ന്യൂഡൽഹി: പെരുമാറ്റ ചട്ടലംഘനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മിഷൻ വിവേചനം കാണിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കോൺഗ്രസ് എം.പി സുശ്മിത ദേവാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
പ്രചാണത്തിനിടെ നടത്തിയ പരാമർശങ്ങളെ തുടർന്ന് രാഹുൽ ഗാന്ധി, മായാവതി, യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ നടപടി സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ മോദിക്കും അമിത് ഷായ്ക്കുമെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ വിവേചനം കാണിക്കുന്നെന്നും ഹർജിയിൽ കോൺഗ്രസ് എം.പി വ്യക്തമാക്കുന്നു. എന്നാൽ നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെയുള്ള 11പരാതികളിലും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോൺഗ്രസിന് മറ്റൊരു ഹർജിയുമായി കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സൈന്യത്തിന്റെ പേരിൽ വോട്ടു ചോദിക്കരുതെന്ന കമ്മിഷൻ നിർദേശം ഇരുവരും ആവർത്തിച്ചു ലംഘിക്കുകയാണ്. അഹമദാബാദിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മോദി റോഡ്‌ഷോ നടത്തിയതും പെരുമാറ്റചട്ട ലംഘനമാണ്. ഇക്കാര്യങ്ങളിൽ നടപടി ആവശ്യപ്പെട്ട് പന്ത്രണ്ട് പരാതികൾ കമ്മിഷന് നൽകി. അഞ്ചു തവണ കമ്മിഷൻ മുൻപാകെ നേരിട്ട് ഹാജരായി തെളിവുകൾ കൈമാറിയിട്ടും നടപടിയെടുക്കുന്നില്ലെന്നും സുശ്മിത ദേവിന്റെ ഹർജിയിൽ ആരോപിക്കുന്നു.
അതേസമയം, മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധിക്കെതിരെ നരേന്ദ്ര മോദി നടത്തിയ പരമാർശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ഇതുകൂടാതെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന രണ്ട് പരാതികളിൽ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ ക്ലീൻ ചിറ്റ് നൽകി.