തിരുവനന്തപുരം: നടൻ അമീർ ഖാൻ തനിക്ക് ഒന്നരക്കോടിയോളം ഓഫർ ചെയ്‌തിരുന്നെന്നും എന്നാൽ താൻ അത് നിരസിക്കുകയായിരുന്നെന്നും മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. സത്യമേവ ജയതേ എന്ന ചാനൽ പരിപാടിയിൽ പങ്കെടുത്തതിനായിരുന്നുവെന്നും ജേക്കബ് പുന്നൂസ് പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹം മനസു തുറന്നത്.
'അമീർഖാൻ ഇന്റർവ്യൂ ചെയ്‌തത് ഞാൻ റിട്ടയർ ചെയ്‌തതിന് രണ്ട് വർഷം കഴിഞ്ഞായിരുന്നു. അതിന് അദ്ദേഹം എനിക്ക് അന്ന് ഏതാണ്ട് ഒരു കോടി രൂപയോളം തരാമെന്ന് പറഞ്ഞു. ഞാനത് എനിക്കു വേണ്ട കേരളപൊലീസിന് കൊടുക്കാൻ പറഞ്ഞു. എന്നാൽ കേരളപൊലീസ് അത് സ്വീകരിച്ചില്ല. അവർ വാങ്ങിക്കാത്തതു കൊണ്ട് അത് ഐ.ടി.ബി.പിയ്‌ക്ക് പോയി.
അമീർഖാന് ഒരു ഫൗണ്ടേഷനുണ്ട്. സത്യമേവ ജയതേ ഫൗണ്ടേഷൻ. ഓരോ എപ്പിസോഡിനും ഒരു നിശ്‌ചിത എമൗണ്ട്. അദ്ദേഹത്തിന്റെ ഓരോ പ്രോഗ്രാവും വെൽ റിസേർച്ച്‌ഡ് ആണ്. ഒരു റിസർച്ച് ടീമുണ്ട്. അവർ ഇന്ത്യ മുഴുവൻ സന്ദർശിച്ചിട്ട് നല്ല കാര്യങ്ങളെ കുറിച്ച് പഠിക്കാൻ ടീമിനെ അയച്ചു. ഞാൻ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചിരുന്നു. എന്തിനാണ് മിസ്‌റ്റർ ഖാൻ എന്നെ ഇതിലേക്ക് തിരഞ്ഞെടുത്തതെന്ന്. നിങ്ങൾക്ക് എന്നെയും എനിക്ക് നിങ്ങളെയും അറിയില്ല. എന്നിട്ടും എന്തിനാണ് എന്നെ തന്നെ വിളിച്ചത്.
അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. മിസ്‌റ്റർ പുന്നൂസ്, എനിക്കൊരു റിസർച്ച് ടീമുണ്ട്. നിങ്ങളടക്കമുള്ള ഒരുപാട് പൊലീസ് ഉദ്യോഗസ്ഥരുമായി അവർ സംസാരിച്ചിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു. നിങ്ങൾ മാത്രമാണ് അതിന്റെ പ്രതിവിധികൾ പറഞ്ഞത്. അതാണ് നിങ്ങളെ വിളിക്കാൻ കാരണം- ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.