chain-snaching

വിഴിഞ്ഞം: പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഐ.പി.എസ് ട്രെയിനി ഐശ്വര്യ പ്രശാന്ത് ദോംഗ്രെയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. പാച്ചല്ലൂർ ലാല നിവാസിൽ വാടകയ്ക്കു താമസിക്കുന്ന പൂന്തുറ മാണിക്കവിളാകം സ്വദേശി സലീമാണ് (29) അറസ്റ്റിലായത്. സ്വകാര്യ കാറ്ററിംഗ്‌ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളെ തിങ്കളാഴ്ച രാത്രിയോടെയാണ് ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐ.പി.സി 511, 379 എന്നീ വകുപ്പുകളാണ് ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് കോവളം - പാച്ചല്ലൂർ ബൈപാസിലെ സർവീസ് റോഡിൽ കൊല്ലന്തറയ്ക്ക് സമീപം പ്രഭാതസവാരിക്കിറങ്ങിയ തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയായ ഐ.പി.എസ് ട്രെയിനിയുടെ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിക്കാൻ ശ്രമിച്ചത്. വനിതാ ഓഫീസർ ഉടൻ കൈതട്ടി മാറ്റിയതിനാൽ ശ്രമം പരാജയപ്പെട്ടു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പതറാതെ പിറകെ ഓടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. സമീപത്തെ കടകളുടെ സി.സി ടിവി കാമറകളിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. കറുത്ത ടീഷർട്ടും നീല ട്രാക്‌സൂട്ടും ധരിച്ച് ബൈക്കിൽ എത്തിയ യുവാവിന്റെ ദൃശ്യമാണ് ഞായറാഴ്ച പുറത്തുവിട്ടത്.

പരിശോധിച്ചത് 72,000 ബൈക്കുകൾ

പ്രതി സഞ്ചരിച്ചിരുന്നത് പാഷൻ പ്രോ ബൈക്കാണെന്ന് വ്യക്തമായതോടെ ഇത് കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. സംഭവത്തിനിടെ വനിതാ ഉദ്യോഗസ്ഥയുടെ ശ്രദ്ധയിൽപ്പെട്ട 1361 എന്ന വാഹന നമ്പരും വഴിത്തിരിവായി. എന്നാൽ ഇത് ഏത് രജിസ്ട്രേഷനാണെന്ന് വ്യക്തമായിരുന്നില്ല. ഇതേ നമ്പരുള്ള വാഹനം കണ്ടെത്താൻ തിരുവനന്തപുരത്തെയും കൊല്ലത്തെയും 72,000 ബൈക്കുകൾ പരിശോധിച്ചു. ആദ്യം തിരുവനന്തപുരത്തെ വാഹനങ്ങൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കൊല്ലത്തെ ബൈക്കുകൾ പരിശോധിച്ചതോടെ പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചു. KL-02-AF-1361എന്ന വാഹന ഉടമയായ സലീമിന്റെ സ്ഥിരമായ മേൽവിലാസം പൂന്തുറ മാണിക്കവിളാകമാണെന്ന് തെളിഞ്ഞതോടെയാണ് പ്രതി പിടിയിലായത്. ഫോർട്ട് അസി. കമ്മിഷണർ പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.