരിക്കാനാവില്ലെന്നാണ് വിവിധ നേതാക്കൾ പറയുന്നത്. പാർട്ടിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ബി.ജെ.പിയിലെ ആർ.എസ്.എസ് നോമിനിയായി അറിയപ്പെടുന്ന റാം മാധവ് നടത്തിയ പ്രസ്‌താവന ഏറെ പ്രാധാന്യമുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. ഒരുപക്ഷേ ആർ.എസ്.എസ് നേതൃത്വത്തിനും ഇത്തവണ ആത്മവിശ്വാസമില്ലെന്ന സൂചനയാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റാം മാധവിന്റെ പ്രസ്‌താവനയ്ക്ക് പിന്നാലെ ശിവസേനാ നേതാവ് സഞ്ജയ് റാവത്തും സമാനമായ വാദമുയർത്തി. ബി.ജെ.പിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും സഖ്യകക്ഷികളുടെ സഹായത്തോടെ എൻ.ഡി.എ തന്നെ സർക്കാർ രൂപീകരിക്കുമെന്നുമാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. ബി.ജെ.പിയേക്കാൾ സഖ്യകക്ഷികൾക്കായിരിക്കും ഇത്തവണ പ്രാമുഖ്യം കൂടുതൽ. തങ്ങൾ എൻ.ഡി.എയ്‌ക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജയ്‌റ്റ്‌ലി നടത്തിയ പ്രസ്‌താവനയാണ് ഒടുവിലത്തേത്. ബി.ജെ.പിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ മാത്രമേ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഡൽഹിയിൽ വിവിധ ക്രൈസ്‌തവ സഭകളുമായി നടത്തിയ ചർച്ചിലാണ് 2014 ആവർത്തിക്കാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചത്. എന്നാൽ സഖ്യകക്ഷികളുടെ സഹായത്തോടെ ബി.ജെ.പി തന്നെ ഇന്ത്യ ഭരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചരിത്രം ആവർത്തിക്കില്ലെന്ന് ഉറപ്പ്
മുപ്പത് വർഷത്തിനിടെ ഒരു രാഷ്ട്രീയ പാർട്ടി കാഴ്‌ച വയ്‌ക്കുന്ന ഏറ്റവും മികച്ച പ്രകടനമാണ് 2014ൽ ബി.ജെ.പി നടത്തിയത്. 543 അംഗങ്ങളുള്ള ലോക്‌സഭയിൽ സർക്കാരുണ്ടാക്കാൻ 272 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. 2014ൽ ഒറ്റയ്‌ക്ക് 282 സീറ്റുകൾ നേടിയ ബി.ജെ.പി സഖ്യകക്ഷികളുടെ സഹായത്തോടെ 336 അംഗങ്ങളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ ഇത്തവണ ഇത് ആവർത്തിക്കാനാവില്ലെന്നാണ് നിരീക്ഷണം. കഴിഞ്ഞ തവണ വൻ നേട്ടമുണ്ടാക്കിയ ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര ശുഭകരമല്ല. ഹിന്ദി സംസാരിക്കുന്ന ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 225 സീറ്റിൽ 190ഉം ബി.ജെ.പി നേടിയിരുന്നു. എന്നാൽ ഇത്തവണ ഇവിടെ 75ഓളം സീറ്റുകളിൽ ബി.ജെ.പിക്ക് തിരിച്ചടി നേരിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലെ സീറ്റുകൾ കൊണ്ട് ഈ നഷ്‌ടം മറികടക്കാമെന്ന ബി.ജെ.പിയുടെ പ്രതീക്ഷ ഫലിക്കില്ലെന്നും
വിലയിരുത്തലുണ്ട്. അങ്ങനെ വന്നാൽ പ്രാദേശിക പാർട്ടികളുടെ പിന്തുണ അത്യാവശ്യമായി വരുമെന്ന് ഉറപ്പ്.
മനസ് തുറക്കാതെ പ്രാദേശിക പാർട്ടികൾ
ഇന്ത്യയിലെ രണ്ട് പ്രബല പാർട്ടികളായ കോൺഗ്രസിനും ബി.ജെ.പിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും വിവിധ പ്രാദേശിക പാർട്ടികളായിരിക്കും ഇത്തവണ കേന്ദ്രം ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ ഭാഗദേയം നിർണയിക്കുന്ന ഉത്തർപ്രദേശിൽ ഇത്തവണ എസ്.പി - ബി.എസ്.പി സഖ്യത്തിന് മികച്ച നേട്ടമുണ്ടാക്കാനാകും. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിനും മറ്റ് ചില സംസ്ഥാനങ്ങളിൽ പ്രാദേശിക സഖ്യങ്ങൾക്കും കൂടുതൽ സീറ്റുകൾ ലഭിക്കും. എന്നാൽ ഈ പാർട്ടികളൊന്നും തന്നെ ആരെ പിന്തുണയ്‌ക്കുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ബി.ജെ.പിയെ പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച പാർട്ടികൾ പക്ഷേ, കോൺഗ്രസിനെ പിന്തുണയ്‌ക്കുമോയെന്നും ഉറപ്പില്ല. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു മൂന്നാം മുന്നണിയുമായി ഓടിനടക്കുന്നതും ശ്രദ്ധേയമാണ്.
ബി.ജെ.പി തന്നെ ഇന്ത്യ ഭരിക്കും
അതേസമയം, ബി.ജെ.പി തന്നെ ഇന്ത്യ ഭരിക്കുമെന്നും പാർട്ടിക്ക് വൻ ഭൂരിപക്ഷമുണ്ടാകുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും ഇപ്പോഴും പറയുന്നത്. ബി.ജെ.പി ഇല്ലാതെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ആവില്ലെന്നും ഇവർ വാദിക്കുന്നു. ചില രാഷ്ട്രീയ നിരീക്ഷകരും ഇതേ വാദം തന്നെയാണ് ഉയർത്തുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രാദേശിക പാർട്ടികൾക്ക് സഖ്യം രൂപീകരിക്കാൻ കഴിയാത്തതും അവസാന നിമിഷം നടക്കുന്ന ചില നാടകീയ നീക്കങ്ങളും ബി.ജെ.പിക്ക് ഗുണകരമാകും. പ്രതിപക്ഷ സഖ്യത്തിൽ ഇപ്പോൾ കൂടെ നിൽക്കുന്ന ചില പ്രമുഖ നേതാക്കൾ തന്നെ ചിലപ്പോൾ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചേക്കും. ബി.എസ്.പി അദ്ധ്യക്ഷ മായാവതിയുമായും വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുമായും ചില ബി.ജെ.പി നേതാക്കൾ ചർച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ബി.ജെ.പിക്ക് പിന്തുണ നൽകുമെങ്കിൽ നരേന്ദ്ര മോദിക്ക് പകരം വേറൊരാളെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ഇവർ മുന്നോട്ട് വച്ചേക്കുമെന്നും സൂചനയുണ്ട്.