കോഴിക്കോട്: "അറിയിപ്പ്: മുഖദാർ മുഹമ്മദലി കടപ്പുറം മുതൽ കണ്ണംപറമ്പ് പള്ളിവരെയുള്ള ബീച്ച് റോഡിലെ രാത്രി ഭക്ഷണ സാധനങ്ങൾ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ അടച്ചിട്ടത് പോലെ ഈ വർഷവും റംസാൻ മാസത്തിൽ അടച്ചിട്ട് സഹകരിക്കുക". എന്ന് സംയുക്ത രാഷ്ട്രീയ പാർട്ടികളും പള്ളി കമ്മിറ്റികളും. കോഴിക്കോട് കടപ്പുറത്തെ സൗത്ത് ബീച്ച് മുതൽ കോതി പാലം വരെയുള്ള റോഡ് അരികിൽ പ്രത്യക്ഷപ്പെട്ട ബോർഡുകളിലാണ് റംസാൻ മാസത്തിലെ രാത്രി കച്ചവടം നിരോധിച്ച്കൊണ്ടുള്ള മുന്നറിയിപ്പ്. ഇതിനെ എതിർത്തും അനുകൂലിച്ചും ഇന്ന് കേരളമാകെ ചർച്ച നടക്കുകയാണ്.
റംസാൻ മാസത്തിൽ രാത്രിയിൽ തുറന്ന് പ്രവർത്തിക്കുന്ന ഭക്ഷണ സ്ഥാപനങ്ങളെ ലക്ഷ്യം വച്ച് മറ്റ് സ്ഥലങ്ങളിൽ നിന്നും വരുന്ന യാത്രക്കാരെ ഒഴിവാക്കാനാണ് കഴിഞ്ഞ വർഷം മുതൽ ഇത്തരം ബോർഡുകൾ ഇവിടെ പ്രത്യക്ഷപ്പെട്ടത്. മുഖദാർ ജുമാ മസ്ജിദ്, കണ്ണംപറമ്പ് ജുമാ മസ്ജിദ്, അറക്കൽതൊടി മൊയ്തീൻ പള്ളി എന്നീ മൂന്ന് പള്ളി കമ്മിറ്റികളുടെയും സി.പി.എം, കോൺഗ്രസ്സ്, ലീഗ് എന്നീ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് പ്രദേശിക പാർട്ടികളുടെയും നേതൃത്വത്തിലാണ് തീരുമാനം.
# സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ
റംസാൻ മാസത്തിലെ രാത്രി കച്ചവടത്തിന്റെ മറപിടിച്ച് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനാണ് കഴിഞ്ഞ വർഷം മൂന്ന് പള്ളി കമ്മിറ്റികളുടെ നേതൃത്വത്തിൽ കച്ചവടം നിർത്തലാക്കാൻ തീരുമാനം എടുത്തത്. മുഖദാർ മുഹമ്മദലി കടപ്പുറം മുതൽ കണ്ണംപറമ്പ് പള്ളിവരെയുള്ള ഭാഗത്ത് വർഷങ്ങളായി റംസാൻ മാസത്തിൽ പകൽ ഭക്ഷണ കേന്ദ്രങ്ങൾ പ്രവർത്തിക്കാറില്ല. എന്നാൽ രാത്രിയിൽ സജീവമാവുന്ന ഇവിടേക്ക് മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരും നിരവധിയായി എത്തും. ഭക്ഷണം കഴിച്ച് ഇവിടെ തമ്പടിക്കുന്ന ഇത്തരം സംഘങ്ങൾ അർദ്ധരാത്രിയോടെ മദ്യപിച്ച് ബഹളമുണ്ടാക്കുകയും അടിപിടിയിൽ എത്തുകയും ചെയ്യും. കച്ചവട കേന്ദ്രങ്ങളുടെ മറപിടിച്ച് മയക്കുമരുന്ന് വിൽപനയും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്നും പള്ളി കമ്മിറ്റി അംഗങ്ങൾ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനാണ് പള്ളി കമ്മിറ്റി രാത്രി കച്ചവടം ഒഴിവാക്കണമെന്ന് പറയുന്നത്. രാത്രി നിസ്കാരത്തിന് വരാതെ കച്ചവടത്തിലേക്ക് തിരിയുന്ന ചെറുപ്പക്കാരെ പള്ളിയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യവുമുണ്ട്.
"വർഷത്തിലെ 11 മാസം കച്ചവടം ചെയ്യുന്നതിനെയും എതിർക്കുന്നില്ല. സാമൂഹ്യവിരുദ്ധരെ അകറ്റാനാണ് റംസാൻ മാസം കച്ചവടം ഒഴിവാക്കാൻ ആവശ്യപ്പെടുന്നത്. കുട്ടികൾ വഴി തെറ്റരുത് എന്ന ഉദ്ദേശ്യം മാത്രം മുന്നിൽ വെച്ചാണ് പള്ളി കമ്മിറ്റിയുടെ ഈ തീരുമാനം".
- എൻ.വി സാദത്ത് (പള്ളി കമ്മിറ്റി അംഗം)
# അന്നംമുട്ടി കച്ചവടക്കാർ
എന്നാൽ റംസാൻ കാലം കടകൾ അടച്ചിടുന്നതോടെ അന്നംമുട്ടുമെന്ന് ഇവിടുത്തെ കച്ചവടക്കാർ പറയുന്നു. റംസാൻ മാസത്തിൽ പകൽ കടകൾ തുറക്കാത്തതിനാൽ രാത്രിയിലെ കച്ചവടം മാത്രമാണ് ആശ്രയം. ഇത്തരം കച്ചവടങ്ങൾ കൊണ്ടു മാത്രം ജീവിക്കുന്നവരാണ് പലരും.
കഴിഞ്ഞ വർഷം കടകൾ അടച്ചിട്ടപ്പോൾ നോമ്പും പെരുന്നാളും കഴിഞ്ഞുകൂടുന്നതിനു് പ്രയാസമായിരുന്നു. കച്ചവടക്കാരെല്ലാം ചേർന്ന് കഴിഞ്ഞ മാസം 16ന് പള്ളി കമ്മിറ്റി മുഖേന പരാതി നൽകിയെങ്കിലും ഇത്തവണയും മാറ്റമുണ്ടായില്ല. പരാതി നൽകിയതിന്റെ രണ്ടാം ദിവസം മറ്റ് അറിയിപ്പുകളൊന്നുമില്ലാതെ റോഡ് സൈഡിൽ ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു. സോഷ്യൽ മീഡിയകളിൽ പ്രശ്നം വന്നതോടെയാണ് രേഖാമൂലം മറുപടി നൽകാൻ പള്ളി കമ്മിറ്റി തയ്യാറായതെന്ന് കച്ചവടക്കാർ പറയുന്നു.
"രാത്രിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നവരെ തടയുന്നതിന് പകരം കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ് ചെയ്യുന്നത്. വാങ്ങി സൂക്ഷിച്ച സാധനങ്ങളെല്ലാം ഇതോടെ ഉപയോഗശൂന്യമാവും. വലിയ ബുദ്ധിമുട്ടിലേക്കാണ് ഇത് എത്തിക്കുന്നത്. കുടുംബം കഴിഞ്ഞ് കൂടാൻ തന്നെ വലിയ പ്രയാസമാവും".
- സുഹറ (കച്ചവടക്കാരി)