ഇരുപതാം നൂറ്റാണ്ടിന്റെ കേരളത്തിൽ ജീവിച്ചിരുന്ന ചുരുക്കം ചിത്രകാരികളിൽ പ്രഥമഗണനീയയായി ടി.കെ.പത്മിനിയെ ഇന്ന് നമ്മൾ ഓർമ്മിക്കുന്നു. പലപ്പോഴായി പത്രങ്ങളുടെയും ആഴ്ച്ചപ്പതിപ്പുകളുടെയും കൊച്ചുകുറിപ്പുകൾ കൂടാതെ കേരള ലളിതകലാ അക്കാഡമി 2004ൽ ഇറക്കിയ മോണോഗ്രാഫും, 'ടി.കെ.പത്മിനി കലയും കാലവും' എന്ന പേരിലുള്ള കെ.പി.രമേഷിന്റെ പുസ്തകവും, reclaiming an indian artist എന്ന സാവിത്രി രാജീവന്റെ ലേഖനം ചേർത്തിട്ടുള്ള ലളിതകലാ അക്കാഡമി പ്രസിദ്ധീകരണവും പത്മിനിയെക്കുറിച്ച് വാൾട്ടർ ഡിക്രൂസ് എടുത്ത ഡോക്യുമെന്ററിയും ഏറ്റവുമൊടുവിൽ സുസ്മേഷ് ചന്ത്രോത്ത് എടുത്ത 'പത്മിനി" എന്ന ഫിലിമും ഉണ്ട്.
ഇത്രമേൽ ഓർത്തിട്ടും പത്മിനി ഏറക്കുറെ ഒറ്റപ്പെട്ട പ്രതിഭാസംപോലെ കാണപ്പെടുന്നുമുണ്ട്. അതിനു ചില കാരണങ്ങളുണ്ട്. ജീവചരിത്രപരമായ ഓർമ്മക്കുറിപ്പുകൾക്കും കൗതുകങ്ങൾക്കും ഒരു ചിത്രകാരിയുടെ ചിത്രഭാഷയെ മനസിലാക്കുന്നതിൽ പരിമിതിയുണ്ട്. നമ്മൾ ചിത്രകാരന്മാരെ കുറിച്ചിടുന്നത് ദൃശ്യസംസ്കാരത്തിൽ അവരുണ്ടാക്കിയ സ്വാധീനത്തെ പ്രതിയാണ് . പക്ഷേ ചിത്രകാരിയെപ്പറ്റിയുള്ള ആലോചനകൾക്ക് , സംഭവബഹുലമൊന്നുമല്ലാത്ത 'ഒരു തുഛജീവചരിത്ര"ത്തെ പലരുടെ ഓർമ്മക്കുറിപ്പുകളാൽ വലിച്ചുനീട്ടേണ്ടി വരുന്നു. ചിത്രകാരിയും ചിത്രഭാഷയും അത്രമേൽ ഒറ്റപ്പെട്ടതാണെന്ന് തോന്നും. പക്ഷേ ചിത്രരചനയുടെയും കലയുടെയും ഭാഷകളുടെ വംശാവലിയിൽ സ്ത്രീയുടെ ചിത്രരചനയെ, അത് നിർമ്മിക്കുന്ന മൗലികമായ വ്യത്യസ്തത വ്യക്തമാകും വിധം അടയാളപ്പെടുത്താൻ പലപ്പോഴും നമ്മൾ വിട്ടുപോകും.
