കൊല്ലം: ദുബായിലേക്ക് പുറപ്പെട്ട കൊല്ലം സ്വദേശിനി സുനിത എത്തിയത് ഒമാനിൽ. കുടുംബം പുലർത്താൻ ദുബായിലേക്ക് പുറപ്പെട്ട സുനിതയ്ക്ക് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനങ്ങളാണ്. വീട്ടുജോലിക്കായി ആദ്യമെത്തിയത് ദുബായിലാണ്. അവിടത്തെ ഏജന്റ് കൂടുതൽ പണം വാങ്ങി ഒമാനിലെ ഏജന്റിന് സുനിതയെ വിൽക്കുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചെത്താൻ തമിഴ്നാട് സ്വദേശിനി നന്ദേഷാണ് തനിക്ക് തുണയായതെന്ന് സുനിത പറയുന്നു.
"ഒമാനിലെ ഏജന്റ് ഒരു അറബി ആയിരുന്നു. ആ ഓഫിസ് കണ്ടാൽ പേടിയാകുന്നതും. ഓഫിസിലെ ഓരോ മുറികളിലും എന്നെപ്പോലെ വീട്ടുജോലിക്കെത്തിയ ഒട്ടേറെപ്പേരുണ്ടായിരുന്നു. നൈജീരിയ, ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ. അവിടെയെത്തിയതിന്റെ പിറ്റേന്നാണ് ഞാൻ ജോലിക്കു പോകുന്നത്. ഏകദേശം 60 മുറികളുള്ള മൂന്നു നില വീടായിരുന്നു അത്. ഉമ്മയും ബാപ്പയും രണ്ടു മക്കളുമാണ് അവിടത്തെ താമസക്കാർ. എല്ലാ ദിവസവും ആ വീട്ടിലെ മുഴുവൻ മുറികളും കഴുകി വൃത്തിയാക്കണം. ശുചിമുറി കൈ കൊണ്ടു തുടയ്ക്കണം. ഭക്ഷണം ലഭിക്കുന്നത് ഉച്ചയ്ക്കു മാത്രം. അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. രാത്രി ആയാൽ പോലും വീടിനു പുറത്തുള്ള ശുചിമുറി മാത്രമേ എനിക്ക് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ"-സുനിത പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
"മൂന്നു ദിവസത്തിനു ശേഷം തിരിച്ച് ഏജൻസിയിലെത്തി, കാര്യം പറഞ്ഞു. അതോടെ പുതിയ വീട്ടിലേക്ക്. അവിടെ പഴയതിനേക്കാൾ മോശമായിരുന്നു അവസ്ഥ.നാട്ടിലേക്ക് ഫോൺ വിളിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഒരു ദിവസം ആ വീട്ടിൽ നിന്നു രക്ഷപ്പെട്ടു പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, സഹായിക്കുന്നതിനു പകരം പൊലീസ് എന്നെ ഏജൻസിയിലേക്കു പറഞ്ഞയച്ചു. വീണ്ടും ക്രൂര മർദനം. നൈജീരിയക്കാരിയായ ഒരു മാഡം അവിടെയുണ്ടായിരുന്നു. ആദ്യമവർ ചെയ്തത്, അവിടെയുണ്ടായിരുന്ന വലിയ കുപ്പിയെടുത്ത് എന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റു നിലത്തു വീണെങ്കിലും തുടരെ തുടരെ ഉപദ്രവങ്ങൾ. നടുവിൽ ചവിട്ടി മുറിയിലിട്ടു പൂട്ടി. ഫോൺ അവർ പിടിച്ചെടുത്തു. നാലു ദിവസം ഓഫിസിൽ പൂട്ടിയിട്ടു. പിന്നീടു അടുത്തുള്ള കെട്ടിടത്തിലെ മുറിയിലും. 15 ദിവസമാണ് അങ്ങനെ കഴിയേണ്ടി വന്നത്. രണ്ടു റൊട്ടിയും വെള്ളവും മാത്രമായിരുന്നു ഒരു ദിവസത്തെ ഭക്ഷണം. ജയിലറ പോലുള്ള മുറിയുടെ മുകളിലെ ചെറിയ ദ്വാരത്തിലൂടെയായിരുന്നു ആ മുറിയിലേക്കു കുറച്ചു വെളിച്ചമെത്തുന്നത്"-സുനിത പറഞ്ഞു
മാർച്ച് 4നാണ് മൂവാറ്റുപുഴയിലെ മാൻപവർ ഏജൻസി മുഖേന ജോലിക്കായി സുനിത ദുബായിലേക്ക് പോയത്. ഇവിടെ നിന്ന് ഇസ്മായിൽ എന്ന ഏജന്റ് സുനിതയെ ഒമാനിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാൽ ഒമാനിൽ ജോലി ശരിയാകാത്തതിനെ തുടർന്ന് സുനിതയെ സിറാജ് എന്നു പേരുള്ള വ്യക്തിയുടെ ഓഫീസ് മുറിയിൽ എത്തിക്കുകയായിരുന്നു. സുനിതയുടെ പക്കലുണ്ടായിരുന്ന ഫോണും രേഖകളും ഇയാൾ പിടിച്ച് വച്ച ശേഷം ഇവരെ ഓഫീസ് മുറിയിൽ അടച്ചിടുകയായിരുന്നു. തുടർന്ന് മുറിയിലെത്തിയ സ്ത്രീയുടെ മൊബൈൽ വാങ്ങിയാണ് സുനിത തന്റെ മൂത്ത മകളായ ശ്രീലക്ഷ്മിയെ വിളിച്ച് വിവരമറിയിച്ചത്. സംഭവത്തിൽ യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി വിഷയത്തിൽ ഇടപെടുകയായിരുന്നു.