തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന തരത്തിൽ പുറത്തുവന്ന സർവേ കോൺഗ്രസിന് ഗുണം ചെയ്തെന്ന് ശശി തരൂർ. ബി.ജെ.പിക്ക് മുൻതൂക്കം പ്രവചിച്ചതോടെ അപകടം മണത്തെ വോട്ടർമാർ കോൺഗ്രസിന് വോട്ടു ചെയ്യാനെത്തിയ പ്രയോജനം സർവേ കൊണ്ടുണ്ടായെന്ന് തരൂർ പറഞ്ഞു. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തോടെ ഇത്തവണ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂർ കൂട്ടിച്ചേർത്തു. പ്രമുഖ മാദ്ധ്യമപ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ സജീവമായില്ലെന്ന് ആരോപണമുയർന്നവർക്കെല്ലാം ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ലെന്നു ശശി തരൂർ എംപി. നേതാക്കൾക്ക് അവരുടേതായ കാര്യങ്ങളുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിനിറങ്ങുന്നില്ലെന്നു പറഞ്ഞു താൻ എ.ഐ.സി.സി.ക്കു പരാതി നൽകിയിട്ടില്ല. അങ്ങനെയൊരു കത്ത് താൻ കണ്ടിട്ടില്ല. പ്രചാരണത്തിന് 6 ആഴ്ച കിട്ടിയതിനാൽ പ്രവർത്തകരെ ഊർജസ്വലരാക്കാൻ കഴിഞ്ഞു. അവസാനത്തെ 3 ആഴ്ച മികച്ച രീതിയിൽ പ്രചാരണം നടന്നു. പ്രീ പോൾ സർവേകൾക്ക് ഒരടിസ്ഥാനവുമില്ല. 10 ലക്ഷം പേർ വോട്ടു ചെയ്യുന്ന മണ്ഡലത്തിലെ 250 പേരോടു ചോദിച്ചാണ് പ്രവചിക്കുന്നത്- തരൂർ പറഞ്ഞു.