കലയുടെ മാധ്യമത്തെ സംബന്ധിച്ച ഒരാളുടെ തിരഞ്ഞെടുപ്പ്, രൂപത്തെ സംബന്ധിച്ച അയാളുടെ ധാരണകൾ, പ്രിയങ്ങൾ, ആവിഷ്കാരത്തിനുള്ള ഇടം ഏതെന്ന തിരഞ്ഞെടുപ്പ്, അഴിച്ചുപണി, അവിടെ അയാൾ മാത്രമല്ല വഴിയേ വരുന്ന തലമുറകളും നടത്തുന്ന തുടർച്ചകൾ, തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഒരാളുടെ കലാകാരത്വം നിർണയിക്കുന്നത്. എന്നാൽ കലാകാരത്വം നിർണയിക്കുന്ന ഈ അടിസ്ഥാനങ്ങൾക്ക് ഇന്നത്തെ പ്രത്യയശാസ്ത്രപരമായ വിമർശത്തിൽ വലിയ സ്വാധീനമില്ല. കല അതാതു കാലത്തെ പൊതുവായ ചില രാഷ്ട്രീയധാരണകളുടെ പ്രതിഫലനമാണെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടാണ് ഒരു സ്ത്രീയായത് കൊണ്ട് പത്മിനി രചിച്ചത് ഒരു 'സ്ത്രീലോക" മാണെന്ന് നമ്മളങ്ങ് ആദ്യമേ തീരുമാനിക്കുന്നത്. പക്ഷേ അങ്ങനെ ഏകപക്ഷീയവും സമരോത്സുകവുമായ സ്ത്രീലോകം ചമയ്ക്കുന്ന 'രാഷ്ട്രീയ സ്ത്രീ" കേരളത്തിൽ വ്യാപകമായി നിർമ്മിക്കപ്പെടാൻ തുടങ്ങുന്നതിന് മുൻപാണ് പത്മിനി ചിത്രം വരച്ചതെന്നോർക്കണം. അതുകൊണ്ട് കൂട്ടത്തിൽ സ്വന്തം നിലയ്ക്ക് നിന്നുപോയ സ്ത്രീയെ, അവളുടെ കലാജീവിതത്തെ ആഘോഷിക്കുക എന്നതിൽക്കവിഞ്ഞു മറ്റൊരു ഊന്നൽ വേണം. കേരളത്തിലെ ആധുനിക ജീവിതത്തിൽ പ്രബലശക്തിയായത് സാക്ഷര മാധ്യമ പൊതുമണ്ഡലമാണ്. മുതലാളിത്ത മൂലധനത്തിന്റെ വ്യാപനവും പുരുഷൻമാരുടെ മേധാവിത്തവുമുള്ള സംസ്കാരരൂപീകരണമാണ് മുഖ്യമായി നടന്നത്. അതിൽനിന്നുള്ള ചരിത്രപരമായ ഊന്നൽ വ്യതിയാനങ്ങളും വ്യത്യസ്തതകളും കുറിക്കാനുള്ള ഭാഷയാണ് സർഗാത്മകമായ സ്ത്രീഭാവനകളിൽ ഉണ്ടായിട്ടുള്ളത്. അത് മനസിലാക്കൽ, ചിത്രകലയിൽ പത്മിനിയെത്തന്നെ നിമിത്തമാക്കി തീർച്ചയായും തുടങ്ങാവുന്നതാണ്.
രവിവർമ്മ, കെ.സി.എസ് പണിക്കർ, കാനായി കുഞ്ഞിരാമൻ, ആർട്ടിസ്റ്റ് നമ്പൂതിരി തുടങ്ങിയവരുടെ ചിത്രരചനയിൽ പൊതുവിൽ വെളിവാകുന്ന സ്ത്രീകളെയും, സിനിമയും സാഹിത്യവുമടക്കം കേരളത്തിലെ സാംസ്കാരികാവിഷ്കാരങ്ങളിലെ പൊതുമണ്ഡലത്തെയും ഒന്നു സൂക്ഷ്മമായി പരിശോധിക്കുക. എന്നിട്ട് പത്മിനിയുടെ ചിത്രഭാഷയിലെ സ്ത്രീകളെയും മനുഷ്യബന്ധങ്ങളെയും സൂക്ഷ്മമായി പരിശോധിക്കുക.
രണ്ടുതരം ഊന്നൽ വ്യതിയാനങ്ങൾ പത്മിനി ചിത്രങ്ങളിലുണ്ട്. ഒന്ന്, അതിൽ മാതൃക്രമങ്ങളുടെ ഒരു ഭഗവതി ലോകമുണ്ട്. കാവുകളും കുളങ്ങളും തലമുറകളും സംരക്ഷിക്കുന്ന ക്രമങ്ങളുടെ ലോകമാണത്. ഉടലും നഗ്നതയും വേറിട്ട് കാണാത്ത ലോകം. നഗ്നത ഉടലിന്റെ പ്രകാശമായിരിക്കുന്ന ലോകം. മദ്രാസ് സ്കൂളിലെ ഫിഗർ ഡ്രോയിംഗ് പഠനത്തിൽ പത്മിനി ശീലിച്ചിരിക്കാവുന്ന 'നൂഡ് പഠന" ത്തെയാകാം ഈ ഭഗവതിക്രമത്തിലേക്ക് അവർ അയത്നമായി പരിണമിപ്പിച്ചത്. മലയാളിക്ക് പരിചിതമായ ചിത്രങ്ങളിലെ പ്രമുഖമായ ശരീരഭാവങ്ങൾ എല്ലാം വരച്ചത് പുരുഷന്മാരാണെന്നത് ഒരു പ്രശ്നമല്ല. പക്ഷേ അവയെല്ലാം 'രതിശരീരം" മാത്രമായി കാണപ്പെടുകയും അത് സ്ത്രീകൾക്ക് അന്യത ജനിപ്പിക്കുന്ന പൊതുമണ്ഡലത്തിലാണ് വിക്ഷേപിക്കപ്പെടുന്നത് എന്നതും വാസ്തവമാണ്. ആ അന്യതയിൽ നിന്നുകൊണ്ടും പുരുഷന്റെ എല്ലാ സ്ത്രീശരീര ചിത്രണത്തെയും അവിശ്വസിക്കുകയോ റദ്ദു ചെയ്യുകയോ ചെയ്യേണ്ടതില്ല. പക്ഷേ പത്മിനി സാമൂഹികമായ കനത്ത അന്യതയിൽ വികസിച്ചു വരുന്ന ആ ഒരു 'സ്ത്രീലോക" ത്തിരുന്നു കൊണ്ടുതന്നെ അതിനെ മറികടന്ന് ! 'ആധുനിക ചിത്രകല"യുടെ 'മദ്രാസ് സ്കൂൾ" ഭാഷ ഉപയോഗിച്ച് മറ്റൊരു ഭഗവതിലോകം ഉണ്ടാക്കി.
'അകത്തമ്മ"മാരോ 'പുറംലോക"ത്ത് വന്ന് ആത്മഹത്യ ചെയ്യുന്നവരോ പിടികൂടപ്പെടുന്നവരോ വേട്ടയാടപ്പെടുന്നവരോ അല്ല പത്മിനിച്ചിത്രങ്ങളിലെ മനുഷ്യർ. അവർ അകംപുറം തിങ്ങിവിങ്ങുന്ന മഹിമാവാർന്ന രൂപങ്ങളാണ്. ആണുപെണ്ണെന്ന ഭേദമില്ലാതെ നദീതീരങ്ങളിൽ പരിരംഭണങ്ങളിൽ ഏർപ്പെടുന്നവർ. ഏതോ ആദിമമായ കമ്മ്യൂണുകളിലാണ് അവരെന്നു തോന്നും. ഏറിയകൂറും അവർ ആധുനിക ഗാർഹികവൃത്തികളിൽ ഏർപ്പെട്ടതായി കാണിക്കപ്പെട്ടവരല്ല. അവരുടെ ഉടൽ വിന്യാസങ്ങളിൽ മറ്റൊരു സിവിൽ ജീവിതത്തിനായുള്ള ആംഗ്യമുണ്ട്. ഇന്നും തീരാത്ത സ്ത്രീകളുടെ സമരങ്ങൾ ഈ ആംഗ്യമാണ് സംസ്കാരത്തിൽ ഉയർത്തുന്നത്.
രണ്ടാമത്തെ ഊന്നൽ വ്യത്യാസം ഇവിടെയാണ്. പത്മിനിച്ചിത്രങ്ങളിലെ മനുഷ്യരിൽ ഭാവനയിലെ മറ്റൊരു പൗരമണ്ഡലത്തിന്റെ കാഴ്ച ഉണ്ട്. പൊതുവെന്നും സ്വകാര്യമെന്നും അകത്തതെന്നും പുറത്തെന്നും ധ്രുവീകൃതമായ ഇടങ്ങളിലല്ല ഇവർ വിഹരിക്കുന്നത്. ആധുനികതാ വിമർശത്തിന്റെ ഒരു ധാര മലയാള സാഹിത്യത്തിലും ഗ്രാഫിക് കാർട്ടൂണുകളിലും വായിച്ചെടുക്കാൻ പ്രേരിപ്പിച്ച ഒ. വി. വിജയന്റേതു പോലെ ഒരു പ്രേരണ ചിത്രകലയിൽ പത്മിനിയും പകരുന്നു.
സ്ത്രീകൾ, കീഴാളർ, ആദിവാസികൾ, തൊഴിലാളികൾ എന്നിങ്ങനെ പലതരം അപരരിലൂടെ സ്വത്വാവിഷ്കാരം നടത്താൻ തുടങ്ങിയ മലയാളി പുരുഷലോകത്തിൽനിന്നും എത്ര വ്യത്യസ്തമായിരുന്നു തൊള്ളായിരത്തി അറുപതുകളിലെ ഒരു ചിത്രകാരിയുടെ പരിചരണങ്ങളും ലോകഭാവനയും! പത്മിനിയുടെ ചിത്രങ്ങളിലെ സ്ത്രീരൂപം നഗ്നതയുടെ വിശദീകരണമല്ല, ചുരുക്കെഴുത്താണ്. ലൈംഗികവൃത്തിയുടെ രതിപരതയേക്കാൾ വ്യത്യസ്തമായ ഒന്നാണ് പരിരംഭണങ്ങളുടെ രതിപരത. അത് അധികാരപരമല്ല, തികച്ചും അനുഭൂതിപരം. അനിയന്ത്രിതമായ ആത്മവിന്യാസം. പരിരക്ഷ. പരിചരണം. ഇരുട്ടിൽ മുനിഞ്ഞു കത്തുന്ന വർണദീപ്തികളുടെ രതിപരതയാണ് പത്മിനിയുടെ ചിത്രങ്ങളിൽ.
പത്മിനിച്ചിത്രങ്ങളിലെ ഈ ആവാസവ്യവസ്ഥകളിൽ ചില മാതൃകാ ഉപവനങ്ങൾ (യുട്ടോപ്പിയകൾ) ഉണ്ട്. അത് ചിത്രകാരി എന്ന ജീവിതതത്വശാസ്ത്രം വികസിപ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ കാൻവാസുകളിൽ ഉണ്ടായി വന്നതാകാം. പക്ഷെ ഇന്ന് ആ മാതൃക്രമങ്ങളിലേക്ക് ഒരു യാത്ര അസാദ്ധ്യവുമായിരിക്കുന്നു. ഒരു വെൽഫെയർ സ്റ്റേറ്റിനെ സ്വപ്നം കാണാൻ കഴിയാത്ത വിധം ആർത്തിയുടെ ഗ്ലോബൽ പൗരമണ്ഡലങ്ങളുടെ (ഹെറ്ററോട്ടോപ്പിക്) വിപുലീകരണങ്ങളിലാണ് ഇന്നത്തെ കേരളത്തിൽ ചിത്രകാരികൾ അവരുടെ സംവാദം തുടരുന്നത്. ഭഗവതിമാരുടെയും മാതൃരൂപങ്ങളുടെയും ആഘോഷം കൊണ്ട് താൻ രാഷ്ട്രീയവത്കരിച്ച പിതൃമേധാവിത്ത ലോകത്താണ് സജിത ശങ്കർ ചിത്രകാരിയായി ജീവിക്കുന്നത്. ഭഗവതിമാരുടെയും മാതൃരൂപങ്ങളുടെയും ലോകത്തിനൊരു മുല ചുരത്തുന്ന പിതൃരൂപം ബദലായി കാണാൻ സിജി കൃഷ്ണന് കഴിയുന്നു. അവർ ഓർമ്മയിൽനിന്നും ഒരു നരവംശം തന്നെ സൃഷ്ടിക്കുന്നു. തന്റെ ജീവിതത്തിന്റെ അരികുകൾ കൊണ്ട് ഒരു പൗരമണ്ഡലം നിർമ്മിക്കാൻ ശോശ ജോസഫിന് കഴിയുന്നു. ആൾക്കൂട്ടത്തെ ഭൂതക്കണ്ണാടിവച്ച് നോക്കുന്നു ജലജമോൾ. സ്ത്രീജീവിത സാഹോദര്യങ്ങൾകൊണ്ട് ജീവിതത്തെ സർഗ്ഗാത്മകമാക്കുന്ന രാധാഗോമതി ക്യുറെറ്ററുമാണ്. ജീവിക്കാനുള്ള ഇടങ്ങളെ മുഴുവൻ ആവേശിച്ച് നിസഹായമാക്കുന്ന ഭയത്തിന്റെ മാരകമായ തിളക്കമെന്തെന്നു രതീദേവിയുടെ ചിത്രങ്ങളിൽ കാണാം. ആണിതറച്ച തലയിണകൾ കൊണ്ടും വസ്തുക്കളുടെ നെഗറ്റീവ് ഇടങ്ങളും ആയിരത്തൊന്നു രാവുകളും ഉത്തേജിപ്പിച്ചും നിജീന നീലാംബരൻ ഒരു ലോകം നിർമ്മിക്കുന്നു. ചിത്ര ഇ.ജിയുടെ ശില്പങ്ങൾ നോക്കുക. അതെ. സ്ത്രീയും പണിയുന്നു, സ്മാരകവലിപ്പത്തിൽ ശില്പം. അർത്ഥം മെനയുന്നതിൽ ശ്രദ്ധിക്കാത്ത കാലിഗ്രാഫിക് എഴുത്തും കവിതയും കൊണ്ട് ഡോണ മയൂരയും OMKV ചിത്രത്തുന്നലുമായി ആയിഷ മഹമൂദും പോലെസോഷ്യൽ മീഡിയയിൽനിന്നും കലാകാരി കർതൃത്വം ഉണ്ടാകുന്നു.
ടി.കെ. പത്മിനി ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. കലാചരിത്രത്തിൽ, ചിത്രഭാഷയിൽ അതൊരു 'നിർമ്മിക്കപ്പെട്ട വഴി" യാണ്. അവരുടെ ഊന്നൽ വ്യതിയാനങ്ങൾ ഇന്നത്തെ ചിത്രകാരികളിലൂടെ തുടരുന്നുണ്ട്.
(ചിത്രകാരിയും ഗവേഷകയുമാണ് ലേഖിക)